Friday, July 11, 2014

ബഷീര്‍ അനുസ്മരണം






ബഷീർ പറയുമ്പോലെ മധുരസുരഭിലമായ ഒരു സുന്ദരദിവസം കടന്നു പോയി.കുട്ടികൾ പറയുന്നതു കേൾക്കാൻ ചെവിയോർത്തുകൊണ്ട് അങ്ങനെ ഇരുന്നു കൊടുത്തു. അനന്തമായ സമയം അല്ലാഹുവിന്റെ ഖജനാവിൽ മാത്രമേ യുള്ളുവെന്ന് കാലവുമായി ബന്ധപ്പെടുത്തി കുട്ടികളെ ഓർമ്മപ്പെടുത്തിക്കൊണ്ട് ചെറുകഥാകൃത്ത് ഉണ്ണികൃഷ്ണൻ കളീക്കൽ ബഷീറിനെപ്പറ്റി പറഞ്ഞു തുടങ്ങി. ഭൗതികശാസ്ത്രാ ധ്യാപകനായ ഉണ്ണികൃഷണൻ തിയറി ഓഫ് ഖയോസു മായി ബഷീറിനെ ചേർത്തു വായിച്ചു..അദൃശ്യമായ ചില സംവേദന ങ്ങളിലൂടെ അറിയാതെ രചനകൾ ഉണ്ടാവുന്നതും അനിശ്ചിത ത്വവും പ്രവചനാതീതമായ സംഭവങ്ങളും കഥാ ലോകത്തി ലെങ്ങനെ പ്രകടമകുന്നുവെന്നതും ബഷീറിലൂടെ അദ്ദേഹം കാണിച്ചുതന്നു.ഡുവൽ നേച്ചർ ഓഫ് മാറ്റർ കുട്ടികൾക്ക് ഇമ്മിണി ബല്യഒന്നിലൂടെ ബോധ്യപ്പെടുത്താനും ഉണ്ണിക്കൃഷണനു സാധിച്ചു. ആ വൺനസ്സ് കുട്ടികളും ആസ്വദിച്ചു. തൊണ്ണൂറുകളിൽ മതൃഭൂമി ആഴ്ചപ്പതിപ്പിലും കഥ ദ്വൈവാരികയിലും കളിക്കൽ ഉണ്ണികൃഷണൻ സജീവമായിരുന്നു. കാലൊച്ച, നിശ്ശബ്ദനായ ഇര, ഞാൻ - ശത്രു, അരയന്നങ്ങളുടെ കൂട്ടുകാരൻ, മഹാസാക്ഷിയായ ഗംഗ തുടങ്ങിയ കഥകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗവേഷകനായും അദ്ധ്യാപകനായും വിദേശത്തും സ്വദേശത്തും തിരക്കായതോടെ ആ കഥാകാരനെ നമുക്കു നഷ്ടമായി. എങ്കിലും ഞങ്ങളുടെ സഹപ്രവർത്തകനായ ഡോ. ഉണ്ണികൃഷണന്റെ (അസോ. പ്രൊഫസർ, ഫിസിക്സ് വിഭാഗം) ഇന്നത്തെ ചാരുതയാർന്ന വാക്കുകൾ ഒരു തിരിച്ചുവരവിന്റെ സൂചനയായിരുന്നു...... 


പിന്നീട് കുട്ടികളുടെ കൂട്ടപ്പൊരിച്ചിൽ..!
സങ്കതി കുശാൽ ..മംഗളം.!




Wednesday, January 29, 2014

ആധുനികമലയാളകവിതയും ഭാഷയും


ആധുനികമലയാളകവിതയും ഭാഷയും

 മലയാളം എം. എ. വിദ്യാര്‍ത്ഥികള്‍ക്കായി ‘ആധുനികമലയാളകവിതയും ഭാഷയും’ എന്ന വിഷയത്തില്‍ കേരള സര്‍വകലാശാല മലയാളവിഭാഗം മേധാവി ഡോ. സി. ആര്‍. പ്രസാദ് സംസാരിച്ചു. ജനങ്ങള്‍ക്കപരിചിതമായ ആധുനികകാവ്യഭാഷയില്‍നിന്ന് വായനക്കാരോടു ചേര്‍ന്നുനിന്നു സംവദിക്കാന്‍ ശ്രമിക്കുന്ന ആധുനികാനന്തരകാവ്യഭാഷയ്ക്കുള്ള വ്യത്യാസമെ ന്തെന്നാണ് പ്രസാദ് അന്വേഷിച്ചത്. കവിതയില്‍ ഓര്‍ത്തുവയ്ക്കാവുന്ന വരികളുണ്ടാവുക എന്നതല്ല പുതിയ കവിത ലക്ഷ്യമാക്കുന്നതെന്നും ജീവിതത്തോടു പരമാവധി ചേര്‍ന്നുനില്‍ക്കുകയെന്നതാണ് അതിന്റെ സ്വഭാവമെന്നും അദ്ദേഹം നിരീക്ഷിച്ചു. ഈ പ്രത്യേകത തിരിച്ചറിയാതെ പരമ്പരാഗതമായ സമീപനരീതി പിന്തുടരുന്നതുകൊണ്ടാണ് പുതുകവിതയുടെ ‘കാവ്യഗുണ’ത്തില്‍ ചിലര്‍ സംശയം പ്രകടിപ്പിക്കുന്നതെന്നു പ്രസാദ് വാദിച്ചത് കൂടുതല്‍ ചര്‍ച്ചയ്ക്കുള്ള ഒരു ഇടം തുറന്നുതരുന്നതായി തോന്നി.
                                                                                                                                 മനോജ് കുറൂർ



പുലയൻ പുറപ്പാട്

അക്കാദമികതലത്തിൽ നാടോടിനാടകങ്ങളായി പരിചയപ്പെടുത്തുന്നത് ശിവനും പാർവ്വതിയും കാളിയും ദാരികനും കാലനും മറ്റും പ്രത്യക്ഷപ്പെടുന്ന,..ക്ലാസിക്പാരമ്പര്യം പുലർത്തുന്ന ഏതാനും നാടകങ്ങളെ മാത്രമാണ്. എം.ജി.യൂണിവേഴ്സിറ്റി മലയാളം ബിരുദാനന്തരബിരുദ പഠനത്തിന്റെ ഭാഗമായി നാട്ടരങ്ങിൽനിന്നും ഒരു നാടകം കണ്ടെത്തി .. പുലയൻ പുറപ്പാട്....സിലബസിൽ ചേർത്തത് ഇതിനൊരപവാദം. പഠനത്തിൻന്റെ ഭാഗമായി നാടകം ക്ലാസ് റൂമിലെത്തിയപ്പോൾ.

സൈബര്‍ ഇടത്തിലെ പുതുകവിത       മനോജ് കുറൂർ




ചങ്ങനാശ്ശേരി എന്‍ എസ് എസ് ഹിന്ദു കോളേജിലെ മലയാളവിഭാഗത്തിന്റെ സാഹിത്യസാംസ്കാരികവേദിയായ പ്രജ്ഞാപഥം ജനുവരി എട്ടാം തീയതി സംഘടിപ്പിച്ച ‘സൈബര്‍ ഇടത്തിലെ പുതുകവിത’ എന്ന പരിപാടിയില്‍ പുതുതലമുറയിലെ ഒരു ഡസനിലേറെ കവികള്‍ ഒത്തുചേര്‍ന്നു. പങ്കെടുത്തവര്‍ പലരും ഇത്തരത്തിലൊന്ന് ആദ്യം എന്നു പറഞ്ഞതു കേട്ടപ്പോള്‍ സംഘാടകര്‍ക്ക് സന്തോഷവും അഭിമാനവും തോന്നിയെന്നത് എടുത്തുപറയാതെ വയ്യ. സൈബര്‍ ഇടത്തില്‍ അടുത്ത സുഹൃത്തുക്കളായ പലരും നേരില്‍ കാണുന്നതുതന്നെ ആദ്യമായിരുന്നു. പങ്കെടുത്ത എല്ലാവരും സൈബര്‍ ഇടവുമായി നടത്തിയ സര്‍ഗാത്മകമായ കൊടുക്കല്‍‌വാങ്ങലുകളും ഈ ഇടം തങ്ങള്‍ക്കു നല്‍കിയ സ്വാതന്ത്ര്യവും സ്വാഭാവികമായ ചില പരിമിതികളുമെല്ലാം സ്വാനുഭവത്തിന്റെ പശ്ചാത്തലത്തില്‍ വിവരിക്കുകയും കവിത ചൊല്ലുകയും ചെയ്തു.

ഈ പരിപാടിക്കായി മൂന്നു ദിവസം അവധിയെടുത്ത് വയനാട്ടില്‍‌നിന്നെത്തിയ എത്തിയ വിഷ്ണുപ്രസാദിനോടുള്ള കടപ്പാട് ഒരു നന്ദിവാക്കില്‍ ഒതുക്കുന്നില്ല. സൈബര്‍ കവിതയുടെ ചരിത്രവും അതില്‍ കാലാകാലങ്ങളായി നടന്ന പരീക്ഷണങ്ങളുടെ സ്വഭാവവും വിഷ്ണുപ്രസാദ് വിവരിച്ചു. തുടര്‍ന്നു സംസാരിച്ച നിരഞ്ജന്‍ ചെറുപ്പകാലത്തെ കാമ്പസ് രാഷ്ട്രീയപ്രവര്‍ത്തനവും അതിനുവന്ന കാലികമായ പരിവര്‍ത്തനവും സൈബര്‍ ഇടത്തിന്റെ രാഷ്ട്രീയവുമാണ് വിഷയമാക്കിയത്. കുഴൂര്‍ വിത്സണ്‍ സംസാരിക്കുകയും കവിത ചൊല്ലുകയും മാത്രമല്ല പരിപാടിയുടെ മോഡറേറ്റര്‍ എന്ന ഉത്തരവാദിത്വം കൂടി ഭംഗിയായി നിര്‍വഹിച്ചു. സൈബര്‍ കവിതയെപ്പറ്റി ഗവേഷണം നടത്തുന്ന കണ്ണൂര്‍ മാടായി കോളേജിലെ അധ്യാപിക സിന്ധു കെ. വി. ഈ ഇടത്തിലെ സ്ത്രീസാന്നിധ്യത്തെയും സൌഹൃദങ്ങളെയും പറ്റി സ്വാനുഭവത്തിന് ഊന്നല്‍ നല്‍കി വിവരിച്ചു. സൈബര്‍ ഇടത്തിലെ കവിതകളുടെ ധാരാളിത്തം ചില പ്രതിസന്ധികളും സൃഷ്ടിക്കുന്നു എന്ന എസ് കലേഷിന്റെ അഭിപ്രായം കാര്യമായ ചര്‍ച്ചയ്ക്കു വഴിതുറന്നു.

ഉച്ചതിരിഞ്ഞ് ആദ്യം സംസാരിച്ച സെറീന ബ്ലോഗുകള്‍ മുതല്‍ ഫേസ്‌ബുക്ക് വരെ സ്ത്രീകള്‍ക്കു തുറന്നുകൊടുത്ത വിശാലമായ ആവിഷ്കാരപരിസരത്തെപ്പറ്റിയും സ്ത്രീകവിതയുടെ പ്രസക്തിയെപ്പറ്റിയുമാണു സംസാരിച്ചത്. കവിയും ചിത്രകാരനും ജെ എന്‍ യു വില്‍ ഗവേഷണവിദ്യാര്‍ത്ഥിയും കൂടിയായ സുധീഷ് കോട്ടേമ്പ്രം കേരളത്തില്‍ ഉണ്ടാവില്ല എന്നാണു കരുതിയത്. സുധീഷ് എത്തിച്ചേരുകയും സൈബര്‍ കവിതയെപ്പറ്റി ആഴമുള്ള നിരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തത് ആഹ്ലാദിപ്പിച്ചു. അക്കാദമികമായ പദാവലികളില്‍നിന്നു വിട്ട് സൈബര്‍ ഇടം തന്നെ കവിതയിലേക്കെത്തിച്ചതെങ്ങനെ എന്നു വിവരിച്ച ഉമാ രാജീവിന്റെ ലളിതവും ജീവിതഗന്ധിയുമായ വിശദീകരണം ഏറെ ആകര്‍ഷകമായി. തന്റെ കവിതയെക്കാള്‍ സൈബര്‍ ഇടത്തില്‍ പരിചയപ്പെട്ട മറ്റു കവിതകളെക്കുറിച്ചു സംസാരിച്ച എം ജി രവികുമാര്‍ പുതുകവിതയുടെ സാധ്യതകളും പ്രതിസന്ധികളുമെന്തെന്നു വ്യക്തമാക്കി. തൊണ്ണൂ‍ൂറുകളില്‍നിന്ന് പുതിയ നൂറ്റാണ്ടിലെത്തുമ്പോള്‍ കവിതയ്ക്ക് എന്തു സംഭവിച്ചു എന്നാണ് എം ആര്‍ വിഷ്ണുപ്രസാദ് സംവാദാത്മകമായി അന്വേഷിച്ചത്. അക്കാദമിക് ജാര്‍ഗണുകള്‍ ഒഴിവാക്കിക്കൊണ്ട് എ ഹരിശങ്കര്‍ കര്‍ത്താ പുതുകവിതയുടെ ആവിഷ്കാരപരിസരത്തെക്കുറിച്ചുള്ള വിചാരങ്ങള്‍ സരസമായി പങ്കുവച്ചു. കോളേജിലെ മലയാളം എം എ വിദ്യാര്‍ത്ഥിയും സമീപകാലത്ത് സൈബര്‍ ഇടത്തില്‍ ശ്രദ്ധേയനുമായ രാഹുല്‍ ഗോവിന്ദും സ്വന്തം കവിത അവതരിപ്പിച്ചു.

രാഷ്ട്രദീപികയുടെ എഡിറ്ററും കവിയുമായ സന്ദീപ് സലിം ഈ പരിപാടിയോട് ആത്മാര്‍ത്ഥമായിത്തന്നെ സഹകരിച്ചു. പങ്കെടുത്തവരെല്ലാം സ്വന്തം കവിതകള്‍ ചൊല്ലിയത് പുതുകവിതയുടെ സ്വഭാവവും അതിന്റെ വൈവിധ്യവുമെന്തെന്നറിയാന്‍ ഏറെ സഹായകമായി. യാദൃച്ഛികമായി എത്തിച്ചേര്‍ന്ന എസ് കണ്ണനും സ്വന്തം കവിത അവതരിപ്പിച്ചു. മലയാളവിഭാഗം മേധാവി എസ്. രാജലക്ഷ്മി നന്ദി പറഞ്ഞു.

ഡി സി ബുക്സ് പ്രസിദ്ധീകരണവിഭാഗം മാനേജര്‍ എ വി ശ്രീകുമാര്‍, സൈബര്‍ ഇടത്തിലെ സജീവസാന്നിധ്യമായ ജിക്കു വര്‍ഗീസ്, എസ്. ബി കോളേജില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ ഈ പരിപാടിയെക്കുറിച്ചറിഞ്ഞ് എത്തിച്ചേര്‍ന്നവര്‍ പലരുമുണ്ട്. കിലുക്കാംപെട്ടി എന്ന ബ്ലോഗിലൂടെ ഇ ഇടത്തിൽ ശ്രദ്ധേയയായ ഉഷാശ്രീയുടെ മുഴുവൻ സമയ സാന്നിധ്യവും ഉണ്ടായിരുന്നു. മറ്റു ഡിപ്പാര്‍ട്ട്മെന്റുകളിലെ അധ്യാപകരും പരിപാടിയില്‍ പലപ്പോഴായി പങ്കെടുത്തു. കോളേജ് പ്രിന്‍സിപ്പല്‍ ജഗദീഷ് ചന്ദ്രന്റെ സാന്നിധ്യവുമുണ്ടായിരുന്നു. ഈ പരിപാടി സംഘടിപ്പിക്കുന്നതിന് ഏറെ വിയര്‍പ്പൊഴുക്കിയ ഒരാള്‍ മലയാളവിഭാഗം അധ്യാപകനായ ബി രവികുമാറാണ്. പങ്കെടുത്തവര്‍ക്ക് ആതിഥ്യം നല്‍കിയ ചരിത്രവിഭാഗം അധ്യാപകന്‍ ഇ ബി സുരേഷ് കുമാറിനെ ഔപചാരികമായ നന്ദിപ്രകടനത്തില്‍നിന്ന് ഒഴിവാക്കുകയല്ലാതെ നിവൃത്തിയില്ല.

ബ്ലോഗ് തുടങ്ങാനും തങ്ങള്‍ എഴുതിയത് സൈബര്‍ ഇടത്തില്‍ പങ്കുവയ്ക്കാനുമുള്ള സാധ്യതകള്‍ വിദ്യാര്‍ത്ഥീവിദ്യാര്‍ത്ഥിനികള്‍ അന്വേഷിച്ചതിന്റെ ആവേശം മാത്രം കണക്കിലെടുത്താല്‍ ഒരു പകല്‍ നീണ്ട ഈ പരിപാടി നല്‍കിയ ഊര്‍ജ്ജമെന്തെന്നു വ്യക്തമാകും. പരിപാടി ആരംഭിച്ചപ്പോഴുണ്ടായ സന്തോഷം അത് അവസാനിക്കുമ്പോഴേക്കും പല മടങ്ങു വലുതായി എന്നുമാത്രം പറയട്ടെ.

കലയുടെ ദേശവും ചരിത്രവും വ്യാകരണവും സൌന്ദര്യശാസ്ത്രവും ചര്‍ച്ച ചെയ്ത സെമിനാര്‍

ചങ്ങനാശ്ശേരി എന്‍. എസ്. എസ്. ഹിന്ദു കോളേജ് മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ ഒരു കഥകളി സെമിനാര്‍ നടന്നു. കലയുടെ ദേശവും ചരിത്രവും വ്യാകരണവും സൌന്ദര്യശാസ്ത്രവും ചര്‍ച്ച ചെയ്ത സെമിനാര്‍ മികച്ച ഒരനുഭവമായിരുന്നു.

കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജഗദീഷ് ചന്ദ്രന്‍ ആണ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. ചങ്ങനാശ്ശേരിയില്‍ത്തന്നെയുള്ള വാഴപ്പള്ളി ആണ് അദ്ദേഹത്തിന്റെ സ്വദേശം. വാഴപ്പള്ളി ശാസനം, 12 വര്‍ഷത്തിലൊരിക്കല്‍ അവിടെ കല്‍ക്കുളത്തുകാവില്‍ നടക്കുന്ന ‘മുടിയെടുപ്പ്’ എന്ന അനുഷ്ഠാനം, വാഴപ്പള്ളിയുടെ കഥകളിപാരമ്പര്യം, ആസ്വാദനശീലം എന്നിവ സൂചിപ്പിക്കുന്ന ഒന്നാംതരം ഒരു ആമുഖമാണ് അദ്ദേഹം നല്‍കിയത്.

തുടര്‍ന്നു സംസാരിച്ച ചരിത്രവിഭാഗം അധ്യാപകന്‍ ഡോ. ഇ. ബി. സുരേഷ് കുമാര്‍ (Sureshkumar EB) കോട്ടയം കോവിലകത്തിന്റെയും കോട്ടയത്തു തമ്പുരാന്റെയും ചരിത്രം വിശദമായിത്തന്നെ അവതരിപ്പിച്ചു. കോട്ടയത്തു തമ്പുരാനും പഴശ്ശിരാജയും ഒരാളാണെന്ന ചിലരുടെ അഭിപ്രായത്തെ ഖണ്ഡിച്ചുകൊണ്ട് ഇരുവരുടെയും ജീവിതകാലങ്ങള്‍ തമ്മില്‍ ഒരു നൂറ്റാണ്ടോളം അകലമുണ്ടെന്ന് ചരിത്രരേഖകളുടെ പിന്‍‌ബലത്തോടെ അദ്ദേഹം സ്ഥാപിച്ചു. കോലത്തുനാടിന്റെ ചരിത്രത്തില്‍ ഗവേഷണബിരുദം നേടിയ അദ്ദേഹത്തിന്റെ മറ്റൊരു പ്രധാനനിരീക്ഷണവും കൌതുകകരമായിരുന്നു. യൂറോപ്യന്‍ ശക്തികളുടെ ആഗമനം, വ്യാ‍പാരബന്ധങ്ങള്‍, നാട്ടുരാജ്യങ്ങളുടെമേല്‍ അധികാരം നേടാനുള്ള ശ്രമങ്ങള്‍ എന്നിവയൊക്കെക്കൊണ്ട് കലുഷിതമായ രാഷ്ട്രീയ-സാംസ്കാരികാന്തരീക്ഷത്തില്‍ കോട്ടയത്തു തമ്പുരാന്‍ മഹാഭാരതത്തിലെ കഥാപാത്രങ്ങളെ സാധുജനസംരക്ഷകരും വീരന്മാരും ധര്‍മ്മനിഷ്ഠയുള്ളവരുമായി അവതരിപ്പിച്ചതിന് സവിശേഷമായ രാഷ്ട്രീയലക്ഷ്യമുണ്ടെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.

മുഖ്യപ്രഭാഷണം നടത്തിയത് രാജകുമാരി എന്‍. എസ്. എസ്. കോളേജ് പ്രിന്‍സിപ്പലും കലാനിരൂപകനുമായ ഡോ. കെ. എന്‍. വിശ്വനാഥന്‍ നായര്‍ ( Viswanathan Nair)ആയിരുന്നു. കോട്ടയം കഥകളില്‍ ഗവേഷണബിരുദം നേടിയ അദ്ദേഹം കിര്‍മ്മീരവധം കഥയുടെ വ്യാകരണവും സൌന്ദര്യശാസ്ത്രവുമെന്തെന്ന് വ്യക്തമാക്കി. അനുഭവം എന്ന നിലയിലും രൂപകം എന്ന നിലയിലും കിര്‍മ്മീരവധം കഥയില്‍ ആദ്യന്തമുള്ള തീയും ചൂടും എന്തെന്ന് കാവ്യാത്മകമായി വിശദീകരിച്ചതാണ് അദ്ദേഹത്തിന്റെ പ്രഭാഷണത്തിലെ ഏറ്റവും ശ്രദ്ധേയഭാഗമായി തോന്നിയത്. സിംഹിക മുതലായ കല്പിതകഥാപാത്രങ്ങളുടെ സൃഷ്ടിച്ചുകൊണ്ടും കളരിയുടെ വ്യാകരണവും അരങ്ങിന്റെ സൌന്ദര്യശാസ്ത്രവും രൂപപ്പെടുത്തിക്കൊണ്ടും കിര്‍മ്മീരവധം കഥയില്‍ കോട്ടയത്തു തമ്പുരാന്‍ ആവിഷ്കരിച്ച കലാസങ്കേതങ്ങളുടെയും സാഹിത്യത്തിന്റെയും സ്വഭാവമെന്തെന്ന് അദ്ദേഹം സാമാന്യമായി പറഞ്ഞുവച്ചു.

ചങ്ങനാശ്ശേരി എസ്. ബി. കോളേജ് സംസ്കൃതവിഭാഗം അധ്യാപകനും കഥകളി നടനുമായ ഡോ. ഇ. എന്‍. നാരായണന്‍ ( Narayanan En) കിര്‍മ്മീരവധത്തിന്റെ ആട്ടപ്രകാരത്തെപ്പറ്റിയാണു സംസാരിച്ചത്. ഇതിനായി ഡോ. നാരായണന്‍തന്നെ പ്രധാനകഥാപാത്രമായ ധര്‍മ്മപുത്രരെ അവതരിപ്പിച്ച വീഡിയോയും സംഘാടകര്‍ ഒരുക്കിയിരുന്നു. തന്റെതന്നെ വേഷത്തെ അടിസ്ഥാനമാക്കി സംസാരിക്കേണ്ടി വന്നതിലുള്ള ഒരു വിമുഖത നാരായണന് ഉണ്ടായിരുന്നുവെങ്കിലും കിര്‍മ്മീരവധത്തിലെ ധര്‍മ്മപുത്രരുടെ പാത്രസ്വഭാവം, കഥയുടെ അവതരണക്രമം, അതിനുള്ള സങ്കേതങ്ങള്‍ എന്നിവയെപ്പറ്റി കഥകളി വീഡിയോയുടെ പ്രദര്‍ശനത്തോടൊപ്പംതന്നെ വിശദീകരിച്ചത് ആകര്‍ഷകമായ അനുഭവമായിരുന്നു.

എടുത്തു പറയാനുള്ള മറ്റൊരു കാര്യം തൃപ്പൂണിത്തുറ പൂര്‍ണത്രയീശക്ഷേത്രത്തില്‍ നടന്ന കഥകളിയുടെ ആ വീഡിയോയെപ്പറ്റിയാണ്. ആര്‍. എല്‍. വി. ദാമോദരപ്പിഷാരടിയില്‍നിന്നു പ്രാഥമികശിക്ഷണം നേടിയ നാരായണനെ ധര്‍മ്മപുത്രരുടെ വേഷം ചൊല്ലിയാടിച്ചത് ശ്രീ. കലാമണ്ഡലം ഇ. വാസുവാണ്. അതുകൊണ്ടുതന്നെ ധര്‍മ്മപുത്രരുടെ അവതരണത്തില്‍ അടുത്ത കാലത്തുണ്ടായ ചില പ്രവണതകളെ നിരാകരിച്ചുകൊണ്ടാണ് നാരായണന്‍ ആ വേഷം അവതരിപ്പിച്ചത്. നിലയുള്ള വേഷം, ഒതുക്കമുള്ള മുദ്രാഭിനയം, മിതത്വം സൂക്ഷിച്ച ഭാവാഭിനയം, സവിശേഷമായ പാത്രബോധം എന്നിവ നാരായണന്റെ വേഷത്തിന്റെ പ്രത്യേകതകളായിത്തോന്നി. ഹരിപ്രിയ നമ്പൂതിരിയുടെ പാഞ്ചാലി, ആര്‍. എല്‍. വി. പ്രമോദിന്റെ ധൌമ്യന്‍, കഥകളി ചെണ്ടകലാകാരനായ ഗോപീകൃഷ്ണന്‍ തമ്പുരാന്റെ മകള്‍ സുഭദ്രാ വര്‍മ്മയുടെ സൂര്യന്‍, കലാമണ്ഡലം കരുണാകരന്റെ മകളും ശിഷ്യയുമായ അഡ്വ. രഞ്ജിനി സുരേഷിന്റെ ശ്രീകൃഷ്ണന്‍ എന്നിവരുടെ അവതരണവും മികച്ചുനിന്നു. കലാമണ്ഡലം ബാബു നമ്പൂതിരിയുടെ സംഗീതം ഈ അവതരണത്തിനു നല്‍കിയ പിന്തുണ എടുത്തുപറയേണ്ടതാണ്. കാലപ്രമാണം ദീക്ഷിച്ചുകൊണ്ടുതന്നെ ഭാവാത്മകവുമായുള്ള ആലാപനം കഥകളി അവതരണത്തിന് സവിശേഷമായ ഭംഗി നല്‍കി. ആര്‍. എല്‍. വി. രാജേഷ് ബാബുവും അര്‍ജ്ജുന്‍ രാജും സഹഗായകരെന്ന നിലയില്‍ ബാബുവിനെ നന്നായി സപ്പോര്‍ട്ട് ചെയ്തു. കലാമണ്ഡലം രാമന്‍ നമ്പൂതിരി ചെണ്ടയില്‍ നല്‍കിയ ഉറച്ച പിന്തുണ വേഷാവതരണത്തില്‍ നാരായണനെ നന്നായി സഹായിച്ചിട്ടുണ്ടാവണം. കലാമണ്ഡലം പ്രകാശിന്റെ മദ്ദളവും വാദനമികവു പുലര്‍ത്തി.

ചുരുക്കത്തില്‍ സംവാദാത്മകമായ ചര്‍ച്ചയും മികച്ച ഒരു രംഗാവതരണവും ചേര്‍ന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാനായത് വളരെ സന്തോഷം തരുന്നു. ഇതു പങ്കുവയ്ക്കേണ്ടത് എന്റെ ധര്‍മ്മമായും കരുതുന്നു. 
 
മനോജ് കുറൂർ

Monday, September 9, 2013

അയ്യപ്പൻതീയാട്ട് ( കേശാദിപാദസ്തുതി )


പീലിചേർന്നു വിളങ്ങും പൊന്മുടിതൊഴുന്നേൻ
ഫലത്തിൽ മിന്നും നല്ല തിലകം കൈ തൊഴുന്നേൻ
വില്ലിനെ വെല്ലും നല്ല ചില്ലികൾ തൊഴുന്നേൻ
അല്ലിത്താരിനോടൊത്ത നയനങ്ങൾ തൊഴുന്നേൻ
എള്ളിൻപൂവിനോടൊത്ത തിരുനാസ തൊഴുന്നേൻ
അല്ലിത്താരിനോടൊത്ത നയനങ്ങൾ തൊഴുന്നേൻ
ബന്ധൂക കുസുമസമ,മധരവും തൊഴുന്നേൻ
വെണ്മുത്തിൻ തരമൊത്ത തിരുദന്തം തൊഴുന്നേൻ
വെണ്ണിലാവിനെ വെല്ലും സ്മിതവും കൈ തൊഴുന്നേൻ
കറുത്തതാടിയും മീശക്കൊടിയിണ തൊഴുന്നേൻ
കഴുത്തിൽ പൊന്മണിമാല കുഴലാരം തൊഴുന്നേൻ
വില്ലും ശരവുംചേർന്ന തിരുക്കൈകൾ തൊഴുന്നേൻ
നല്ലൊരു വിരിമാറുമുദരവും തൊഴുന്നേൻ
നീലപ്പട്ടുടയാട പൊൻ കാഞ്ചി തൊഴുന്നേൻ
ചേലെഴും പുറവടി വിരലും കൈതൊഴുന്നേൻ
താളത്തിലിണങ്ങുന്ന ചിൽമ്പൊലി തൊഴുന്നേൻ
മേളത്തിൽ വിലസുന്ന തിരുനൃത്തം തൊഴുന്നേൻ
മുടിതൊട്ടിങ്ങടിയോളം ഉടൽ കണ്ടു തൊഴുന്നേൻ
ഹരിഹരസുതനെ ഞാനടിയോളം തൊഴുന്നേൻ


ഭദ്രകാളിത്തീയാട്ട് (പാദാദികേശസ്തുതി )


ചെമ്പൊന്നിൻ പുറവടി വിരലോ കൈതൊഴുന്നേൻ
ചേവടിത്തളിരോ കാൽവിരൽചെപ്പു തൊഴുന്നേൻ
തുമ്പിക്കൈ തരമൊത്ത തിരുത്തുട തൊഴുന്നേൻ
തുകിൽ പട്ടിന്മറമെൽ പൊന്നുടഞാണും തൊഴുന്നേൻ
അരയാലിന്റിലയൊത്തോരുദരം കൈതൊഴുന്നേൻ
അലർശർവടിവോ മൽച്ചുഴിവോ കൈതൊഴുന്നേൻ

മേരുക്കുന്നിനെ വെന്ന തിരുമുല തൊഴുന്നേൻ
മേളം താലിയോ മാർവ്വിൽ മണിമാലതൊഴുന്നേൻ
തൃക്കൈകൊണ്ടിളകും നാന്ദകം വാളുതൊഴുന്നേൻ
തെളിവിൽ വട്ടകശൂലം തലയോ കൈതഴുന്നേൻ
കുരലാരങ്ങളും പാമ്പും കളികണ്ടു തൊഴുന്നേൻ

കുഴകാതിലണിഞ്ഞ കുണ്ഡലം കുംഭി തൊഴുന്നേൻ
വളഞ്ഞുള്ളോരെകിറൊ പല്ലൊടു നാവു തൊഴുന്നേൻ
വട്ടക്കണ്ണൊടുനെറ്റി കനൽക്കണ്ണു തൊഴുന്നേൺ
മുട്ടച്ചാന്തണിയുന്ന തിരുനെറ്റി തൊഴുന്നേൻ
വണ്ടിൻ ചായലോടൊത്ത കുറുനിര തൊഴുന്നേൺ

വട്ടത്തിൽ വിളങ്ങുന്ന തിരുമുഖം തൊഴുന്നേൻ
മഴക്കാറൊടിരുളൊത്ത തിരുമുടി തൊഴുന്നേൻ
അടിയിന്നു മുടിയോളമുടൽകണ്ടു തൊഴുന്നേൻ
അഴലേരും ഭഗവതിയെ ദിവസം കൈ തൊഴുന്നേൻ