Wednesday, January 29, 2014

സൈബര്‍ ഇടത്തിലെ പുതുകവിത       മനോജ് കുറൂർ




ചങ്ങനാശ്ശേരി എന്‍ എസ് എസ് ഹിന്ദു കോളേജിലെ മലയാളവിഭാഗത്തിന്റെ സാഹിത്യസാംസ്കാരികവേദിയായ പ്രജ്ഞാപഥം ജനുവരി എട്ടാം തീയതി സംഘടിപ്പിച്ച ‘സൈബര്‍ ഇടത്തിലെ പുതുകവിത’ എന്ന പരിപാടിയില്‍ പുതുതലമുറയിലെ ഒരു ഡസനിലേറെ കവികള്‍ ഒത്തുചേര്‍ന്നു. പങ്കെടുത്തവര്‍ പലരും ഇത്തരത്തിലൊന്ന് ആദ്യം എന്നു പറഞ്ഞതു കേട്ടപ്പോള്‍ സംഘാടകര്‍ക്ക് സന്തോഷവും അഭിമാനവും തോന്നിയെന്നത് എടുത്തുപറയാതെ വയ്യ. സൈബര്‍ ഇടത്തില്‍ അടുത്ത സുഹൃത്തുക്കളായ പലരും നേരില്‍ കാണുന്നതുതന്നെ ആദ്യമായിരുന്നു. പങ്കെടുത്ത എല്ലാവരും സൈബര്‍ ഇടവുമായി നടത്തിയ സര്‍ഗാത്മകമായ കൊടുക്കല്‍‌വാങ്ങലുകളും ഈ ഇടം തങ്ങള്‍ക്കു നല്‍കിയ സ്വാതന്ത്ര്യവും സ്വാഭാവികമായ ചില പരിമിതികളുമെല്ലാം സ്വാനുഭവത്തിന്റെ പശ്ചാത്തലത്തില്‍ വിവരിക്കുകയും കവിത ചൊല്ലുകയും ചെയ്തു.

ഈ പരിപാടിക്കായി മൂന്നു ദിവസം അവധിയെടുത്ത് വയനാട്ടില്‍‌നിന്നെത്തിയ എത്തിയ വിഷ്ണുപ്രസാദിനോടുള്ള കടപ്പാട് ഒരു നന്ദിവാക്കില്‍ ഒതുക്കുന്നില്ല. സൈബര്‍ കവിതയുടെ ചരിത്രവും അതില്‍ കാലാകാലങ്ങളായി നടന്ന പരീക്ഷണങ്ങളുടെ സ്വഭാവവും വിഷ്ണുപ്രസാദ് വിവരിച്ചു. തുടര്‍ന്നു സംസാരിച്ച നിരഞ്ജന്‍ ചെറുപ്പകാലത്തെ കാമ്പസ് രാഷ്ട്രീയപ്രവര്‍ത്തനവും അതിനുവന്ന കാലികമായ പരിവര്‍ത്തനവും സൈബര്‍ ഇടത്തിന്റെ രാഷ്ട്രീയവുമാണ് വിഷയമാക്കിയത്. കുഴൂര്‍ വിത്സണ്‍ സംസാരിക്കുകയും കവിത ചൊല്ലുകയും മാത്രമല്ല പരിപാടിയുടെ മോഡറേറ്റര്‍ എന്ന ഉത്തരവാദിത്വം കൂടി ഭംഗിയായി നിര്‍വഹിച്ചു. സൈബര്‍ കവിതയെപ്പറ്റി ഗവേഷണം നടത്തുന്ന കണ്ണൂര്‍ മാടായി കോളേജിലെ അധ്യാപിക സിന്ധു കെ. വി. ഈ ഇടത്തിലെ സ്ത്രീസാന്നിധ്യത്തെയും സൌഹൃദങ്ങളെയും പറ്റി സ്വാനുഭവത്തിന് ഊന്നല്‍ നല്‍കി വിവരിച്ചു. സൈബര്‍ ഇടത്തിലെ കവിതകളുടെ ധാരാളിത്തം ചില പ്രതിസന്ധികളും സൃഷ്ടിക്കുന്നു എന്ന എസ് കലേഷിന്റെ അഭിപ്രായം കാര്യമായ ചര്‍ച്ചയ്ക്കു വഴിതുറന്നു.

ഉച്ചതിരിഞ്ഞ് ആദ്യം സംസാരിച്ച സെറീന ബ്ലോഗുകള്‍ മുതല്‍ ഫേസ്‌ബുക്ക് വരെ സ്ത്രീകള്‍ക്കു തുറന്നുകൊടുത്ത വിശാലമായ ആവിഷ്കാരപരിസരത്തെപ്പറ്റിയും സ്ത്രീകവിതയുടെ പ്രസക്തിയെപ്പറ്റിയുമാണു സംസാരിച്ചത്. കവിയും ചിത്രകാരനും ജെ എന്‍ യു വില്‍ ഗവേഷണവിദ്യാര്‍ത്ഥിയും കൂടിയായ സുധീഷ് കോട്ടേമ്പ്രം കേരളത്തില്‍ ഉണ്ടാവില്ല എന്നാണു കരുതിയത്. സുധീഷ് എത്തിച്ചേരുകയും സൈബര്‍ കവിതയെപ്പറ്റി ആഴമുള്ള നിരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തത് ആഹ്ലാദിപ്പിച്ചു. അക്കാദമികമായ പദാവലികളില്‍നിന്നു വിട്ട് സൈബര്‍ ഇടം തന്നെ കവിതയിലേക്കെത്തിച്ചതെങ്ങനെ എന്നു വിവരിച്ച ഉമാ രാജീവിന്റെ ലളിതവും ജീവിതഗന്ധിയുമായ വിശദീകരണം ഏറെ ആകര്‍ഷകമായി. തന്റെ കവിതയെക്കാള്‍ സൈബര്‍ ഇടത്തില്‍ പരിചയപ്പെട്ട മറ്റു കവിതകളെക്കുറിച്ചു സംസാരിച്ച എം ജി രവികുമാര്‍ പുതുകവിതയുടെ സാധ്യതകളും പ്രതിസന്ധികളുമെന്തെന്നു വ്യക്തമാക്കി. തൊണ്ണൂ‍ൂറുകളില്‍നിന്ന് പുതിയ നൂറ്റാണ്ടിലെത്തുമ്പോള്‍ കവിതയ്ക്ക് എന്തു സംഭവിച്ചു എന്നാണ് എം ആര്‍ വിഷ്ണുപ്രസാദ് സംവാദാത്മകമായി അന്വേഷിച്ചത്. അക്കാദമിക് ജാര്‍ഗണുകള്‍ ഒഴിവാക്കിക്കൊണ്ട് എ ഹരിശങ്കര്‍ കര്‍ത്താ പുതുകവിതയുടെ ആവിഷ്കാരപരിസരത്തെക്കുറിച്ചുള്ള വിചാരങ്ങള്‍ സരസമായി പങ്കുവച്ചു. കോളേജിലെ മലയാളം എം എ വിദ്യാര്‍ത്ഥിയും സമീപകാലത്ത് സൈബര്‍ ഇടത്തില്‍ ശ്രദ്ധേയനുമായ രാഹുല്‍ ഗോവിന്ദും സ്വന്തം കവിത അവതരിപ്പിച്ചു.

രാഷ്ട്രദീപികയുടെ എഡിറ്ററും കവിയുമായ സന്ദീപ് സലിം ഈ പരിപാടിയോട് ആത്മാര്‍ത്ഥമായിത്തന്നെ സഹകരിച്ചു. പങ്കെടുത്തവരെല്ലാം സ്വന്തം കവിതകള്‍ ചൊല്ലിയത് പുതുകവിതയുടെ സ്വഭാവവും അതിന്റെ വൈവിധ്യവുമെന്തെന്നറിയാന്‍ ഏറെ സഹായകമായി. യാദൃച്ഛികമായി എത്തിച്ചേര്‍ന്ന എസ് കണ്ണനും സ്വന്തം കവിത അവതരിപ്പിച്ചു. മലയാളവിഭാഗം മേധാവി എസ്. രാജലക്ഷ്മി നന്ദി പറഞ്ഞു.

ഡി സി ബുക്സ് പ്രസിദ്ധീകരണവിഭാഗം മാനേജര്‍ എ വി ശ്രീകുമാര്‍, സൈബര്‍ ഇടത്തിലെ സജീവസാന്നിധ്യമായ ജിക്കു വര്‍ഗീസ്, എസ്. ബി കോളേജില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ ഈ പരിപാടിയെക്കുറിച്ചറിഞ്ഞ് എത്തിച്ചേര്‍ന്നവര്‍ പലരുമുണ്ട്. കിലുക്കാംപെട്ടി എന്ന ബ്ലോഗിലൂടെ ഇ ഇടത്തിൽ ശ്രദ്ധേയയായ ഉഷാശ്രീയുടെ മുഴുവൻ സമയ സാന്നിധ്യവും ഉണ്ടായിരുന്നു. മറ്റു ഡിപ്പാര്‍ട്ട്മെന്റുകളിലെ അധ്യാപകരും പരിപാടിയില്‍ പലപ്പോഴായി പങ്കെടുത്തു. കോളേജ് പ്രിന്‍സിപ്പല്‍ ജഗദീഷ് ചന്ദ്രന്റെ സാന്നിധ്യവുമുണ്ടായിരുന്നു. ഈ പരിപാടി സംഘടിപ്പിക്കുന്നതിന് ഏറെ വിയര്‍പ്പൊഴുക്കിയ ഒരാള്‍ മലയാളവിഭാഗം അധ്യാപകനായ ബി രവികുമാറാണ്. പങ്കെടുത്തവര്‍ക്ക് ആതിഥ്യം നല്‍കിയ ചരിത്രവിഭാഗം അധ്യാപകന്‍ ഇ ബി സുരേഷ് കുമാറിനെ ഔപചാരികമായ നന്ദിപ്രകടനത്തില്‍നിന്ന് ഒഴിവാക്കുകയല്ലാതെ നിവൃത്തിയില്ല.

ബ്ലോഗ് തുടങ്ങാനും തങ്ങള്‍ എഴുതിയത് സൈബര്‍ ഇടത്തില്‍ പങ്കുവയ്ക്കാനുമുള്ള സാധ്യതകള്‍ വിദ്യാര്‍ത്ഥീവിദ്യാര്‍ത്ഥിനികള്‍ അന്വേഷിച്ചതിന്റെ ആവേശം മാത്രം കണക്കിലെടുത്താല്‍ ഒരു പകല്‍ നീണ്ട ഈ പരിപാടി നല്‍കിയ ഊര്‍ജ്ജമെന്തെന്നു വ്യക്തമാകും. പരിപാടി ആരംഭിച്ചപ്പോഴുണ്ടായ സന്തോഷം അത് അവസാനിക്കുമ്പോഴേക്കും പല മടങ്ങു വലുതായി എന്നുമാത്രം പറയട്ടെ.

കലയുടെ ദേശവും ചരിത്രവും വ്യാകരണവും സൌന്ദര്യശാസ്ത്രവും ചര്‍ച്ച ചെയ്ത സെമിനാര്‍

ചങ്ങനാശ്ശേരി എന്‍. എസ്. എസ്. ഹിന്ദു കോളേജ് മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ ഒരു കഥകളി സെമിനാര്‍ നടന്നു. കലയുടെ ദേശവും ചരിത്രവും വ്യാകരണവും സൌന്ദര്യശാസ്ത്രവും ചര്‍ച്ച ചെയ്ത സെമിനാര്‍ മികച്ച ഒരനുഭവമായിരുന്നു.

കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജഗദീഷ് ചന്ദ്രന്‍ ആണ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. ചങ്ങനാശ്ശേരിയില്‍ത്തന്നെയുള്ള വാഴപ്പള്ളി ആണ് അദ്ദേഹത്തിന്റെ സ്വദേശം. വാഴപ്പള്ളി ശാസനം, 12 വര്‍ഷത്തിലൊരിക്കല്‍ അവിടെ കല്‍ക്കുളത്തുകാവില്‍ നടക്കുന്ന ‘മുടിയെടുപ്പ്’ എന്ന അനുഷ്ഠാനം, വാഴപ്പള്ളിയുടെ കഥകളിപാരമ്പര്യം, ആസ്വാദനശീലം എന്നിവ സൂചിപ്പിക്കുന്ന ഒന്നാംതരം ഒരു ആമുഖമാണ് അദ്ദേഹം നല്‍കിയത്.

തുടര്‍ന്നു സംസാരിച്ച ചരിത്രവിഭാഗം അധ്യാപകന്‍ ഡോ. ഇ. ബി. സുരേഷ് കുമാര്‍ (Sureshkumar EB) കോട്ടയം കോവിലകത്തിന്റെയും കോട്ടയത്തു തമ്പുരാന്റെയും ചരിത്രം വിശദമായിത്തന്നെ അവതരിപ്പിച്ചു. കോട്ടയത്തു തമ്പുരാനും പഴശ്ശിരാജയും ഒരാളാണെന്ന ചിലരുടെ അഭിപ്രായത്തെ ഖണ്ഡിച്ചുകൊണ്ട് ഇരുവരുടെയും ജീവിതകാലങ്ങള്‍ തമ്മില്‍ ഒരു നൂറ്റാണ്ടോളം അകലമുണ്ടെന്ന് ചരിത്രരേഖകളുടെ പിന്‍‌ബലത്തോടെ അദ്ദേഹം സ്ഥാപിച്ചു. കോലത്തുനാടിന്റെ ചരിത്രത്തില്‍ ഗവേഷണബിരുദം നേടിയ അദ്ദേഹത്തിന്റെ മറ്റൊരു പ്രധാനനിരീക്ഷണവും കൌതുകകരമായിരുന്നു. യൂറോപ്യന്‍ ശക്തികളുടെ ആഗമനം, വ്യാ‍പാരബന്ധങ്ങള്‍, നാട്ടുരാജ്യങ്ങളുടെമേല്‍ അധികാരം നേടാനുള്ള ശ്രമങ്ങള്‍ എന്നിവയൊക്കെക്കൊണ്ട് കലുഷിതമായ രാഷ്ട്രീയ-സാംസ്കാരികാന്തരീക്ഷത്തില്‍ കോട്ടയത്തു തമ്പുരാന്‍ മഹാഭാരതത്തിലെ കഥാപാത്രങ്ങളെ സാധുജനസംരക്ഷകരും വീരന്മാരും ധര്‍മ്മനിഷ്ഠയുള്ളവരുമായി അവതരിപ്പിച്ചതിന് സവിശേഷമായ രാഷ്ട്രീയലക്ഷ്യമുണ്ടെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.

മുഖ്യപ്രഭാഷണം നടത്തിയത് രാജകുമാരി എന്‍. എസ്. എസ്. കോളേജ് പ്രിന്‍സിപ്പലും കലാനിരൂപകനുമായ ഡോ. കെ. എന്‍. വിശ്വനാഥന്‍ നായര്‍ ( Viswanathan Nair)ആയിരുന്നു. കോട്ടയം കഥകളില്‍ ഗവേഷണബിരുദം നേടിയ അദ്ദേഹം കിര്‍മ്മീരവധം കഥയുടെ വ്യാകരണവും സൌന്ദര്യശാസ്ത്രവുമെന്തെന്ന് വ്യക്തമാക്കി. അനുഭവം എന്ന നിലയിലും രൂപകം എന്ന നിലയിലും കിര്‍മ്മീരവധം കഥയില്‍ ആദ്യന്തമുള്ള തീയും ചൂടും എന്തെന്ന് കാവ്യാത്മകമായി വിശദീകരിച്ചതാണ് അദ്ദേഹത്തിന്റെ പ്രഭാഷണത്തിലെ ഏറ്റവും ശ്രദ്ധേയഭാഗമായി തോന്നിയത്. സിംഹിക മുതലായ കല്പിതകഥാപാത്രങ്ങളുടെ സൃഷ്ടിച്ചുകൊണ്ടും കളരിയുടെ വ്യാകരണവും അരങ്ങിന്റെ സൌന്ദര്യശാസ്ത്രവും രൂപപ്പെടുത്തിക്കൊണ്ടും കിര്‍മ്മീരവധം കഥയില്‍ കോട്ടയത്തു തമ്പുരാന്‍ ആവിഷ്കരിച്ച കലാസങ്കേതങ്ങളുടെയും സാഹിത്യത്തിന്റെയും സ്വഭാവമെന്തെന്ന് അദ്ദേഹം സാമാന്യമായി പറഞ്ഞുവച്ചു.

ചങ്ങനാശ്ശേരി എസ്. ബി. കോളേജ് സംസ്കൃതവിഭാഗം അധ്യാപകനും കഥകളി നടനുമായ ഡോ. ഇ. എന്‍. നാരായണന്‍ ( Narayanan En) കിര്‍മ്മീരവധത്തിന്റെ ആട്ടപ്രകാരത്തെപ്പറ്റിയാണു സംസാരിച്ചത്. ഇതിനായി ഡോ. നാരായണന്‍തന്നെ പ്രധാനകഥാപാത്രമായ ധര്‍മ്മപുത്രരെ അവതരിപ്പിച്ച വീഡിയോയും സംഘാടകര്‍ ഒരുക്കിയിരുന്നു. തന്റെതന്നെ വേഷത്തെ അടിസ്ഥാനമാക്കി സംസാരിക്കേണ്ടി വന്നതിലുള്ള ഒരു വിമുഖത നാരായണന് ഉണ്ടായിരുന്നുവെങ്കിലും കിര്‍മ്മീരവധത്തിലെ ധര്‍മ്മപുത്രരുടെ പാത്രസ്വഭാവം, കഥയുടെ അവതരണക്രമം, അതിനുള്ള സങ്കേതങ്ങള്‍ എന്നിവയെപ്പറ്റി കഥകളി വീഡിയോയുടെ പ്രദര്‍ശനത്തോടൊപ്പംതന്നെ വിശദീകരിച്ചത് ആകര്‍ഷകമായ അനുഭവമായിരുന്നു.

എടുത്തു പറയാനുള്ള മറ്റൊരു കാര്യം തൃപ്പൂണിത്തുറ പൂര്‍ണത്രയീശക്ഷേത്രത്തില്‍ നടന്ന കഥകളിയുടെ ആ വീഡിയോയെപ്പറ്റിയാണ്. ആര്‍. എല്‍. വി. ദാമോദരപ്പിഷാരടിയില്‍നിന്നു പ്രാഥമികശിക്ഷണം നേടിയ നാരായണനെ ധര്‍മ്മപുത്രരുടെ വേഷം ചൊല്ലിയാടിച്ചത് ശ്രീ. കലാമണ്ഡലം ഇ. വാസുവാണ്. അതുകൊണ്ടുതന്നെ ധര്‍മ്മപുത്രരുടെ അവതരണത്തില്‍ അടുത്ത കാലത്തുണ്ടായ ചില പ്രവണതകളെ നിരാകരിച്ചുകൊണ്ടാണ് നാരായണന്‍ ആ വേഷം അവതരിപ്പിച്ചത്. നിലയുള്ള വേഷം, ഒതുക്കമുള്ള മുദ്രാഭിനയം, മിതത്വം സൂക്ഷിച്ച ഭാവാഭിനയം, സവിശേഷമായ പാത്രബോധം എന്നിവ നാരായണന്റെ വേഷത്തിന്റെ പ്രത്യേകതകളായിത്തോന്നി. ഹരിപ്രിയ നമ്പൂതിരിയുടെ പാഞ്ചാലി, ആര്‍. എല്‍. വി. പ്രമോദിന്റെ ധൌമ്യന്‍, കഥകളി ചെണ്ടകലാകാരനായ ഗോപീകൃഷ്ണന്‍ തമ്പുരാന്റെ മകള്‍ സുഭദ്രാ വര്‍മ്മയുടെ സൂര്യന്‍, കലാമണ്ഡലം കരുണാകരന്റെ മകളും ശിഷ്യയുമായ അഡ്വ. രഞ്ജിനി സുരേഷിന്റെ ശ്രീകൃഷ്ണന്‍ എന്നിവരുടെ അവതരണവും മികച്ചുനിന്നു. കലാമണ്ഡലം ബാബു നമ്പൂതിരിയുടെ സംഗീതം ഈ അവതരണത്തിനു നല്‍കിയ പിന്തുണ എടുത്തുപറയേണ്ടതാണ്. കാലപ്രമാണം ദീക്ഷിച്ചുകൊണ്ടുതന്നെ ഭാവാത്മകവുമായുള്ള ആലാപനം കഥകളി അവതരണത്തിന് സവിശേഷമായ ഭംഗി നല്‍കി. ആര്‍. എല്‍. വി. രാജേഷ് ബാബുവും അര്‍ജ്ജുന്‍ രാജും സഹഗായകരെന്ന നിലയില്‍ ബാബുവിനെ നന്നായി സപ്പോര്‍ട്ട് ചെയ്തു. കലാമണ്ഡലം രാമന്‍ നമ്പൂതിരി ചെണ്ടയില്‍ നല്‍കിയ ഉറച്ച പിന്തുണ വേഷാവതരണത്തില്‍ നാരായണനെ നന്നായി സഹായിച്ചിട്ടുണ്ടാവണം. കലാമണ്ഡലം പ്രകാശിന്റെ മദ്ദളവും വാദനമികവു പുലര്‍ത്തി.

ചുരുക്കത്തില്‍ സംവാദാത്മകമായ ചര്‍ച്ചയും മികച്ച ഒരു രംഗാവതരണവും ചേര്‍ന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാനായത് വളരെ സന്തോഷം തരുന്നു. ഇതു പങ്കുവയ്ക്കേണ്ടത് എന്റെ ധര്‍മ്മമായും കരുതുന്നു. 
 
മനോജ് കുറൂർ

Monday, September 9, 2013

അയ്യപ്പൻതീയാട്ട് ( കേശാദിപാദസ്തുതി )


പീലിചേർന്നു വിളങ്ങും പൊന്മുടിതൊഴുന്നേൻ
ഫലത്തിൽ മിന്നും നല്ല തിലകം കൈ തൊഴുന്നേൻ
വില്ലിനെ വെല്ലും നല്ല ചില്ലികൾ തൊഴുന്നേൻ
അല്ലിത്താരിനോടൊത്ത നയനങ്ങൾ തൊഴുന്നേൻ
എള്ളിൻപൂവിനോടൊത്ത തിരുനാസ തൊഴുന്നേൻ
അല്ലിത്താരിനോടൊത്ത നയനങ്ങൾ തൊഴുന്നേൻ
ബന്ധൂക കുസുമസമ,മധരവും തൊഴുന്നേൻ
വെണ്മുത്തിൻ തരമൊത്ത തിരുദന്തം തൊഴുന്നേൻ
വെണ്ണിലാവിനെ വെല്ലും സ്മിതവും കൈ തൊഴുന്നേൻ
കറുത്തതാടിയും മീശക്കൊടിയിണ തൊഴുന്നേൻ
കഴുത്തിൽ പൊന്മണിമാല കുഴലാരം തൊഴുന്നേൻ
വില്ലും ശരവുംചേർന്ന തിരുക്കൈകൾ തൊഴുന്നേൻ
നല്ലൊരു വിരിമാറുമുദരവും തൊഴുന്നേൻ
നീലപ്പട്ടുടയാട പൊൻ കാഞ്ചി തൊഴുന്നേൻ
ചേലെഴും പുറവടി വിരലും കൈതൊഴുന്നേൻ
താളത്തിലിണങ്ങുന്ന ചിൽമ്പൊലി തൊഴുന്നേൻ
മേളത്തിൽ വിലസുന്ന തിരുനൃത്തം തൊഴുന്നേൻ
മുടിതൊട്ടിങ്ങടിയോളം ഉടൽ കണ്ടു തൊഴുന്നേൻ
ഹരിഹരസുതനെ ഞാനടിയോളം തൊഴുന്നേൻ


ഭദ്രകാളിത്തീയാട്ട് (പാദാദികേശസ്തുതി )


ചെമ്പൊന്നിൻ പുറവടി വിരലോ കൈതൊഴുന്നേൻ
ചേവടിത്തളിരോ കാൽവിരൽചെപ്പു തൊഴുന്നേൻ
തുമ്പിക്കൈ തരമൊത്ത തിരുത്തുട തൊഴുന്നേൻ
തുകിൽ പട്ടിന്മറമെൽ പൊന്നുടഞാണും തൊഴുന്നേൻ
അരയാലിന്റിലയൊത്തോരുദരം കൈതൊഴുന്നേൻ
അലർശർവടിവോ മൽച്ചുഴിവോ കൈതൊഴുന്നേൻ

മേരുക്കുന്നിനെ വെന്ന തിരുമുല തൊഴുന്നേൻ
മേളം താലിയോ മാർവ്വിൽ മണിമാലതൊഴുന്നേൻ
തൃക്കൈകൊണ്ടിളകും നാന്ദകം വാളുതൊഴുന്നേൻ
തെളിവിൽ വട്ടകശൂലം തലയോ കൈതഴുന്നേൻ
കുരലാരങ്ങളും പാമ്പും കളികണ്ടു തൊഴുന്നേൻ

കുഴകാതിലണിഞ്ഞ കുണ്ഡലം കുംഭി തൊഴുന്നേൻ
വളഞ്ഞുള്ളോരെകിറൊ പല്ലൊടു നാവു തൊഴുന്നേൻ
വട്ടക്കണ്ണൊടുനെറ്റി കനൽക്കണ്ണു തൊഴുന്നേൺ
മുട്ടച്ചാന്തണിയുന്ന തിരുനെറ്റി തൊഴുന്നേൻ
വണ്ടിൻ ചായലോടൊത്ത കുറുനിര തൊഴുന്നേൺ

വട്ടത്തിൽ വിളങ്ങുന്ന തിരുമുഖം തൊഴുന്നേൻ
മഴക്കാറൊടിരുളൊത്ത തിരുമുടി തൊഴുന്നേൻ
അടിയിന്നു മുടിയോളമുടൽകണ്ടു തൊഴുന്നേൻ
അഴലേരും ഭഗവതിയെ ദിവസം കൈ തൊഴുന്നേൻ







Saturday, July 7, 2012

വാക്കേ വാക്കേ...

 വാക്കേ വാക്കേ....

നൂറു വാക്കുകള്‍ കൂടിയേ നാവിനുള്ളെന്നറിഞ്ഞാല്‍ 
എന്താവും കാര്യം?
പിശുക്കനായ കച്ചവടക്കാരനെപ്പോലെ ഓരോ വാക്കും
തൂക്കിയളന്നു നോക്കും,.

എവിടെ വേണ്ട,എവിടെ ഒരു തലയാട്ട്,
എവിടെ വിരലുകളുടെ നീക്കം..,
 ഇറക്കം....

കൈതച്ചക്ക,മഞ്ഞ്,മുളകുപാടം,ചാറ്റല്‍മഴ,വെയില്‍
എന്നിങ്ങനെ തെറിച്ചു നില്‍ക്കുന്ന 
കുറച്ചു വാക്കുകളാദ്യമേ  വിളിച്ചു കൂവും,
ചിലപ്പോള്‍ നിശബ്ദതയിലേക്ക്....
ആര്‍ത്തി തീരാതെ ഓര്‍മ്മകളിലേക്ക് തലയിടും....

മൌനത്തിന്‍റെയാഴം വന്നു പൊതിഞ്ഞു വീര്‍പ്പുമുട്ടിക്കും...,
ഒരു പുലയാട്ടോ, വിലകെട്ട വളിപ്പോ
നിരത്തി നുണഞ്ഞിരിക്കാന്‍.... വല്ലാതെ,

കടല്‍, മഴക്കോള്, മണല്‍ത്തരി, കുരുമുളക്...
ഇങ്ങനെ ഉടുത്തൊരുങ്ങിയ വാക്കുകള്‍ വന്നുമുട്ടിവിളിക്കും..

അത്ര വിലപ്പെട്ടയൊന്നെത്തും വരെ...
തൊണ്ണൂറ്റിയൊന്‍പതാമത്തെ വാക്കിന്‍റെ വക്കത്ത്..
തടിക്കു കയ്യും കൊടുത്ത്‌........

രാഹുൽ .ജി
 

Friday, July 6, 2012

Mathrubhoomi weekly

പത്മപ്രിയയുടെ  കവിത 
മാതൃഭൂമി  ആഴ്ച്ച പ്പതിപ്പ്‌    july 8

Tuesday, July 3, 2012

തുവാല,വെളിച്ചം,രാത്രി....അങ്ങനെപോകുന്നു....


1.തുവാല,വെളിച്ചം,രാത്രി....അങ്ങനെപോകുന്നു....

ചുവന്ന  തുവാലയിലെ നെടുകെയുള്ള  മുന്നു വരകള്‍.
ഒന്നിലൂടെ പകലും രാത്രിയും ബാസ്സോടുന്നുണ്ട്...
വിളക്കുമരത്തിന്‍റെ ചുവട്ടില്‍  ഇറ്റ്‌ ഇറ്റ്‌ വീഴുന്ന 
വെളിച്ചത്തെ ഒരു പത്രക്കടലാസില്‍ പൊതിഞ്ഞെടുത്തു 
ഇരുട്ടത്തിരുന്നഴിച്ച് കൂട്ടുകാരിക്ക് കൊടുത്തു.

കലണ്ടറിലില്ലാത്ത ദിവസത്തിലേക്ക് കയറിപ്പോകുന്ന ബസ്‌റൂട്ട്
വൈകിവന്നിറങ്ങുമ്പോള്‍ വഴി തെറ്റാതിരിക്കാനാണവള്‍ക്ക്
പത്രക്കടലാസില്‍ പൊതിഞ്ഞ വെളിച്ചം.

"കപ്പയിലകള്‍ക്കടിയിലെ ചിലന്തിവലയില്‍ കുടുങ്ങിക്കിടക്കുന്ന കാറ്റ് "
എന്നു തുടങ്ങുന്ന കവിത വായിച്ചുകൊണ്ടിരുന്നപ്പോഴാണു
നെടുകെയുള്ള വരയില്‍  നിന്നും ബസ്‌ മറിഞ്ഞ്

2. ഒരിലയും.....

ഒരിലയും അവര്‍ത്തിക്കുന്നില്ല, ഒരു വേരും, ഒരു പൂവും...
ഓരോ തവണയും ഇത്ര സൂക്ഷ്മത...
ഇങ്ങനെ പുതിയതാവാന്‍  ഇവയൊക്കെ എന്തുമാത്രം കഷ്ടപ്പെടുന്നുണ്ടാവും.,
അല്ലെങ്കില്‍ തന്നെ  ആരും തൊടാത്തൊരു വാക്കിനുവേണ്ടി  ഞാന്‍  വെറുതെ കുറെ സമയം
കളഞ്ഞതാണല്ലോ....

രാഹുൽ. ജി
ബി.ഏ. മലയാളം  അവസാനവർഷം




ശ്രീജിത് വി.റ്റി. ഇങ്ങനെ വായിക്കുന്നു

hanky, lamps, night...so it goes
three lines across
on the red hanky
buses are plying through one
day and night...

packed a beam of light
dripping under the lamp post
in a piece of newspaper
unwrapped and gifted to my girl

a bus rout that climbs into
a day not marked in calendar

the packed light in the pulp
is to guide her when she alights
late in the night

and it was then, when I was reading the poem
beginning with " the wind that got trapped
in the spider's web among the tapioca leaves
that the bus toppled and...