Saturday, February 28, 2015

രംഗകലയും സാഹിത്യവും ദേശീയ സെമിനാര്‍


രംഗകലയും സാഹിത്യവും ദേശീയ സെമിനാര്‍ 


അങ്ങനെ കോളേജ് കലാലയമായി

കലാശാല, കലാലയം എന്നൊക്കെയാണ് കോളേജിനെ മലയാളത്തില്‍ പറയാറുള്ളത്. ഈ വിളിപ്പേരിനു കാരണമറിയില്ല. സാധാരണ പറയുന്ന അര്‍ത്ഥത്തിലുള്ള കലയും ഇന്നത്തെ കലാലയവുമായി കടലും കടലാടിയും തമ്മിലുള്ള ബന്ധമാണ് തോന്നാറുള്ളത്. സാഹിത്യവും കലയും പാഠ്യപദ്ധതിയുടെ ഭാഗമായി കൈകാര്യം ചെയ്യാറുണ്ടെന്നതു ശരിതന്നെ. എങ്കിലും അതിനു പരിമിതികളേറെയുണ്ട്. സോദാഹരണപ്രഭാഷണവും കലാവതരണവും കലാപ്രവര്‍ത്തകരുടെ പങ്കാളിത്തവുമൊക്കെയുണ്ടാവുമ്പോഴാണ് കലയ്ക്കു ജീവനുണ്ടാവുക. തൊഴിലിന്റെ ഭാഗമായി കലയെക്കുറിച്ചു സംസാരിക്കുന്ന പതിവുപരിപാടിക്കപ്പുറം കലയുടെ ജീവന്‍ തിരിച്ചുകിട്ടുന്നത് നിറഞ്ഞ സന്തോഷത്തോടെ അനുഭവിക്കുകയായിരുന്നു ഇന്നലെയും ഇന്നും.

ഇന്നലെയും ഇന്നും നാളെയുമായി ചങ്ങനാശ്ശേരി എന്‍ എസ് എസ് ഹിന്ദു കോളേജില്‍ മലയാളവിഭാഗത്തിന്റെ സാഹിത്യസാംസ്കാരികവേദിയായ പ്രജ്ഞാപഥത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സെമിനാറിനെക്കുറിച്ചാണു പറഞ്ഞുവന്നത്. 'രംഗകലയും സാഹിത്യവു'മാണ് വിഷയം. ഇന്നലെ രാവിലെകോളേജ് ഓഡിറ്റോറിയത്തിലെത്തുമ്പോള്‍ നിലത്തു കളമെഴുത്തും പാട്ടിനുള്ള വലിയൊരു കളം. കോളേജിലെ ജീവനക്കാരന്‍കൂടിയായ വാഴപ്പള്ളി പി കെ ശ്രീകുമാറാണ് മനോഹരമായ കളമെഴുതിയത് എന്നറിഞ്ഞപ്പോള്‍ അദ്ഭുതവും സന്തോഷവും ഇരട്ടിച്ചു. അപ്പോഴേക്കും സോപാനസംഗീതകലാകാരനായ കാവാലം വിനോദ് കുമാര്‍ എത്തി. ചലച്ചിത്രഗാനരചയിതാവും സുഹൃത്തുമായ ബി ആര്‍ പ്രസാദ് ഒരിക്കല്‍ വീട്ടില്‍ വന്നപ്പോള്‍ വിനോദ് കുമാറിനെക്കുറിച്ച് ആവേശത്തോടെ സംസാരിക്കുകയും ഞാന്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് അര മണിക്കൂറോളം സംസാരിക്കുകയും ചെയ്തിരുന്നു. സോപാനസംഗീതത്തിനുപയോഗിക്കുന്ന രാഗങ്ങളെക്കുറിച്ച് അവയുടെ സ്വരഘടനയുള്‍പ്പെടെ അദ്ദേഹം അന്നു പറഞ്ഞുതന്നപ്പോള്‍ മുതല്‍ നേരിട്ടു പരിചയപ്പെടാന്‍ കാത്തിരിക്കുകയായിരുന്നു. സോപാനസംഗീതം എന്നു പറയാറുണ്ടെങ്കിലും അതിന്റെ സാങ്കേതികവശങ്ങളെക്കുറിച്ചു ധാരണയുള്ളവര്‍തന്നെ കുറവാണ്. രാഗലക്ഷണവും രാഗവ്യത്യാസവുമൊക്കെ ഇന്ന് ഇതുപോലെ മറ്റാര്‍ക്കെങ്കിലും അറിയുമോ എന്നുതന്നെ സംശയമാണ് എന്നുകൂടി ഓര്‍മ്മിച്ചാലേ ഈ ചെറുപ്പക്കാരന്റെ പ്രസക്തി മനസ്സിലാവുകയുള്ളു. കളമെഴുതുന്നതില്‍ ശ്രീകുമാറിനുള്ള വൈദഗ്ദ്ധ്യത്തെക്കുറിച്ച് വിനോദ് കുമാര്‍ വാചാലനാവുകയും ചെയ്തു. അങ്ങനെ അദ്ദേഹവുമായി സംസാരിച്ചു നില്ക്കുമ്പോഴേക്കും ഉദ്ഘാടനസമ്മേളനം തുടങ്ങിയിരുന്നു.

മലയാളവിഭാഗം അധ്യക്ഷ ഡോ. രാജലക്ഷ്മി, കോളേജ് പ്രിന്‍സിപ്പല്‍ രാമചന്ദ്രന്‍ പിള്ള, സിന്‍ഡിക്കേറ്റ് അംഗം കെ വി നാരായണക്കുറുപ്പ്, സെമിനാര്‍ കോ-ഓര്‍ഡിനേറ്റര്‍ ജയകൃഷ്ണന്‍ വായ്പൂര് എന്നിവര്‍ സംബന്ധിച്ച യോഗത്തില്‍ എം. ജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യനാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. കളത്തിന്റെ പശ്ചാത്തലത്തില്‍ ഇടയ്ക്കാനാദത്തിന്റെ അകമ്പടിയോടെ നിലവിളക്കു തെളിഞ്ഞു. വിനോദ്കുമാര്‍ കളമെഴുത്തിന്റെ പാട്ട് അവതരിപ്പിച്ചു. തുടര്‍ന്ന്, അനുഷ്ഠാനകലയുടെ മാന്ത്രികമായ അന്തരീക്ഷത്തില്‍ ഉദ്ഘാടനപ്രസംഗം.

അപ്പോഴേക്കും മുഖ്യപ്രഭാഷകനായ കടമ്മനിട്ട വാസുദേവന്‍ പിള്ള വന്നുചേര്‍ന്നു.  സാറിനെ കാണുമ്പൊഴേ ഘനഗംഭീരശബ്ദത്തിലുള്ള പടയണിപ്പാട്ടിന്റെ വരികളും അവയുടെ ഈണവുംകൊണ്ടു മനസ്സു നിറയും. 'കാളുംതീയെരിന്ത കണ്ണില്‍' എന്നോ 'അര്‍ണോജമൂലപ്പൊരുളായ പന്ത'മെന്നോ ഒക്കെ നമ്മളും മൂളിപ്പോകും. വര്‍ഷങ്ങളായി പരിചയമുണ്ട്. പന്തളം കോളേജില്‍ സഹപ്രവര്‍ത്തകനായിരുന്നപ്പോള്‍ പലയിടങ്ങളില്‍ ഒരുമിച്ചു സംസാരിക്കാന്‍ പോയിട്ടുണ്ട്. കലാസംബന്ധിയായ കാര്യങ്ങളില്‍ തര്‍ക്കങ്ങള്‍ വരെയുണ്ടായിട്ടുണ്ട്. അങ്ങോട്ടുള്ള സ്നേഹബഹുമാനങ്ങളും ഇങ്ങോട്ടുള്ള വാത്സല്യവും ഒട്ടും കുറവില്ലെന്നു മാത്രം. ചൂട്ടുപടേണി എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവും ഗോത്രകലാപീഠമെന്ന പടയണിക്കളരിയുടെ ഭാരവാഹിയുമൊക്കെയായ ഞങ്ങളുടെ സഹപ്രവര്‍ത്തകന്‍ ഡോ. ബി. രവികുമാറിനുമുണ്ട് അദ്ദേഹവുമായി അടുത്ത ബന്ധം. വാസുദേവന്‍ പിള്ള സാര്‍ പതിവുപോലെ സംസാരിച്ചുതുടങ്ങി.

'ഫണിഗണമണിയുന്നോരീശ്വരന്റുണ്ണിയാകും...' കാലന്‍കോലത്തിന്റെ അവതരണത്തിനുള്ള ശ്ലോകമാണ്. മാര്‍ക്കണ്ഡേയചരിതം കഥയും കാലന്‍കോലത്തിന്റെ അവതരണപരമായ പ്രത്യേകതകളും താളത്തിന്റെ കണക്കുകളും നെഞ്ചത്തു പന്തം കുത്തിയ കടമ്മനിട്ടക്കവിതയും ദ്രാവിഡത്തനിമയുടെ അന്വേഷണവുമൊക്കെയായി അദ്ദേഹം  ഒരു പടയണിക്കളത്തിന്റെയോ കളരിയുടെയോ സാംസ്കാരികാന്തരീക്ഷംതന്നെ സൃഷ്ടിച്ചു.

അപ്പോഴേയ്ക്കും അടുത്ത അവതരണത്തിനായി കുറ്റൂര്‍ ഭൈരവി പടയണിസംഘം തയ്യാറായിക്കഴിഞ്ഞിരുന്നു. വാസുദേവന്‍ പിള്ള സാര്‍ കാലന്‍കോലത്തെക്കുറിച്ചാണു സംസാരിച്ചതെങ്കില്‍ പടയണിയെന്ന കലയെ ആകെ പരിഗണിച്ചുകൊണ്ടാണ് പ്രസന്നകുമാര്‍ തത്വമസിയും സംഘവും സോദാഹരണപ്രഭാഷണം അവതരിപ്പിച്ചത്. ഓരോ പാട്ടിന്റെയും ഈണത്തിലും താളത്തിലുമുള്ള പ്രത്യേകതകള്‍ പാട്ടുകള്‍ പാടിത്തന്നെ ലളിതമായി അവതരിപ്പിച്ച ഈ സെഷന്‍ പടയണിയുടെ അന്തരീക്ഷം നിലനിര്‍ത്തി. തപ്പുകൊട്ടിയ ശ്രേയസ്സ് ഈ കോളേജിലെ രണ്ടാം വര്‍ഷവിദ്യാര്‍ത്ഥിയായതുകൊണ്ട് ആ പരിഗണനയോടെയാണ് തപ്പുകൊട്ടു കേട്ടുതുടങ്ങിയത്. നാദത്തിനു തെളിച്ചവും കൊട്ടിന് ഉറപ്പുമുള്ള ഒന്നാംതരം വായന. ശ്രേയസ്സ് കോലം തുള്ളാനും മിടുക്കനാണ്. പിന്നീടു പുറത്തുവെച്ചു കണ്ടപ്പോള്‍ ചെണ്ടയും പഠിച്ചിട്ടുണ്ടെന്നറിഞ്ഞു.

ഉച്ച കഴിഞ്ഞ് സെമിനാറിന്റെ അടുത്ത ഭാഗം. തുള്ളല്‍ക്കലയിലെ ഇതിഹാസമായിരുന്ന മലബാര്‍ രാമന്‍ നായരുടെ സഹോദരപുത്രനും കേരളകലാമണ്ഡലം അധ്യാപകനും പ്രശസ്തതുള്ളല്‍ കലാകാരനുമായ കലാമണ്ഡലം പ്രഭാകരന്റെ സോദാഹരണപ്രഭാഷണം. ഓട്ടന്‍-ശീതങ്കന്‍-പറയന്‍ തുള്ളലുകളുടെ സവിശേഷതകള്‍ അദ്ദേഹം വിശദീകരിച്ചു. വേഷം, താളം, ചുവടുകള്‍ എന്നിവയില്‍ ഓരോ തുള്ളലിനുമുള്ള വ്യത്യാസങ്ങള്‍ വ്യക്തമാക്കാന്‍ അദ്ദേഹത്തിന്റെ മകളും എക്കണോമിക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ ഞങ്ങളുടെ സഹപ്രവര്‍ത്തകയുമായ പ്രവീണയും കൂടെക്കൂടി. പ്രവീണ മികച്ച തുള്ളല്‍ കലാകാരി കൂടിയാണ്. അച്ഛന്‍ പറയുന്നത് അഭിനയിച്ചു കാണിക്കുമ്പോഴും ഇടയ്ക്ക് അച്ഛന് അങ്ങോട്ടു നിര്‍ദ്ദേശങ്ങള്‍ കൊടുക്കുമ്പോഴുമൊക്കെ പ്രവീണ ഒരു ഓമനപ്പുത്രിയാകുന്നത് കൌതുകമുള്ള കാഴ്ചയായിരുന്നു. മൃദംഗം വായിച്ചത് പ്രവീണയുടെ സഹോദരന്‍ പ്രവീണ്‍ പ്രഭാകരനായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഒരു കലാകുടുംബസംഗമം!

തുടര്‍ന്ന് അരുണ്‍ ആര്‍ കുമാര്‍ കല്യാണസൌഗന്ധികം കഥ ശീതങ്കന്‍ തുള്ളലായിത്തന്നെ അവതരിപ്പിച്ചു. കലാമണ്ഡലം പ്രഭാകരന്‍ പിന്നണിയില്‍ പാടി. പാട്ടും അഭിനയവും താളപ്പിടിപ്പും സാരസ്യവുംകൊണ്ട് മികച്ച അവതരണമായിരുന്നു അരുണിന്റേത്.

അങ്ങനെ സെമിനാറിന്റെ ഒന്നാം ദിനം കഴിഞ്ഞു. സന്ധ്യയായി. പ്രഭാതമായി. ഇനി രണ്ടാം ദിവസം.

രാവിലെ കോളേജിലെത്തുമ്പോള്‍ കാവാലം നാരായണപ്പണിക്കര്‍ സാര്‍ നേരത്തെതന്നെ എത്തിയിട്ടുണ്ട്. അടുത്തുചെന്നു പരിചയം പുതുക്കി. പത്തു മണി മുതല്‍ തന്റെ സോപാനത്തിലെ കലാകാരന്മാരുടെ സഹകരണത്തോടെ നാടകത്തിന്റെ പാഠവും രംഗപാഠവും എന്ന വിഷയത്തില്‍ അദ്ദേഹത്തിന്റെ പ്രഭാഷണം. നാട്യശാസ്ത്രം മുതല്‍ ജാപ്പനീസ് തീയേറ്റര്‍ വരെ നീളുന്ന വായനയുടെയും രംഗവൃത്തിയുടെയും അനുഭവങ്ങള്‍. രസസിദ്ധാന്തവും സാധാരണീകരണവും ഇതര പൌരസ്ത്യരംഗവേദികളിലെ സങ്കേതങ്ങളുമൊക്കെ വിശദീകരിച്ച് പ്രൌഢമായ അവതരണം. പാശ്ചാത്യനാടകസങ്കല്പങ്ങളാണ് ഇവിടുത്തെ നാടകത്തിന്റെ വേരറുത്തുകളഞ്ഞത് എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ഭാസന്റെ മധ്യമവ്യായോഗത്തിലെ ചില ഭാഗങ്ങള്‍ സോപാനം കലാകാരന്മാര്‍ അവതരിപ്പിച്ചു കാണിച്ചു. അവര്‍ കാവാലത്തിന്റെ രചനകള്‍ ആലപിക്കുകയും ചെയ്തു.

തുടര്‍ന്ന് കാവാലം നാടകങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദര്‍ശനമായിരുന്നു. അതിന്റെ സംവിധായകനായ ശിവമോഹന്‍ തമ്പി ആമുഖമായി സംസാരിച്ചു. കാവാലം നാടകങ്ങളിലുപയോഗിക്കുന്ന സങ്കേതങ്ങളുടെയും അവതരണക്രമത്തിന്റെയും സവിശേഷതകള്‍ ദൃശ്യങ്ങളിലൂടെയും കാവാലത്തിന്റെതന്നെ വിശദീകരണത്തിലൂടെയും വ്യക്തമാക്കുന്ന തരത്തിലുള്ള മികച്ച കലാസൃഷ്ടിയാണ് Spacial Rhythm എന്നു പേരുള്ള ആ ഡോക്യുമെന്ററി. ചടുലമായ ദൃശ്യവിന്യാസവും കാവാലം നാടകങ്ങളിലൂടെ അഭിനയരംഗത്തുവന്ന നെടുമുടി വേണു ഉള്‍പ്പെടെയുള്ളവരുടെ നാടകാവതരണവുമൊക്കെയായി അര്‍പ്പണബോധത്തോടെ ചെയ്ത ഡോക്യുമെന്ററി കണ്ടു സമയം നീങ്ങിയതുതന്നെ അറിഞ്ഞില്ല.

ഉച്ച കഴിഞ്ഞ് സെമിനാര്‍ കഥകളിപ്പദങ്ങള്‍ക്കു വഴിമാറി. കഥകളിസംഗീതത്തിലെ ഭാവാവിഷ്കരണത്തെക്കുറിച്ചു സംസാരിച്ചത് ഈ കോളേജില്‍ ദീര്‍ഷകാലം മലയാളം അധ്യാപകനായി പ്രവര്‍ത്തിച്ച്, ഇപ്പോള്‍ പന്തളം കോളേജിന്റെ പ്രിന്‍സിപ്പല്‍ ആയ ഡോ. കെ എന്‍ വിശ്വനാഥന്‍ നായരാണ്. ഒരേ രാഗം പല പദങ്ങളില്‍ വിവിധഭാവങ്ങള്‍ ആവിഷ്കരിക്കാന്‍ ഉപയോഗിക്കുന്നതെങ്ങനെയെന്നും അതില്‍ താളങ്ങളുടെയും കാലപ്രമാണത്തിന്റെയും പങ്കെന്ത് എന്നും അദ്ദേഹം പാടിത്തന്നെ വ്യക്തമാക്കുന്നതു കണ്ടപ്പോള്‍ അദ്ഭുതം തോന്നി.

തുടര്‍ന്ന് കഥകളിപ്പദമാലിക. കലാനിലയം രാജീവന്‍, ശ്രീരാഗ് വര്‍മ്മ എന്നിവരാണു പാടിയത്. ഇരുത്തംവന്ന പാട്ടാണ് രാജീവന്റേതെന്ന് കഥകളിയാസ്വാദകര്‍ക്കറിയാം. ശ്രീരാഗ് നല്ല പിന്തുണ നല്കി. കലാമണ്ഡലം അച്യുതവാര്യരായിരുന്നു മദ്ദളത്തിന്. ചെണ്ടയുമായി കൂടെക്കൂടാന്‍ എനിക്കും അവസരം കിട്ടി. ചരിത്രവിഭാഗം അധ്യാപകനും നല്ലൊരു ആസ്വാദകനുമായ ഡോ. ഇ ബി സുരേഷ് കുമാര്‍ ഓരോ പദത്തിനും മുമ്പ് കഥാസന്ദര്‍ഭം, സാങ്കേതികമായ പ്രത്യേകതകള്‍ തുടങ്ങിയവയെക്കുറിച്ച് ആമുഖം നല്കിയത് കുട്ടികള്‍ക്ക് ആസ്വാദനം സുഗമമാക്കി.

അങ്ങനെ രണ്ടാം ദിനവും കഴിഞ്ഞു. ഡോ. ഇന്ദുലേഖയാണ് ഓരോ സെഷന്റെയും അനൌണ്‍സ്മെന്റിന്റെ ചുമതല ഏറ്റെടുത്തത്. മലയാളവിഭാഗം അധ്യക്ഷ ഡോ. രാജലക്ഷ്മി എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൂടെനിന്നു. മലയാളവിഭാഗത്തിലെ മറ്റദ്ധ്യാപകരും സംസ്കൃതവിഭാഗത്തിലെ കെ. ആര്‍ നാരായണനും ഓരോ സെഷന്‍ വീതം മോഡറേറ്റ് ചെയ്തു. കുട്ടികള്‍ ഓരോ സെഷനും വിലയിരുത്തി നന്ദി പറഞ്ഞു. നാളെ വിവിധകോളേജുകളിലെ അധ്യാപകരുടെയും ഗവേഷകരുടെയും പ്രബന്ധാവതരണങ്ങളാണ്.

അങ്ങനെയാണ് കലകളിലൂടെത്തന്നെ ഈ കോളേജ് കലാലയമായത്. ഏതോ പൂരപ്പറമ്പിലാണു ഞാനെന്നാണ് ഈ രണ്ടു ദിവസവും കരുതിയത്. കുട്ടികളെല്ലാവരും വലിയ ഉത്സാഹത്തോടെ പങ്കെടുത്തുകൊണ്ടിരിക്കുന്നു. രണ്ടു ദിവസം കഴിയുമ്പോള്‍ ഇതിത്രയ്ക്കു ഭംഗിയാകുവാന്‍ എല്ലാവരുടെയും സഹകരണംതന്നെയാണ് പ്രധാനകാരണം എന്നു തിരിച്ചറിയുന്നു. എങ്കിലും രണ്ടുപേരെ എടുത്തു പറയാതെ വയ്യ. ഒന്ന് തീര്‍ച്ചയായും സെമിനാര്‍ കോ- ഓര്‍ഡിനേറ്ററായ ജയകൃഷ്ണന്റെ തുടര്‍ച്ചയായ അധ്വാനമാണ്. ഓരോ കാര്യവും ജയകൃഷ്ണന്‍ നയചാതുരിയോടെ ശ്രദ്ധിച്ചു നടപ്പാക്കുന്നു. മറ്റൊന്ന് നോട്ടീസ് അടിക്കുന്നതിനുമുതല്‍ അതിഥികളെ സ്വീകരിക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും വരെ എന്തിനും ഏതിനും കുട്ടികളെക്കാള്‍ ഉത്സാഹത്തോടെ സെമിനാര്‍ നടത്തിപ്പിനായി ഓടിനടക്കുന്ന രവി സാറിന്റെ സഹായവും. മലയാളവിഭാഗത്തിലെയും മറ്റു ഡിപ്പാര്‍ട്ട്മെന്റുകളിലെയും മറ്റു കോളേജുകളിലെയും അധ്യാപകര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍...... എല്ലാവരുടെയും സഹകരണം കാണുമ്പോള്‍ സന്തോഷം തോന്നുന്നു.  ഈ രണ്ടു ദിവസം കലാലയത്തില്‍ സംഭവിച്ചതിന് ഔദ്യോഗിക ചുമതലയൊന്നുമില്ലെങ്കിലും എനിക്കു നന്ദി പറയാതെവയ്യ! കാരണമുണ്ട്. സ്വാഭാവികമായും മേല്പറഞ്ഞ വിശിഷ്ടാതിഥികളുടെ സാന്നിധ്യമാണ് ഒന്ന്. അവരുടെ മൂല്യത്തെപ്പറ്റി കലാരംഗം ശ്രദ്ധിക്കുന്നവരെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതില്ലല്ലൊ. മറ്റൊന്ന് ഈ കോളേജില്‍നിന്നുതന്നെയുള്ള കലാപ്രവര്‍ത്തകരുടെ പങ്കാളിത്തമാണ്. അവരവരുടെ മേഖലയില്‍ ശ്രദ്ധേയരാണെങ്കിലും അവരില്‍ പലരുടെയും കലാപ്രകടനം ഞാന്‍ നേരില്‍ കാണുന്നത് ആദ്യമായാണ്. അതിനാണ്  ഒട്ടും മാറ്റു കുറയാത്ത ഒരു സ്പെഷ്യല്‍ നന്ദി!

മനോജ് കുറൂര്‍

Sunday, October 19, 2014

കേരളത്തിലെ താളങ്ങളും കലകളും 2014 October 19

കേരളത്തിലെ താളങ്ങളും കലകളും എന്‍. ബി.എസ് പ്രസിദ്ധീകരിച്ചു.

കടപ്പാടുകളുടെ പുസ്തകം
മനോജ് കുറൂര്‍

ചെറുപ്പം മുതല്കണ്ടും കേട്ടും പരിചയിച്ചത് കലകളുടെ ലോകമാണ്. കഥകളിയും പാഠകവും മാജിക്കും അവതരിപ്പിക്കുകയും മറ്റു പല കലകളും ആവേശത്തോടെ ശ്രദ്ധിക്കുകയും ചെയ്ത മുത്തശ്ശന്‍. സംഗീതക്കച്ചേരി കേള്ക്കാനും സിനിമ കാണാനുമൊക്കെ സൈക്കിളുമെടുത്തു പാഞ്ഞിരുന്ന കഥകളി ചെണ്ട കലാകാരനായ അച്ഛന്‍. ‘ചെണ്ടപ്പുറത്തു കോലുവയ്ക്കുന്നിടത്തെല്ലാം ഞാനും പോയി.പുറത്തറിയുന്നതു റബ്ബറിന്റെയോ മറ്റു വ്യാപാരങ്ങളുടെയോ പേരിലാണെങ്കിലും എന്നെ സംബന്ധിച്ച് കോട്ടയം കലകളുടെ നാടാണ്. പണ്ടു നടന്ന കൂടിയാട്ടങ്ങളുടെ ഓര്മ്മകള്പേറിനില്ക്കുന്ന ഒട്ടേറെ കൂത്തമ്പലങ്ങള്‍. തെക്കും വടക്കുമുള്ള എണ്ണം പറഞ്ഞ കലാകാരന്മാരെല്ലാം പങ്കെടുക്കുന്ന ധാരാളം കഥകളികള്‍. കോടിമത പള്ളിപ്പുറത്തുകാവില്നടക്കുന്ന ഭദ്രകാളിത്തീയാട്ട്, അമ്മയുടെ നാടായ ഓണംതുരുത്തിനടുത്തു കുറുമുള്ളൂരില്നടക്കുന്ന മുടിയേറ്റ്, തിരുവഞ്ചൂരും മണര്കാടുമൊക്കെ അവതരിപ്പിക്കാറുള്ള ഗരുഡന്‍‌തൂക്കം, ഇത്തിത്താനം ഇളംകാവിലെ മയില്പ്പീലിത്തൂക്കം, അയ്യപ്പന്റെ അമ്പലങ്ങളിലെ ശാസ്താംപാട്ട്, നീണ്ടൂര്പൂരത്തിനു കളിത്തട്ടേല്കളി (ഇത് ഇവിടെ മാത്രമുള്ള കലയാണ്), പന്ത്രണ്ടു വര്ഷത്തിലൊരിക്കല്വാഴപ്പള്ളി കല്ക്കുളത്തുകാവില്നടക്കുന്ന മുടിയെടുപ്പ്, ചില കാവുകളില്രാത്രി പാട്ടും മുടിയാട്ടവും, ചിലയിടത്തു കോല്ക്കളി, മാര്ഗംകളി- അങ്ങനെയങ്ങനെ കണ്ടും കേട്ടുമറിഞ്ഞ പലതരം കലകള്‍. മാസങ്ങളോളം ഒരു രാത്രി പോലും വീട്ടിലുറങ്ങാതെ ഇവയൊക്കെ കാണാന്അലഞ്ഞുനടന്നിട്ടുണ്ട്. എന്റെ ചെറുപ്പത്തില്‍  ചെണ്ടമേളവും പഞ്ചവാദ്യവുമൊന്നും പ്രദേശങ്ങളില്വിസ്തരിച്ചു പതിവില്ലായിരുന്നു. അവയൊക്കെ കേള്ക്കാന്പെരുവനത്തും ആറാട്ടുപുഴയും നെമ്മാറ-വല്ലങ്കിയിലുമൊക്കെ പോയി. പിന്നെ മേളകലകളും ഇവിടങ്ങളില്ധാരാളമായി അവതരിപ്പിക്കാന്തുടങ്ങി.

എട്ടാം ക്ലാസ്സില്പഠിക്കുമ്പോഴാണു ചെണ്ട പഠിച്ചുതുടങ്ങിയത്. കുറച്ചുനാള്തുടര്ന്നെങ്കിലും പത്താം ക്ലാസ്സെന്ന പതിവ് ഉത്കണ്ഠയില്‍‌ത്തടഞ്ഞ് ചെണ്ടപഠിത്തം ഇടയ്ക്കു മുറിഞ്ഞു. പത്താം ക്ലാസ്സു കഴിഞ്ഞു തുടര്ന്നു. ചൂട്ടുവേലിക്കാരനായ ഹരിയും ഇപ്പോള്കളിയരങ്ങില്സജീവമായ കിടങ്ങൂര്രാജേഷുമായിരുന്നു സഹപാഠികള്‍. 1989 ല്കുമാരനല്ലൂരില്തായമ്പകയിലായിരുന്നു എന്റെ അരങ്ങേറ്റം. ഇരുപുറത്തുമായി ചെണ്ടയില്താളം പിടിക്കാന്‍ (വട്ടം പിടിക്കുക എന്നു പറയും) നിന്ന രണ്ടു പേരേ കണ്ടു ബോധം പോയില്ലെന്നേയുള്ളൂ. ചെണ്ടയില്അന്നത്തെ ഏറ്റവും വലിയ കലാകാരനായ പല്ലശ്ശന ചന്ദ്രമന്നാടിയാരും അച്ഛന്റെയും എന്റെയും ഗുരുനാഥനായ ആയാംകുടി കുട്ടപ്പമാരാരും! ഇരുവശത്തേക്കും നോക്കിയില്ല. കുനിഞ്ഞുനിന്നു പഠിച്ചതുപോലെ കൊട്ടി. മന്നാടിയാരാശാന്നന്നായി എന്നു പറഞ്ഞു. കീഴ്പ്പടം കുമാരന്നായരാശാനും മറ്റു കലാകാരന്മാരും കേള്ക്കാനുണ്ടായിരുന്നു. കുമാരന്നായരാശാനും നല്ലതു പറഞ്ഞു. തൊട്ടു പിറ്റേന്ന് കഥകളിക്കും കൊട്ടി. പുറപ്പാടിന് പരിഭ്രമിച്ച് അരങ്ങത്തു കൊട്ടാന്നില്ക്കുമ്പോഴാണ് അതിലും പരിഭ്രമിച്ചു നില്ക്കുന്ന പൊന്നാനിപ്പാട്ടുകാരനെ കണ്ടത്. എന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഗായകരിലൊരാളായ വെണ്‍‌മണി ഹരിദാസ്! എങ്ങനെയൊക്കെയോ പുറപ്പാടും കഴിച്ചുകൂട്ടി. പിന്നീടുള്ള കളിയരങ്ങുകളില്കീഴ്പ്പടം കുമാരന്നായര്‍, കലാമണ്ഡലം രാമന്‍‌കുട്ടി നായര്‍, കലാമണ്ഡലം പദ്മനാഭന്നായര്‍, കലാമണ്ഡലം ഗോപി തുടങ്ങി കഥകളിയിലെ എല്ലാ പ്രധാനകലാകാരന്മാരുടെയും വേഷങ്ങള്ക്കു കൊട്ടാന്സാധിച്ചിട്ടുണ്ട്. കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാള്‍, കലാനിലയം ബാബു, കലാമണ്ഡലം ശങ്കരവാരിയര്തുടങ്ങിയ മദ്ദളക്കാര്ക്കൊപ്പവും മന്നാടിയാരാശാന്തുടങ്ങിയുള്ള ചെണ്ടക്കാര്ക്കൊപ്പവും അരങ്ങത്തു ചെണ്ടയുമായി നില്ക്കാന്കഴിഞ്ഞതുതന്നെ എന്നെ സംബന്ധിച്ച് വലിയ ഭാഗ്യമാണ്. പിന്നീടു കുറച്ചുകാലം ആയാംകുടി ആശാനില്‍‌നിന്ന് ഇടയ്ക്കയും അഭ്യസിച്ചു. എങ്കിലും പിന്നീടു പലയിടത്തായി ജോലി ചെയ്യേണ്ടിവന്നതുകൊണ്ട് കളിക്കൊട്ടില്പഴയതുപോലെ തുടരാനായില്ല. ഇപ്പോള്അത്രയ്ക്ക് ഒഴിവാക്കാനാവാത്ത ഇടങ്ങളിലേ കളിക്കു പോകാറുള്ളു.

കവിതകളല്ല, ആട്ടക്കഥകളാണ് ഞാന്ആദ്യം എഴുതിയത്. എട്ടാം ക്ലാസ്സില്പഠിച്ചിരുന്ന കാലത്ത് മൂന്ന് ആട്ടക്കഥകളെഴുതി. പിന്നെ 1988 ല്കോട്ടയം ബസേലിയസ് കോളേജില്മലയാളം ബിരുദത്തിനു ചേര്ന്നു കഴിഞ്ഞ് മൂന്നെണ്ണംകൂടി. അക്കാലത്തുതന്നെ കോളേജിലുള്ള പഠനത്തിനുപുറമേ സംസ്കൃതം വിസ്തരിച്ചു പഠിക്കാന്പി വി വിശ്വനാഥന്നമ്പൂതിരി സാറിന്റെ വീട്ടില്സ്ഥിരമായി പോയിരുന്നു. ഇന്ന് എം ജി യൂണിവേഴ്സിറ്റി അധ്യാപകനും സാഹിത്യ-ചലച്ചിത്രനിരൂപകനുമായ പി എസ് രാധാകൃഷ്ണന്‍, പിന്നീടു ഭാഷാപോഷിണി പത്രാധിപസമിതി അംഗമായ രാമാനുജന്എന്നിവരൊക്കെയായിരുന്നു സംസ്കൃതപഠനത്തില്സഹപാഠികള്‍. അന്നു സ്കൂള്ഓഫ് ലെറ്റേഴ്സില്ഉണ്ടായിരുന്ന നരേന്ദ്രപ്രസാദ് സാറും വിനയചന്ദ്രന്സാറും ക്ലാസ്സുകള്കേള്ക്കാന്ഇടയ്ക്കിടയ്ക്കു വന്നിരുന്നത് കൌതുകത്തോടെ ഓര്ക്കുന്നു. എന്തായാലും സംസ്കൃതപഠനത്തിന്റെ പശ്ചാത്തലത്തില്അന്നെഴുതിയ ആട്ടക്കഥകളില്പഴയ ആട്ടക്കഥകളിലെപ്പോലെ സംസ്കൃതശ്ലോകങ്ങളും സംസ്കൃതബഹുലമായ പദങ്ങളുമൊക്കെയാണുണ്ടായിരുന്നത്. കഥകള്കുറേയേറെ തവണ അരങ്ങേറിയിട്ടുണ്ട്. ഇപ്പോഴും ചിലയിടങ്ങളില്അവതരിപ്പിച്ചുവരുന്നുമുണ്ട്. ഒരെണ്ണം പുസ്തകമാക്കി. നരേന്ദ്രപ്രസാദ് സാറാണ് അതു പ്രകാശനം ചെയ്തത്. എന്തായാലും കഥകളോടെ 1989 ല്ത്തന്നെ ആട്ടക്കഥയെഴുത്ത് നിര്ത്തി!

മലയാളബിരുദപഠനകാലത്താണ് കഥകളിയും തായമ്പകയ്ക്കും പുറമേ മറ്റു കലകളെക്കുറിച്ച് കൂടുതല്അന്വേഷിച്ചു തുടങ്ങിയത്. അവയിലൊക്കെ ഉപയോഗിക്കുന്ന താളങ്ങളുടെ വൈവിധ്യവും താളപ്രയോഗത്തിന്റെ പ്രത്യേകതകളും തിരിച്ചറിഞ്ഞു തുടങ്ങിയപ്പോഴാണത്. അച്ഛന്കഥകളിയുടെ സീസണ്അല്ലാത്തപ്പോള്പള്ളിപ്പുറത്തുകാവില്തീയാട്ടിനു കൊട്ടാന്പോകുമായിരുന്നു. അച്ഛന് അസൌകര്യമുള്ള ദിവസങ്ങളില്ഞാനും പോയി. മറ്റു കലകള്കാണാന്പോകുന്നതിനു പുറമേ അവയിലുപയോഗിക്കുന്ന താളങ്ങളെക്കുറിച്ചും കലാകാരന്മാരോട് അന്വേഷിക്കാന്തുടങ്ങി. അതുവരെ കേട്ടിട്ടില്ലാത്ത നിരവധി താളങ്ങള്‍! കലകളെക്കുറിച്ചുള്ള പുസ്തകങ്ങള്നോക്കിയപ്പോള്ക്ലാസ്സിക്കല്കലകളിലെ ചില താളങ്ങളെക്കുറിച്ചല്ലാതെ മറ്റു പഠനങ്ങളൊന്നുമില്ല! നൂറുകണക്കിനാണു കേരളത്തിലുള്ള കലകള്എന്നോര്ക്കണം. ഓരോ നാടിനും അതതിന്റെ കലകള്‍. ഓരോ സമുദായത്തിനും പ്രത്യേകകലകള്‍! ഇവയൊന്ന് എണ്ണിത്തീര്ക്കാന്പോലും ഇതുവരെ ആയിട്ടില്ല. കുറേയേറെ കലകള്ഏതു സമയത്തും ഇല്ലാതാകാവുന്ന അവസ്ഥയിലാണ്. കലകളെക്കുറിച്ചു പുറത്തുനിന്നു പഠിച്ചാല്ഒന്നുമാവില്ല. അതതു കലകളുടെ സാങ്കേതികമായ കാര്യങ്ങളെക്കുറിച്ചും അറിവുള്ളവര്വേണം കലാഗവേഷണത്തിനു പുറപ്പെടാന്എന്ന് ഉറപ്പിച്ചുതന്നെ പറയുന്നു. അല്ലെങ്കില്ഗവേഷണസമയത്തെങ്കിലും കലാസങ്കേതങ്ങള്പഠിക്കാന്അവര്തയ്യാറാവണം. അല്ലെങ്കില്പ്രബന്ധങ്ങളുടെ എണ്ണം കൂടുമെന്നല്ലാതെ കലകള്ക്കു പ്രത്യേകിച്ചു പ്രയോജനമൊന്നുമില്ല

നാടന്കലകളിലെ താളങ്ങളെപ്പറ്റി ഒരിക്കല്ചെണ്ടവാദ്യരംഗത്തെ കുലപതിയും അച്ഛന്റെയും മുത്തച്ഛന്റെയും ഗുരുനാഥനുമായ കലാമണ്ഡലം കൃഷ്ണന്‍‌കുട്ടി പൊതുവാളാശാനോട് ചോദിച്ചു. ക്ഷേത്രാനുഷ്ഠാനവാദ്യങ്ങളെപ്പറ്റി പറഞ്ഞുതന്ന അദ്ദേഹം, നാടന്‍‌താളങ്ങളെക്കുറിച്ചറിയാന്കുറിച്ചി കുമാരനോടു ചോദിക്കൂ എന്നാണു പറഞ്ഞത്. പിന്നീട് ചങ്ങനാശ്ശേരി എസ് ബി കോളേജില്ബിരുദാനന്തരബിരുദത്തിനു പഠിച്ചിരുന്ന കാലത്ത് ഞാന്കോളേജിലെ എന്റെ അധ്യാപകനായ ഇസ്താക്ക് സാറിനൊപ്പമാണ് കുമാരന്ആശാനെ കാണാന്പോയത്. നൃത്തകലാരംഗത്തും കലാനിരൂപണരംഗത്തുമൊക്കെയുള്ളവര്തന്നില്നിന്നു പലതും മനസ്സിലാക്കിയിട്ടുണ്ടെന്നും, എന്നാല്അവരാരും തന്റെ പേരു പോലും പരാമര്ശിക്കാറില്ല എന്നും പറഞ്ഞ കുമാരന്ആശാന്ആദ്യം കലയെക്കുറിച്ച് എന്തെങ്കിലും പറയാന്പോലും തയ്യാറായില്ല. ഏകചൂഴാതി എന്നറിയപ്പെടുന്ന താളപദ്ധതിയിലെ താളങ്ങളുടെ പേരും അതില്രണ്ടാമത്തെ താളമായ രൂപതാളത്തിന്റെ ഘടനയുമാണ് അദ്ദേഹത്തില്നിന്നു പിന്നീടു ലഭിച്ചത്. അര്ജ്ജുനനൃത്ത(മയില്പ്പീലിത്തൂക്കം)ത്തെപ്പറ്റി അദ്ദേഹംതന്നെ ഒരു പുസ്തകമെഴുതണം എന്നും ഞങ്ങള്എഴുതിയെടുത്തുകൊള്ളാം എന്നും ഞങ്ങളുടെ പേരുപോലും പരാമര്ശിക്കാതെ അദ്ദേഹത്തിന്റെ പുസ്തകമിറക്കാം എന്നും ഇസ്താക്ക് സാറും ഞാനും കെഞ്ചിനോക്കി. അദ്ദേഹം വഴങ്ങിയില്ല. പിന്നെ മയില്പ്പീലിത്തൂക്കത്തിന്റെ മേളത്തിനു പങ്കെടുക്കാറുള്ള നീലമ്പേരൂര്രാമകൃഷ്ണനാണ് കലയിലെ ചില താളങ്ങള്പറഞ്ഞുതന്നത്. മറ്റു താളങ്ങള്ക്കൊപ്പം പല കലാകാരന്മാരില്നിന്നായി ഏകചൂഴാതി താളപദ്ധതിയിലെ താളങ്ങള്സമാഹരിച്ചു. അവ ക്രമമായി അടുക്കിയപ്പോഴാണ് താളങ്ങളുടെ അത്ഭുതകരമായ ക്രമവും ലാളിത്യവും താളക്കൂട്ടുകള്നിര്മ്മിക്കാനുള്ള ഏകകങ്ങള്എന്ന നിലയിലുള്ള പ്രസക്തിയും മനസ്സിലായത്. ഏകചൂഴാതി കൂടാതെ വേറെയും നിരവധി താളങ്ങള്കുറിച്ചി കുമാരന്ആശാന് അറിയുമായിരുന്നു. അന്നൊന്നും സ്വന്തം  പേരില്പ്പോലും പുസ്തകമെഴുതാന്തയ്യാറാകാതിരുന്ന അദ്ദേഹം മരിക്കുന്നതിന് ഒരു മാസം മുന്പ് വിനയചന്ദ്രന്സാര്വഴി എന്നെ വിളിച്ച് പുസ്തകമെഴുതാന്പറ്റുമോ എന്നു ചോദിച്ചു. അന്നു കാസര്ഗോഡിനടുത്ത് കാഞ്ഞങ്ങാടായിരുന്ന എനിക്ക് സമയം അതിനു സഹായിക്കാനായില്ല. അദ്ദേഹം മരിച്ചതോടെ നൂറുകണക്കിനു താളങ്ങളാണ് നഷ്ടപ്പെട്ടുപോയത്. അര്ജുനനൃത്തത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ഉജ്വലമായ ഒരു പുസ്തകവും നഷ്ടമായി. കുറച്ചുകാലം മുന്പ് കലാമണ്ഡലം സുഗന്ധിയുടെ പുത്രിയും പദ്മാ സുബ്രഹ്മണ്യത്തിന്റെ ശിഷ്യയുമായ നന്ദിത പ്രഭു അര്ജ്ജുനനൃത്തത്തെക്കുറിച്ചു ഗവേഷണം ചെയ്യണമെന്നു താല്പര്യം പ്രകടിപ്പിച്ചപ്പോള്എനിക്കറിയുന്നതു പറഞ്ഞുകൊടുക്കുകയും നഷ്ടമായ താളങ്ങളെക്കുറിച്ചു സൂചിപ്പിക്കുകയും ചെയ്തിരുന്നു. കുറിച്ചി കുമാരന്ആശാന്താളങ്ങളെക്കുറിച്ചെഴുതിയ ചില കുറിപ്പുകള്അദ്ദേഹത്തിന്റെ പുത്രനായ നടേശനില്നിന്ന് നന്ദിത സമാഹരിച്ചിട്ടുണ്ട്. മയില്പ്പീലിത്തൂക്കം അവതരിപ്പിച്ചിരുന്ന മറ്റു കലാകാരന്മാരെപ്പറ്റിയും കലയെപ്പറ്റിയും കൂടുതല്അന്വേഷിക്കുകയും പഠിക്കുകയും ചെയ്യുന്ന സജനീവ് എന്നായരുടെ പരിശ്രമങ്ങള്കാണുമ്പോഴും വലിയ സന്തോഷം തോന്നുന്നു

എം പഠനത്തിനു ശേഷം 1994 ല്എം ജി സര്വകലാശാല സ്കൂള്ഓഫ് ലെറ്റേഴ്സില്എം ഫില്പഠനത്തിനു ചെല്ലുമ്പോഴേക്കും കുറേയേറെ കലകളിലുപയോഗിക്കുന്ന താളങ്ങള്സമാഹരിച്ചു കഴിഞ്ഞിരുന്നു. കുഞ്ചന്നമ്പ്യാരുടെ ഹരിണീസ്വയംവരം തുള്ളലിലെ താളശില്പങ്ങളായിരുന്നു എം ഫിലിന് എന്റെ പഠനവിഷയം. അതിനു മാര്ഗദര്ശിയായത് കവി ഡി വിനയചന്ദ്രന്സാര്ആണ്. കുഞ്ചന്നമ്പ്യാരുടെ ഹരിണീസ്വയംവരത്തില്കാരിക, ലക്ഷ്മി, കുണ്ടനാച്ചി, കുംഭം തുടങ്ങിയ താളങ്ങള്ക്ക് ശാസ്ത്രീയസംഗീതത്തിന്റെ രീതിശാസ്ത്രമുപയോഗിച്ച് നമ്പ്യാര്ലക്ഷണം നല്കിയിട്ടുണ്ട്. ലക്ഷണങ്ങള്പലരും ഉദ്ധരിക്കാറുണ്ടെങ്കിലും താളപ്രയോഗം എങ്ങനെയെന്നോ അതതു താളങ്ങളുടെ നിലവിലുള്ള രൂപവുമായി ബന്ധമെന്തെന്നോ പറഞ്ഞുകണ്ടിട്ടില്ല. അതുകൊണ്ടുതന്നെ പഠനം ഒരു വെല്ലുവിളിയായിരുന്നു. കുഞ്ചന്നമ്പ്യാരുടെ രീതിശാസ്ത്രമെന്തെന്നും ലക്ഷണങ്ങള്എങ്ങനെ അതതു താളങ്ങളുടെ പ്രയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും പ്രബന്ധത്തില്വിശദീകരിക്കാനായത് എന്നെ സംബന്ധിച്ച് വളരെ അഭിമാനവും സന്തോഷവും തോന്നുന്ന കാര്യമാണ്. കുറച്ചു വര്ഷങ്ങള്ക്കു മുന്പ് അമ്പലപ്പുഴ കുഞ്ചന്സ്മാരകത്തില്‍‌വച്ച് അറുപതോളം തുള്ളല്കലാകാരന്മാരടങ്ങിയ സദസ്സില്തുള്ളലിലെ താളങ്ങളുടെ ലക്ഷ്യ-ലക്ഷണസമന്വയം എങ്ങനെയെന്നു ഡമോണ്‍‌സ്ട്രേറ്റ് ചെയ്തു. മൂന്നര മണിക്കൂര്സമയംവേണ്ടിവന്നു അതിന്. കലാമണ്ഡലം പ്രഭാകരന്‍, കോങ്ങാട് അച്ചുതപിഷാരടി, കലാമണ്ഡലം ജനാര്ദ്ദനന്എന്നിവരൊക്കെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കുറിച്ചിത്താനം ജയകുമാറിന്റെ ശിഷ്യയായ ദൃശ്യ എന്ന കൊച്ചുമിടുക്കി അതിനടുത്ത വര്ഷം അമ്പലപ്പുഴ വച്ചുതന്നെ താളങ്ങള്തുള്ളലില്അവതരിപ്പിച്ചു. എങ്കിലും തുള്ളല്എന്ന കലയ്ക്ക് അഭിമാനിക്കാവുന്ന ഒട്ടേറെ താളങ്ങളടങ്ങുന്ന ഹരിണീസ്വയംവരം കലാമണ്ഡലം ഉള്പ്പെടെയുള്ള സ്ഥാപനങ്ങളില്പഠിപ്പിക്കുക, മുതിര്ന്ന കലാകാരന്മാര്‍‌ ഇത് അവതരിപ്പിക്കുക എന്നീ ആഗ്രഹങ്ങള്ഇപ്പോഴും നിറവേറിയിട്ടില്ല എന്നൊരു ദു:ഖം അവശേഷിക്കുന്നു. അടുത്തയിടയ്ക്ക്സ്വപാനംഎന്ന ചലച്ചിത്രത്തിനുവേണ്ടി ഗാനങ്ങളെഴുതിയപ്പോള്അതിലെ ഒരു ഗാനംകുണ്ടനാച്ചിതാളത്തില്ചെയ്യാനായി. സംഗീതസംവിധായകനായ ശ്രീവത്സന്ജെ മേനോന്അതിനുപാകത്തിനുള്ള ഉപകരണസംഗീതം ഒരുക്കിയപ്പോള് താളത്തിനു മറ്റൊരു മാനംതന്നെ ലഭിച്ചു. താളത്തിന് ഇത്തരത്തിലെങ്കിലും പ്രചാരം നല്കാനായതില്കൃതാര്ത്ഥതയുണ്ട്.

സ്കൂള്ഓഫ് ലെറ്റേഴ്സില്ത്തന്നെ പി എച്ച് ഡി ബിരുദത്തിനായുള്ള ഗവേഷണം തുടങ്ങിയപ്പോള്കലകളെക്കുറിച്ച് അന്വേഷിക്കാന്ഔദ്യോഗികമായ കാരണംകൂടിയായി! ‘നാടോടിത്താളങ്ങള്ആധുനികമലയാളകവിതയില്‍’ എന്നതായിരുന്നു വിഷയം. ഡി വിനയചന്ദ്രനായിരുന്നു അതിനും മാര്ഗദര്ശിയായത്. മറ്റു പല ഗവേഷണമാര്ഗദര്ശികളെയും വിഷയവുമായി സമീപിച്ചപ്പോള്പിന്തിരിപ്പിക്കാനോ കുറേക്കൂടി എളുപ്പമുള്ള മറ്റു വിഷയങ്ങളെടുക്കാന്പ്രേരിപ്പിക്കാനോ ആണ് അവര്ശ്രമിച്ചത്. പക്ഷേ വിനയചന്ദ്രന്സാര്സന്തോഷത്തോടെ സമ്മതിച്ചു. താളങ്ങള്സമാഹരിക്കാനുമായി കേരളത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും സഞ്ചരിക്കുകയും കലാവതരണങ്ങള്കാണുകയും കലാകാരന്മാരോടു സംസാരിക്കുകയും ചെയ്തിട്ടുണ്ട്. പന്തളത്തും നെയ്യാറ്റിന്‍‌കരയ്ക്കടുത്ത് ധനുവച്ചപുരത്തും ജോലി ചെയ്തിരുന്നപ്പോള്അതതു പ്രദേശങ്ങളിലെ കലകളെക്കുറിച്ചും താളങ്ങളെക്കുറിച്ചും കൂടുതല്അറിയാനായി. പന്തളം കോളേജില്ഗണിതശാസ്ത്രവിഭാഗം അധ്യാപകനും പടേനി, പടേനിയുടെ ജീവതാളം തുടങ്ങിയ ഗ്രന്ഥങ്ങളുടെ കര്ത്താവുമായ കടമ്മനിട്ട വാസുദേവന്പിള്ളയോടൊപ്പം കുറച്ചു വര്ഷങ്ങള്ജോലിചെയ്യാന്സാധിച്ചതും കലാപഠനത്തിന് ഒട്ടേറെ സഹായിച്ചിട്ടുണ്ട്. പിന്നീടു ചങ്ങനാശ്ശേരി കോളേജില്വന്നപ്പോള്ക്ലാസ്സിക്കല്കലകളെക്കുറിച്ച് ഏറെ അന്വേഷിച്ചിട്ടുള്ള കെ എന്വിശ്വനാഥന്നായര്‍, സ്വന്തം ഉത്സാഹത്തില്ഒരു പടയണിക്കളരിതന്നെ നടത്തുന്ന ബി രവികുമാര്‍, ‘ചെണ്ടപ്പുറത്തുകോലുവയ്ക്കുന്നിടത്തെല്ല്ലാംസാന്നിധ്യമറിയിക്കുന്ന ചരിത്രവിഭാഗം അധ്യാപകന് ബി സുരേഷ്കുമാര്എന്നിവരുടെ ദൃഢസൌഹൃദവുമുണ്ടായി. ഇവരുടെ ഉത്സാഹത്തിനുമുന്നില്ഇവരെക്കാള്പ്രായത്തില്ചെറുപ്പമായ ഞാന്വയസ്സനായിപ്പോകുന്നു എന്നൊരു സങ്കടമേയുള്ളു.

കാസര്ഗോഡിനടുത്തുള്ള കാഞ്ഞങ്ങാട്ടു താമസിച്ചപ്പോഴാണ് തെയ്യം, പൂരക്കളി, തിടമ്പുനൃത്തം തുടങ്ങിയ കലകള്കൂടുതല്കാണാനും പഠിക്കാനുമായത്. അക്കാലത്താണ് കാല്നൂറ്റാണ്ടില്ഒരിക്കല്മാത്രമുള്ള തൃക്കരിപ്പൂര്രാമവില്യം കഴകത്തിലെ പെരുങ്കളിയാട്ടം നടന്നത്. നൂറ്റിയെണ്‍‌പതിലേറെ തെയ്യങ്ങള്അവതരിപ്പിക്കപ്പെട്ട പെരുങ്കളിയാട്ടം അതിന്റെ വന്യശോഭയോടെ ഉള്ളില്നിറഞ്ഞുനില്ക്കുന്നു. നിരവധി കലാകാരന്മാരെ പരിചയപ്പെടാനും താളമുള്പ്പെടെയുള്ള കലാസങ്കേതങ്ങള്പഠിക്കാനുമായി എന്നത് വളരെ സന്തോഷം.

പഠനത്തിനായി പ്രാചീനതാളശാസ്ത്രത്തെ ഏറെ ആശ്രയിച്ചിട്ടുണ്ട്. സംസ്കൃതം കൂടാതെ തമിഴും അതിനായി പഠിച്ചു. പ്രാചീനതമിഴകത്തിന്റെയും സംസ്കൃതത്തിലെ സംഗീതശാസ്ത്രത്തിന്റെയും പാരമ്പര്യം നമ്മുടെ നാടന്‍‌കലകള്ക്കുപോലുമുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള കലാപഠനഗ്രന്ഥങ്ങളും ഉപയോഗിച്ചിട്ടുണ്ട്. കലാവതരണങ്ങള്കാണാനുള്ള യാത്രകള്പോലെതന്നെ ആവേശവും ഉത്കണ്ഠയും നിറഞ്ഞതായിരുന്നു പുസ്തകങ്ങള്ശേഖരിക്കാനുള്ള യാത്രകളും.

തുറന്നുപറയട്ടെ. കലാരംഗത്ത് എന്തോ ഗംഭീരകാര്യങ്ങള്ചെയ്തു എന്ന തോന്നലൊന്നും എനിക്കില്ല. കാരണം കേരളത്തിലെ കലകളുടെ സമൃദ്ധിവച്ചു നോക്കിയാല്കലാപഠനരംഗം വളരെ ദരിദ്രമാണ്. എത്രയോ കലകളിലെ താളങ്ങള്ഇനിയും സമാഹരിക്കാനുണ്ട് എന്നും ബോധ്യമുണ്ട്. ഇതരകലാസങ്കേതങ്ങളെക്കുറിച്ചും പഠനങ്ങളുണ്ടാവണം. ഗവേഷണപ്രബന്ധങ്ങള്മിക്കതും കലകളിലുപയോഗിക്കുന്ന സാഹിത്യത്തെ കേന്ദ്രീകരിച്ചാണ്. അതിന്റെ പാഠഭേദങ്ങളുടെ സമാഹരണവും കൂടാതെ ചടങ്ങുകളുടെ വിവരണവുമാണ് മിക്ക പ്രബന്ധങ്ങളിലും പുസ്തകങ്ങളിലുമുള്ളത്. അവയ്ക്കു പ്രസക്തിയില്ല എന്നു പറയുന്നില്ല. എങ്കിലും കലാസങ്കേതങ്ങളുടെ പഠനം കൂടി ചേരുമ്പോഴേ കലാപഠനത്തിനു സമഗ്രതയുണ്ടാവൂ എന്ന് ഉറപ്പിച്ചുതന്നെ പറയുന്നു. അത്തരത്തിലുള്ള ഒരു ശ്രമമാണ്കേരളത്തിലെ താളങ്ങളും കലകളും’. ഗവേഷണപ്രബന്ധത്തിലെ ചില അധ്യായങ്ങള്പരിഷ്കരിച്ചു തയ്യാറാക്കിയതാണ് പുസ്തകം. ആവുന്നത്ര ലളിതമാക്കിയിട്ടുണ്ടെങ്കിലും വിവരണം സാങ്കേതികമാണ്. തുടക്കം മുതല്ക്ഷമയോടെ വായിച്ചാല്കലകളോടു താല്പര്യമുള്ള ആര്ക്കും മനസ്സിലാവാന്ബുദ്ധിമുട്ടുണ്ടാവില്ല എന്നു കരുതുന്നു. പുസ്തകമെഴുതാന്നിര്ബന്ധിച്ചത് സാഹിത്യപ്രവര്ത്തകസഹകരണസംഘം സെക്രട്ടറി അജിത് കെ ശ്രീധറാണ്. അതുകൊണ്ടു മാത്രമാണ് മറ്റു തിരക്കുകള്മാറ്റിവച്ച് ഇതു ചെയ്തുതീര്ത്തത്. അജിത്തിനും എസ് പി സി എസിന്റെ മറ്റു പ്രവര്ത്തകര്ക്കും നന്ദി.

നന്ദി പറഞ്ഞാല്തീരാത്തത് കലകള്അവതരിപ്പിക്കുന്ന കലാകാരന്മാരോടാണ്. താരതമ്യേന പ്രചാരമുള്ള കലയായ കഥകളിയില്ശ്രദ്ധേയസാന്നിധ്യങ്ങളായിട്ടുപോലും ജീവിതത്തിലെ പല ഘട്ടങ്ങളും അതിജീവിക്കാന്അത്രയേറെ പണിപ്പെട്ട മുത്തച്ഛനെയും അച്ഛനെയും എനിക്കു നേരിട്ടറിയുമല്ലൊ. കഷ്ടപ്പാടുകള്ഞാനും പങ്കുവച്ചതാണ്. അപ്പോള്അത്രയൊന്നും പ്രചാരമില്ലാത്ത കലകളില്തുടരുമ്പോഴും കലകള്ക്കുവേണ്ടി ജീവിതം സമര്പ്പിച്ച കലാകാരന്മാരെക്കുറിച്ച് ഓര്ക്കുമ്പോള്ത്തന്നെ തല കുനിക്കാതെ വയ്യ. അവരില്നിന്നു ലഭിച്ചതൊക്കെ അവരുടെതന്നെ പേരില് പുസ്തകത്തിലും ഇതിനാധാരമായ ഗവേഷണപ്രബന്ധത്തിലും ചേര്ത്തിട്ടുണ്ട്. ഒന്നും എന്റെയല്ല എന്നു പറയുന്നതു വിനയംകൊണ്ടല്ല; സത്യം അതായതുകൊണ്ടാണ്. പുസ്തകത്തിന്റെ പ്രധാന കടപ്പാട് കലാകാരന്മാരോടാണ്. അവരില്പ്പലരും ഇന്നു നമ്മോടൊപ്പമില്ല എന്നൊരു സങ്കടവും അവശേഷിക്കുന്നു. അവര്ഒപ്പംകൊണ്ടുപോയത് അവര്ക്കു മാത്രം സ്വന്തമായ കലയാണ്. അത് മറ്റാര്ക്കും വീണ്ടെടുക്കാനാവില്ലല്ലൊ