Friday, July 17, 2015

നിലം പൂത്തു മലര്‍ന്ന നാള്‍



ഒരു കടൽക്കാറ്റ് എന്നെ കടന്നു പോകുന്നത് ഞാനറിയുന്നു ...  
ബി.രവികുമാര്‍

പഴംതമിഴ് പാട്ടുകൾ പരതിക്കിട്ടിയ കാഴ്ചയും കേൾവിയും വാഴ്വും കുറൂരിന് നിലയിടങ്ങളില്ലാതായിപ്പോയ പാണരുടെയും കൂത്തരുടെയും ഉയിരെഴുത്തുകൾ പാടാനുള്ള കളമൊരുക്കി. ഏറെ അലഞ്ഞും ഓലകളിൽ തിരഞ്ഞും നാട്ടകങ്ങളിലും തമിഴകങ്ങളിലും നടന്നും അകലങ്ങളെ അളന്നും ഒരു കീഴ്ക്കണക്കിലും പതിയാത്ത കാലത്തെയും നാടുകളെയും കണക്കുതെറ്റാതെ കോർത്തുവെച്ചും ഓർത്തുവെച്ചും കവി കാത്തിരുന്നു. ഒഴിവുനേരങ്ങളിൽ നിരതെറ്റി കേട്ടുവന്ന മൊഴികളെ അടുക്കിവെച്ചു. കേട്ട പെരുമകൾ പലതും പൊയ്യാണെന്നറിഞ്ഞു. പതിരുകൾ പാറ്റിപ്പതം വരുത്തി. അങ്ങനെയിരിക്കെ ഒരു പെരുമഴക്കാലത്ത് പതിനേഴുനൂറ്റാണ്ടപ്പുറത്തേക്കു കവി പുറപ്പെട്ടു.. ആനമലയുടെ ഉയരങ്ങളിൽനിന്നു വെള്ളത്തിന്റെ കുത്തൊഴുക്കിനൊപ്പം…

“ തിരിച്ചെത്തുമെന്നുറപ്പില്ലാത്ത പുറപ്പാടായിരുന്നു അത്. മടങ്ങിവരവിനെപ്പറ്റി ഞങ്ങളാരും തിരഞ്ഞുകൂടിയില്ല.പറിഞ്ഞുപോയ വേരുകളോർമ്മിച്ചാൽ പായലുകൾക്ക് ഒഴുകാനാവില്ല. പറന്നടിയുന്ന നേരത്തെ പേടിച്ചാൽ ചിതൽപ്പുറ്റിലെ കീടങ്ങൾക്കു ചിറകുമുളയ്ക്കില്ല ”

ഏന്തിവലിഞ്ഞും ഓടിയും നടന്നും മുന്നോട്ടുതന്നെ നീങ്ങി. ഒരേ വഴികളിലൂടെയുള്ള നടപ്പ്. ഒരേ തളർച്ച. ഉള്ളിൽ ഒരേ അഴൽ. എല്ലാത്തിനും അറുതിവരുത്തിക്കൊണ്ട് ഒടുവിൽ ആ നാളെത്തി… മുചിറിയിലെ കടൽക്കാറ്റിനൊപ്പം ‘നിലം പൂത്തു മലർന്ന നാൾ’

‘നിലം പൂത്തു മലർന്ന നാൾ’ എന്ന നോവൽ അച്ചടിച്ചു വരുന്നതിനു മുമ്പുതന്നെ വായിക്കുന്നതിന് കഴിഞ്ഞു.. പലതവണ വായിച്ചു. ആട്ടം കണ്ടിട്ടുറങ്ങുന്ന രാവിൽ പിന്തുടരുന്ന മേളംപോലെ യാഴിൽനിന്നുയരുന്ന ഒലികളും പറകളുടെ മുഴക്കങ്ങളും വായന കഴിഞ്ഞിട്ടും വിട്ടുപോകുന്നില്ല. പടയണിക്കാലങ്ങളിലെ പകലുറക്കങ്ങളിൽ തീമഴയിൽ തുള്ളിയുറയുന്ന കോലങ്ങളാവും ഉള്ളുപൊള്ളിക്കുന്നത്. വായനകഴിഞ്ഞാൽ കൂത്തരുടെ ആട്ടവും പാണരുടെ പാട്ടും ഒരു വിതുമ്പലോടെ അകം കനപ്പിക്കും. ഇത് എൻറെയുള്ളിൽ കടന്നുകൂടിയ തോന്നലാണ്. തുടക്കം മുതൽ ഒടുക്കം വരെ കാഴ്ചകളായി വായന തീരുന്നതുകൊണ്ടാവാം ഇങ്ങനെ പറ്റുന്നത്. ഈ നോവലിൽ കാണുന്ന കാര്യങ്ങളെക്കാൾ പഴക്കമുള്ളതു പുരാണനോവലുകളിൽ പറയുന്നുണ്ടാകും. എന്നാൽ മണ്ണും വിണ്ണും തമ്മിലുള്ള വികാരവിചാരങ്ങളുടെ അകലം ചെറുതല്ലല്ലോ. നോവലിന്റെ രൂപവും ഏറെ കൗതുകകരമാണ്. മൂന്നായിത്തിരിച്ച് മൂന്നു കാലക്കണക്കിൽ കൊലുമ്പനും ചിത്തിരയും മയിലനും പറയുന്ന മൊഴികൾ മലനാട്ടുവഴക്കത്തിൽ ഏഴുതിത്തീർത്തിരിക്കുന്നു. പച്ചമലയാള കാവ്യങ്ങളിലുള്ള കടുംപിടുത്തങ്ങളില്ലാതെ ലളിതമായി ഒഴുകിയെത്തുന്ന തനിമലയാളം.
ഇന്നലെ കോട്ടയത്തുവെച്ച് ‘നിലം പൂത്തു മലർന്ന നാൾ’ പുറത്തിറങ്ങി. ഈ വാരം തന്നെ കടകളിലെത്തും. രാവിലെ ഓൺ ലൈനിൽ നോവലിന്റെ പുറം ചട്ട കണ്ടപ്പോൾ കുറെനാൾ മുമ്പുവായിച്ച നോവലും ഒപ്പം പണിയെടുക്കുന്ന കൂടപ്പിറപ്പും ഓർമ്മയിൽ നിറഞ്ഞു.
ഒരു കടൽക്കാറ്റ് എന്നെ കടന്നു പോകുന്നത് ഞാനറിയുന്നു

കൃഷിയിടങ്ങളിലും മുക്കുവച്ചേരികളിലും
ഇടയക്കുടിലുകലിലും പടത്താവളങ്ങളിലും നിന്ന് നിങ്ങൾ വിയർപ്പും മിഴിനീരുമൊഴുക്കി മുളപ്പിച്ചുവലുതാക്കിയ
 പാലമരത്തിൽനിന്ന് ഏറ്റവുമിളയ ഒരു പൂവ്
ഇതാ സ്വന്തം വൃക്ഷത്തെ നോക്കിക്കാണുന്നു
ഡോ.പി.സുരേഷ്

മലയാളത്തിന്റെ വേരുകൾ അതിന്റെ തനത് ഉൾനിലങ്ങളിലേക്ക് ഇറങ്ങിപ്പോയി തിണകളഞ്ചിലും പടർന്നുനിറയുന്നതിന്റെ ഒച്ച കേൾപ്പിക്കുന്ന നോവലാണ് മനോജ് കുറൂറിന്റെനിലം പൂത്തു വിടർന്ന നാൾ”. മറുനാട്ടിൽനിന്ന് വന്ന് നാട്ടിൽ കുടിവെച്ചു പോറുത്തവളാണല്ലോ നമ്മുടെ നോവൽപെൺകൊടി. ഇന്നും അവൾക്ക് ആടയും ആമാടയും വരുന്നത് പടിഞ്ഞാറുനിന്നുതന്നെ. എന്നാൽ ഇവിടെയിതാ ഒരാൾ അവനവന്റെ മണ്ണിടങ്ങളിൽനിന്നുതന്നെ മുളപ്പിച്ചിരിക്കുന്നു ഒരു എഴുത്തനുഭവം.
മലയാളി ഇതുവരെ കണ്ടെടുക്കാത്ത പെരുമകളിലേക്കുള്ള യാത്രകൂടിയാണ് പുസ്തകം.കൊലുന്പന്റെയും ചിത്തിരയുടെയും മയിലന്റെയും കാഴ്ചകളും കേൾവികളും ഇതിൽ നിറയുന്നു. മലയും പുഴയും കാടും മണൽപ്രദേശവും പൂത്തു വിടരുന്നു. ഉഴവരും മറവരും കൂത്തരും കാനവരും നടന്ന വഴികളും പൊറുത്ത ഇടങ്ങളും അടയാളപ്പെടുന്നു. ഇത് ഒരു ഓർമ്മപ്പെടുത്തലാണ്. നാം വിട്ടുപോന്ന ഇടങ്ങൾ എത്ര പൊലിമയാർന്നതായിരുന്നു എന്ന ഓർമ്മപ്പെടുത്തൽ.നമ്മുടെ മൊഴിയിലും വാഴ്വിലും നിനവിലും എഴുത്തിലും എന്തെല്ലാം വിഷങ്ങളാണ് തീണ്ടിയിരിക്കുന്നത് എന്ന ഓർമ്മപ്പെടുത്തൽ. ആദിമജീവിതം എത്രമാത്രം ഇനിപ്പുള്ളതായിരുന്നുവെന്ന്, നാം വിട്ടുപോന്ന വീട് എത്രമാത്രം നെറിയുള്ളതായിരുന്നുവെന്ന്….
അസാമാന്യമായ കരുതലോടെയാണ് മനോജ് വാക്കുകളിൽ അടയിരുന്നതെന്ന് ഓരോ വരിയും തെളിവുതരുന്നു. മയിലൻ എന്ന മൂന്നാം എഴുത്തിൽ ഇത്തിരി തിടുക്കം കൂടിയോ എന്നൊരു സംശയം.മറ്റുള്ളതെല്ലാം മുറുകിയും കുറുകിയും ഉറച്ചിരിക്കുന്നു. ദ്രാവിഡന്റെ ഉള്ളറിഞ്ഞ എഴുത്ത്
ഇത്രയും എഴുതി നിർത്തുന്നു:
കൃഷിയിടങ്ങളിലും മുക്കുവച്ചേരികളിലും
ഇടയക്കുടിലുകലിലും പടത്താവളങ്ങളിലും നിന്ന്
നിങ്ങൾ വിയർപ്പും മിഴിനീരുമൊഴുക്കി മുളപ്പിച്ചുവലുതാക്കിയ
പാലമരത്തിൽനിന്ന് ഏറ്റവുമിളയ ഒരു പൂവ്
ഇതാ സ്വന്തം വൃക്ഷത്തെ നോക്കിക്കാണുന്നു
(
ആദികവികൾ-സച്ചിദാനന്ദൻ
)


'' യാഴിൽ മീട്ടിയ പുറനീർമ '' 
സജനീവ്.എന്‍. നായര്‍

പുലവൃത്തം കളി പഠിച്ച സമയത്താണ് സംഘകാല കൃതികൾ ആദ്യമായി വായിക്കുന്നത് .'പുലയനെയും ''പുലവരേയും 'അന്വേഷിച്ചൊരു യാത്ര .എട്ടുത്തൊകൈയിലെയും പത്തുപ്പാട്ടിലെയും കിട്ടാവുന്ന കൃതികളൊക്കെ തേടിപ്പിടിച്ച് വായിച്ചു.അതിനെക്കുറിച്ചൊക്കെ ആശാനോട് പറയുമ്പോൾ പാവം ആശാൻ ''പാവന മധുരാ നിലയേ''യും ''അറുപടൈ വീടു കൊണ്ട ''യും ഒക്കെ പാടി കേൾപ്പിക്കും ...................ഉരിപ്പൊരുളും കരുപ്പൊരുളും മുതൽപ്പൊരുളും നിറഞ്ഞ പച്ചക്കവിതകൾ !അത്ഭുതവും അനുഭൂതിയും കൊണ്ട് മനസ്സ് മറ്റൊരു ലോകത്ത് എത്തിയ കാലം .പരണരേയും കപിലരേയും കോവൂർ കിഴാനെയും പൂക്കുന്ട്രനാരെയും അവ്വയാറിനെയും നക്കീരനെയും ഒക്കെ വായിച്ച അതേ അനുഭവം കുറച്ചു ദിവസങ്ങളായി വീണ്ടുമെത്തിയിരിക്കുന്നു.ഇത്തവണ അതൊരു നോവലിന്റെ രൂപത്തിലാണെന്നു മാത്രം .ശ്രീ മനോജ്‌ കുറൂരിന്റെ ''നിലം പൂത്തു മലർന്ന നാൾ ''അത്രയേറെ മനസ്സിൽ പിടിച്ചു .
1 -ബുദ്ധിയെ ചോദ്യം ചെയ്യാത്ത ഭാഷ-പറഞ്ഞു കേട്ടപ്പോൾ മിക്കവാറും അമൃതുവള്ളി കടിച്ച അനുഭവം ആയിരിക്കുമെന്നൊക്കെ വിചാരിച്ചു .എന്നാൽ ഇളനീർ പാകത്തിലുള്ള ഈ ശൈലി ഒരേ സമയം വൈകാരികതീക്ഷ്ണതയും ഭാഷയുടെ കാതൽ മണവും പേറുന്നു .
2-ഇഴ ചേരുന്ന സംഗീതം -അസാധ്യമായ ലയത്തോടെ ഭാവതീവ്രതയനുസരിച്ചുള്ള കാലപ്രമാണവും സ്ഥായിയും നോവലിന്റെ എല്ലാ ഭാഗത്തും അനുഭവപ്പെടുന്നുണ്ട് .കൊലുമ്പന്റെ പതികാലത്തിൽ നിന്ന് ചിത്തിരയിലേക്കും അവിടെ നിന്ന് ദ്രുത കാലത്തിൽ മയിലനിലേക്കും എഴുത്ത് കൊട്ടിക്കയറുമ്പോൾ ഹൃദയതാളം ആർദ്രതയുടെ പൂരപ്പറമ്പിലെത്തും!
3 -വായനക്കാരനും എഴുത്തുകാരനും കഥാപാത്രവും ഒന്നാകുമ്പോൾ.....തലയിൽ താമരപ്പൂവും ചൂടി പട്ടുടുത്ത ആണ്ടവനെ പോലെ ഒരാൾ !പെരുംപാണന്റെ ചോദ്യത്തിന് അയാൾ ''പരണർ 'എന്ന് പേരു പറയുമ്പോൾ ദേഹം തരിച്ചുകയറി .അതേ അനുഭവം പെരുംപാണനും ഉണ്ടാകുമ്പോൾ എഴുതിയ ആൾ എത്ര അനുഭവിച്ചിരിക്കാം എന്നോർത്തു !ഇതേ പോലെ ചിത്തിര അവ്വയാറിനെ കണ്ടപ്പോഴും കണ്ണ് നിറഞ്ഞൊഴുകി .ഒരു പക്ഷെ രക്തത്തിലെ മട്ടാവാം കാരണം .
4-കലയും കലാകാരനും ....വറുതികൊണ്ട് പൊറുതി മുട്ടി തന്റെ കുലചോദനകളെ വെറുക്കാൻ ശീലിക്കുന്ന മയിലൻ അറിയാതെയെങ്ങാനും ഒരു പാട്ടു തോന്നിയാൽ അമ്പിൻമുന കൊണ്ട് അത് തൊണ്ടയിൽ അമർത്തുന്ന കാഴ്ച ഈ നോവലിനെ കലാകാരന്റെ എക്കാലത്തെയും അവസ്ഥയെ വ്യാഖ്യാനിക്കുന്നതാക്കുന്നു .ഒന്നാം എഴുത്തിൽ 'പണിയെടുക്കുന്ന'ഉഴവർ പാട്ടുപാടി നടക്കുന്ന പാണരെ പരിഹസിക്കുന്നുണ്ട് .പട തല്ലുന്ന ധർമ്മാധർമ്മത്തെ ഇതിലും മനോഹരമായി മലയാളത്തിൽ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ സംശയമാണ് .
5 - കൂന്തൽ കൊയ്തു കുറുവളകളൂരിയ പെണ്മയുടെ ലോകം ,പാടത്തു പണിയുന്ന ഉഴവരുടെ ലോകം ,പാട്ടും കൂത്തുമായി ജീവിക്കുന്ന പാണരും കൂത്തരും ,കാളപ്പോര് നടത്തുന്ന കോവലർ ,പതിയിരുന്നു വഴിപോക്കരെ കളവു ചെയ്യുന്ന മറവർ ,മീൻ പിടിക്കുന്ന പരതവർ ,ഉപ്പു കുറുക്കുന്ന ഉമണർ ,മാറ്റലരെ തോൽപ്പിക്കാൻ എന്തു വഴിയും സ്വീകരിക്കുന്ന യവനർ ,പോർക്കലി പൂണ്ട പടയാളികൾ ....ഇങ്ങനെ എത്രയെത്ര ലോകങ്ങൾ!
6 -മൂന്നു കവികൾ-സംഘകാല പശ്ചാത്തലം സ്വീകരിക്കുന്നുണ്ടെങ്കിലും കാടു കയറിയ ആഖ്യാനമല്ല സ്ഫടികസമാനമായ രൂപ ഭദ്രതയിലാണ് നോവലിസ്റ്റിന്റെ ശ്രദ്ധ. ഇതിനു മികച്ച ഉദാഹരണമാണ് പരണരെയും കപിലരെയും അവ്വയാറിനെയും മാത്രം കഥയിലേക്ക് സ്വീകരിച്ച രചനാ ചാതുരി.ഇതിൽ ബ്രാഹ്മണനായ കപിലരിലൂടെ കേരളത്തിന്റെ ചരിത്ര സമസ്യകളിലേക്ക് നോവൽ ആഴത്തിൽ തൊടുന്നുണ്ട്.വേൾപാരിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ രണ്ടു പെണ്മക്കളുമായി മനം നൊന്ത്അലഞ്ഞു മരിച്ച കപിലനല്ല മറിച്ച് അവസരത്തിനൊത്ത് നിന്ന് ചേരനെ പുകഴ്ത്തി,അവസാനിക്കാത്ത ബ്രാഹ്മണഭക്തിക്ക് തുടക്കം കുറിച്ച രാഷ്ട്രീയ കുടിലനാണ് നോവലിലെ കപിലർ . പക്ഷെ അദ്ദേഹം മയിലനെ കണ്ട ശേഷം വടക്കിരുന്നു മരിച്ചു എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സും വിങ്ങിപ്പൊട്ടും .മാത്രമല്ല പതിറ്റുപ്പത്തിലെ കവിതകളുടെ പുനർവായനയ്ക്കും നോവലിലെ കപിലർ പ്രേരിപ്പിക്കും .തനിക്കു കിട്ടിയതെല്ലാം പാണർക്ക് കൊടുത്തു മറഞ്ഞ പരണരും,അഴലിനു കാരണം പോരുളെന്നു പാടിയ അവ്വയാറുമാണ് മറ്റു രണ്ടു കവികൾ .
7-ഭീകരമായ കളവേൾവി,വിവിധ തരത്തിലുള്ള മദ്യങ്ങൾ ,ഭക്ഷണ രീതികൾ ഇങ്ങനെ അക്കാലത്തെ മിക്കവാറും ഗോത്ര രീതികളെല്ലാം നോവലിൽ പ്രതിപാദിക്കുന്നുണ്ട്.എന്നാൽ ഒരു ഭാവ ഗീതം പോലെ മനോഹരമാക്കുന്നത് ഇതിലെ 'നില'വർണ്ണനകളാണ്.ആണ്ടിലൊരിക്കൽ തിരളുന്ന കായാവിന്റെ പൂവ് ,വെണ്‍കാന്തൽ പൂവ് ,ചെരുന്തികൾ ,ചെരുപ്പുന്നകൾ ,മുണ്ടകങ്ങൾ ,കൈതകൾ ,നീർപുന്നകൾ .... പ്രകൃതി ചുരത്തി നിൽക്കുന്ന ഗന്ധം...


വായിച്ച സന്തോഷത്തിൽ എന്തൊക്കെയോ എഴുതിയെന്നേയുള്ളു . ഒരു മാമ്പഴം അറിയാതെയെടുത്ത ബാലികയെ കൊല്ലാൻ വിധിക്കുന്ന മന്നനിൽ നിന്ന് അമ്മ ഭാവം പൂണ്ട ചീരയിലെത്തുമ്പോൾ' അൻപിനെക്കാൾ മേലെയുള്ള ധാരാളം പൊരുളുകൾ' നമ്മുടെ കണ്ണുതുറപ്പിക്കാൻ കാത്തു നിൽക്കുന്നു . ഈ നോവൽ മലയാളത്തിന് എന്താണ് നൽകുന്നത് ?പുലവരുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ഇതാ ''പിറന്നു വീണ കുഞ്ഞിന്റെ കണ്ണ് ഉലകത്തിലെന്നപോലെ വെളിച്ചം വെള്ളപ്പരപ്പിനു മേൽ ഉഴറിനടക്കുന്നു ''.കണ്ണുള്ളവർ കാണട്ടെ ...യാഴിൽ മീട്ടിയ ഈ പുറനീർമ ഉയിരിന്റെ ഉണർവ്വിലേക്കുള്ള മലയാളത്തിന്റെ പള്ളിയുണർത്തലാകട്ടെ.പെരും പുലവരെ നന്ദി ...


കൽത്തുറകൾ വീണ്ടും കേൾക്കുംപോലെ തോന്നുന്നു
സെബിന്‍ ജേക്കബ്.


രിചമുട്ടുകളിക്കിടയിൽ ക്ഷീണം മാറ്റാൻ തലപ്പാട്ടുകാരൻ ചൊല്ലിത്തരുന്ന കൽത്തുറകളുണ്ടു്. അതിനു പിൻവിളിയായി ഓഓന്നു് ഓരിയിട്ടു കളിക്കാർ വട്ടംമുറിച്ചു് തിരിഞ്ഞുവളഞ്ഞുനടക്കും. അതിൽക്കേട്ട മലയാളം ഞാൻ വേറെവിടെയും കേട്ടിട്ടില്ല. സംസ്കൃതം തീണ്ടാത്ത, തമിഴ് ചുവയുള്ള മലയാളം. കൽത്തുറകൾ ആശാൻ ശിഷ്യർക്കു പറഞ്ഞുകൊടുക്കില്ല. അതു സ്വയം പിടിച്ചെടുക്കണം. കളി മുറുകിവരുമ്പോൾ ഇടവേളകളിലെ കൽത്തുറകളും മുറുകിവരും. കുത്തുകൽത്തുറകളും വരും. പിന്നാലെ കുത്തുപാട്ടുകളും വന്നെന്നിരിക്കും. എന്റെ കുട്ടിക്കാലത്തിന്റെ നീക്കിബാക്കിയായി കൽത്തുറകളുടെ ഓരികൾ മാത്രം കേൾക്കാം, ചെവിയോർത്താൽ.
നിലം പൂത്തു മലർന്ന നാൾ കയ്യിൽക്കിട്ടി (തലക്കെട്ടിൽ എന്തിനാണു് വാക്കുമുറിച്ചു് ഇടംകൊടുത്തിരിക്കുന്നതെന്നറിയില്ല). ഒറ്റയിരിപ്പിനു് ൫൪ പുറം പിന്നിട്ടു. ഇന്നുതന്നെ, ഇതുവായിച്ചുതീർക്കുമെന്നു തോന്നുന്നു. അത്രയ്ക്കുണ്ടു്, മൊഴിവഴക്കം. മലയാളം ഇത്ര ഇമ്പമെങ്കിൽ തായ്ത്തമിഴു് ഇതിലുമെത്രയോ ഇനിപ്പുള്ളതാവും.
കവിയുടെ നോവലാണു് നിലംപൂത്തുമലർന്നനാൾ. ഉപമാരൂപകങ്ങളുടെ പെരുമഴക്കൂത്താണു വരികളിൽ. ഈ വരികൾ നോക്കൂ: "പിറന്നുവീണ കുഞ്ഞിന്റെ കണ്ണ് ഉലകത്തിലെന്നപോലെ വെളിച്ചം വെള്ളപ്പരപ്പിനുമേൽ ഉഴറിനടന്നു. ഇടയ്ക്കൊരു മിന്നൽ അടിത്തട്ടോളം പോയപ്പോൾ വലിയൊരു ചില്ലുരുളിയായി പുഴ വെട്ടിത്തിളങ്ങി." ഇങ്ങനെ പലതു്. അനുഭവിപ്പിക്കുന്ന കഥകളുടെ അനവരതമായ ഒഴുക്കു്. വായിച്ചുതുടങ്ങിയപ്പോഴേ ഇത്രയും ഇഷ്ടപ്പെട്ട ഒരു പുസ്തകവും ഈ അടുത്തിടെയൊന്നും വായിച്ചിട്ടില്ല. ഉപയോഗിച്ചിരിക്കുന്ന പല പദങ്ങളും അപരിചിതമായിട്ടും ഒരു മുഷിപ്പും തോന്നിയില്ല. അവയുടെ ദ്രാവിഡച്ചൊടികൊണ്ടുതന്നെ, അതിങ്ങനെ ഉള്ളിലലിഞ്ഞുചേരുന്നു. കൽത്തുറകൾ വീണ്ടും കേൾക്കുംപോലെ തോന്നുന്നു. എന്തൊരെഴുത്തു്...


ഭാഷയെ കെട്ടിപ്പിടിച്ച് ഉമ്മവെക്കാൻ തോന്നി
സന്തോഷ് മനിച്ചേരി

മനോജ് കുറൂരിന്റെ നിലം പൂത്തു മലർന്ന നാൾ വാങ്ങിയിട്ട് കുറച്ച് ദിവസമായെങ്കിലും വായിക്കാനായത് ഇപ്പോഴാണ്. ഒറ്റയിരുപ്പിന് വായിച്ചു തീർത്തു. കൊതിയോടെ ഒരു വട്ടം കൂടി വായിച്ചു .( ഒരു യാത്രയിൽ ഇതല്ലാതെ വേറൊന്നും കരുതിയിട്ടുണ്ടായിരുന്നില്ല.) മലയാളത്തോട് അനുരാഗം തീവ്രമായ നിമിഷം. ഭാഷയെ കെട്ടിപ്പിടിച്ച് ഉമ്മവെക്കാൻ തോന്നി- അത്രയ്ക്കു ചാരുതയോടെയാണ് ഈ നോവലിൽ ഭാഷ ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. രാവേറെയിരുന്ന് കേരള ചരിത്രം വായിച്ചിരുന്നപ്പോഴും വെളുക്കുവോളമിരുന്ന് എന്റെ വീട്ടിലെ തെയ്യം കണ്ടപ്പോഴും തീവ്രമാകാറുണ്ടായിരുന്ന വന്യ പ്രകൃതിയുടേയും സ്മൃതികളുടേയും അനുഭവം ഈ നോവലിൽ നിന്നുണ്ടായി. ഞാൻ കാലം മറന്നു. പഴന്തമിഴ് കവിതകൾ യൗവനത്തെ പ്രണയ തീവ്രമാക്കിയവയാണ്. അക്കാലത്ത് ഞങ്ങൾ കുറച് പേർ അകം കവിതകൾ ഏഴിമലയുടെ ഗംഭീരമായ ഔന്നത്യത്തെ സാക്ഷിയാക്കി മാടായി പ്പാറയുടെ വിശാലതയിൽ സായാഹ്നത്തിലിരുന്ന് ചൊല്ലിയതോർത്തു ഞങ്ങളുടെ ചില മാഷൻമാർക്ക് ( പവിത്രൻ മാഷ്ക്കും മുരളി മാഷിനും) പാഴിയും മാടായി ചരിത്രവും വലിയ ആവേശമായിരുന്നു.സച്ചിദാനന്ദൻ സംഘo സ്മൃതികളെ കവിതയിലേക്ക് ആനയിക്കുമ്പോൾ ബിരുദ പഠന കാലത്ത് സംഘത്തിണകളിലലിയാറുണ്ടായിരുന്ന ഓർമ്മകളും വന്നു. ആഖ്യാനത്തിൽ കാണിച്ച സൂക്ഷ്മതയും മിടുക്കും വഴക്കവും വിസ്മയിപ്പിച്ചു. ഒരു ചരിത്ര നോവലായി ഇതിനെ സ്ഥാപിക്കുന്ന ചില അഭിപ്രായങ്ങളും വായിച്ചു.അത്തരമൊരു ജനുസ്സിൽപെടുത്തേണമോയെന്നു സന്ദേഹമുണ്ടായി. നോവലിൽ വന്യ പ്രകൃതിയും ഭാഷയും പ്രകാശിക്കുമ്പോൾത്തന്നെ പലയിടങ്ങളിലും ഒരു ആധുനികന്റെ നോട്ടം പിടിമുറുക്കുന്നതായി തോന്നി. അത് നോവലിന് ഒരേ സമയം സാധ്യതയും പരിമിതിയും ഉണ്ടാക്കുന്നതായുംതോന്നി. വർത്തമാനത്തോടു ചേർത്തുവെച് ഒരു അരേഖീയമായ വായനക്ക് അതു അവസരമുണ്ടാക്കുന്നുവെന്നതാണ് സാധ്യത. പതിന്മടങ്ങ് പ്രകാശിക്കുമായിരുന്ന ചില അംശങ്ങളുടെ മാറ്റ് സാധാരണ നിലയിലാക്കി എന്നതാണ് പരിമിതി. പിന്നീട് കൂടുതൽ എഴുതാനാവൂമെന്ന് തോന്നുന്നു, അതെന്തോ ആവട്ടെ മലയാളനോവലിനെയും എഴുത്തിനേയും ബഹു ദൂരം മുന്നോട്ടു നയിച്ചിരിക്കുന്നു ഈ നോവൽ. തീവ്രവും ഉജ്ജ്വലവുമായ ഒരു വായനാനുഭവത്തിനും നന്ദി..

വായിക്കുക എന്നതായിരുന്നില്ല അറിയുകയും അനുഭവിക്കുകയുമായിരുന്നു.
ധനീഷ് രാജ്. പി.ഡി.
വായിക്കുക എന്നതായിരുന്നില്ല അറിയുകയും അനുഭവിക്കുകയുമായിരുന്നു. ഈ ദ്രാവിഡമണ്ണിടത്തെ. കഥാ തന്തു യെന്തെന്നു തിരഞ്ഞാൽ കേട്ടുപരിചയിച്ച കഥകളുടെ വഴിയിടങ്ങളെയാവും കാണുക . പക്ഷേ രചനാശൈലി യുടെ പ്രത്യേകതയാവാം ഉള്ളടക്കത്തിനുപോലും പുതുമണ്ണിന്റെ വശ്യ ഗന്ധം പകരുന്നത് . വായനയുടെ തുടക്കത്തില് ഇഴയുന്ന ചലനം കണ്ടപ്പോ തോന്നീത് ഇത് യെന്തു പണിയെടുത്തുന്നാണ് മുന്നുരയില് ശ്രീ ജയമോഹൻ ചുമ്മാ പുകഴ്ത്തുപാട്ട് പാടിയതല്ലേന്നാ പക്ഷേ അതൊരു പതികാലമായിരന്നൂന്ന് പിന്നീടുള്ള വായനതെളിയിക്കുകയായിരുന്നു . പതികാലത്തിലൂന്ന് ദ്രുതകാലത്തിലേക്കുള്ള. താളക്കയറ്റം കലാശമെത്തുമ്പോഴുള്ള ഘോഷവും യെല്ലാം ചേരുന്ന ഒരു ഇലഞ്ഞിത്തറ മേളം തന്നെ ഈ ദ്രാവിഡ നിലം. സംഘഭാഷയെ കല്ലുകടികളില്ലാത്തവിധം നോവലിലുടനീളം ഉപയോഗിക്കുക യെന്ന ശക്തമായ വെല്ലുവിളിയെ യേറ്റെടുത്തു വിജയമാക്കുകയാണ് എഴുത്തുകാരനീ രചനയിലൂടെ . നമ്പ്യാർ രചനകളിലേതുപോലുള്ള സ്ഥലകാല വിവരണം സിവിയും ഒവിവിജയനേയുപോലുള്ളവരുടെ ഭാഷാപ്രയോഗരീതിയും സമ്മേളിക്കുന്ന രചനാ പദ്ധതി. കഥാപാത്രങ്ങളുടെ മാനസിക വ്യാപാരം കഥാഗതികളിലെ വിസ്ഫോടനമാക്കുകവഴി മനശ്ശാസ്ത്രപരമായ വിമർശനപദ്ധതികളുടെ എത്തിനോട്ടത്തിലേക്ക് നോവലിടം തുറന്നിടുന്നുണ്ട് . സംഘകാലത്തെ അറിയുവാനുള്ള ഏറ്റവും മികച്ച ഒരു പഠന പുസ്തകം കൂടി ആണിത് . മടലേറിമരിക്കാനിരിക്കുന്ന അവശകാമുകനെയോക്കെ വരച്ചകാട്ടുമ്പോ ആകാലത്തെ ആചാരരീതികളിലൂടെ നാം സ്വാഭാവികമായി നടന്നു നീങ്ങും . മലയാള സാഹിത്യം പഠിക്കുന്നവര്ക്ക് കേരളസംസ്കാരം പഠിപ്പിക്കുന്ന സംഘകാലത്തെ അറിയാനിനി കാണാപാഠം പഠിക്കലിന്റെ കഷ്ടപ്പാടുവേണ്ട , "നിലംപൂത്തുമലർന്നനാളി "ലൂടെ ഒരു സഞ്ചാരം മാത്രം മതിയാവും. കപിലരും , അവ്വയാറും പോലുള്ള കാലഘട്ടങ്ങളെ വരച്ചിട്ട മഹാകവികളെതന്ന നോവലിലെ കഥാപാത്രങ്ങളാക്കുക മാത്രമല്ല അവരെ ചരിത്ര നീതിയുടെ ചോദ്യങ്ങളാലെ വരിയുന്നുമുണ്ട് പ്രസ്തുത പുസ്തകം. നമ്മുടെ നാടിന്റെ ഓരോ മണ്ണിടങ്ങളിലൂടെയും സഞ്ചരിക്കുന്ന സഞ്ചാരസാഹിത്യത്തിന്റെ ഭാവം പേറുന്ന കഥാവഴി മണ്ണും മനുഷ്യനും ചേരുന്ന സൗന്ദര്യം വിരിയിക്കുന്നു . ഒരുനോവലിനെ സംഗീതാത്മകമാക്കുന്ന രസവിദ്യ പലയിടങ്ങളിലും വിവരണങ്ങളിലും നമുക്ക് അറിയാനാവും നമ്മുടെ ചുറ്റുപാടുകളിലെ ഓരോ ശബ്ദവീചികളിലെയും സംഗീതത്തെ ഒരു സംഗീതവിദ്വാന്റെ കരവിരുതോടെ ചേർക്കുന്നുണ്ടിതില് , ഒലമടലിലെ വഴുക കീറുന്നതുമുതലുള്ള നാം ഒരു നോവലിവ് വരുമെന്നു പ്രതീക്ഷിക്കാത്ത പല ശബ്ദങ്ങളേയും ഇതില് കാണാം . മഴതുള്ളികള് താളം പിടിക്കുന്ന യാഴും ഇരകൊരുക്കുന്ന പല്ലുകളുടെ താളവും കാറ്റിലാടുന്ന ചെറുമര നാദവും പ്രതക്ഷയും ദു:ഖവും അലച്ചിലുമൊരുക്കുന്ന ജീവിതത്തിന്റെ സംഗീതം പൊഴിക്കുമ്പോ പുഴയോളവും നെല്ലുകുത്തിന്റെതാളവും നാട്ടരങ്ങിന്റെ സംഗീതവും കാളപ്പോരിന്റെ ചുവടുതാളവുമൊക്കെ ചേരുന്ന പുതുജീവിതവും മാറ്റവും കാണിക്കുന്നു അത്തരത്തില് പാണരും കൂത്തരും മണ്ണിടത്തിന്റെ സംഗീതവും താളവും ചേരുന്ന നാദവിസ്മയം ആണ് ഈ നോവൽ. മിത്തുകളെയും ചരിത്രത്തെയും ചരിത്രഭൂമികയിലിടമില്ലാതിരുന്ന ജീവിതങ്ങളേയും കോർത്തിണക്കി ശക്തമായ ചരിത്ര പുനർനിർമാണം തന്നെ നടക്കുന്നുണ്ട് ഇതില് . നമ്മുടെ നാടിന്റെ മലനാടും ഇടനാടും തീരഭൂമിയും പശ്ചാത്തലമാക്കി കേരള ഭൂമികയുടെ ഭൂപടം വരയ്ക്കുമ്പോ പെണ്ണിടത്തിന്റെയും ന്ന്മ ഭൂമിയുടെയും ശക്തി പകരുകയാണ് രചയിതാവ് . കൊടുങ്ങല്ലൂർ ഭരണിയുടെ ചരിത്ര മിത്ത് കലാശമാവുമ്പോ വായനാനന്തരം ആടിയുലയുന്ന കോമരമാവും നമ്മുടെ മനസ്സ് . ഈ ഒരു നോവല് വായിക്കാതിരുന്നാല് കേരളചരിത്രത്തെ മണ്ണിടങ്ങളെ പ്രാചീന സംഗീതതാളങ്ങളെ കാണാതെപോവും . ഏറെ പഠനങ്ങളും ചർച്ചകള്ക്കും വഴിയാവും മനോജ് കുറൂരിന്റെ "നിലംപൂത്തുമലർന്നനാൾ " അഭിനന്ദനങ്ങൾ പ്രിയപ്പെട്ട മനോജ്കുറൂർ നന്ദി ഇത്രയും മഹത്തരമായ ഒരു പുസ്തകത്തെ വളരെ മനോഹരമായി ഒരുക്കിതന്നതിന്.


കാലപ്രവാഹത്തിലോ, മൊഴിമാറ്റത്തിലോ ഒട്ടും തനിമ നഷ്ടപ്പെടാൻ സാദ്ധ്യതയില്ലാത്ത അതീവസമ്പന്നമായ ഒരു കൃതി
ഫെമിനാ ജബ്ബാര്‍

മനോജ് കുറൂരിന്റെ “നിലം പൂത്തു മലർന്ന നാൾ” ഒരു ചരിത്രനോവലാണ്. രണ്ടായിരം വർഷങ്ങളോളം പഴക്കമുള്ള ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന ഈ കൃതിയെ, തികച്ചും പരിമിതമായ തെളിവുകളിൽ നിന്നും അവശേഷിപ്പുകളിൽ നിന്നുമാണ് മനോജ് കൂറൂർ ഒരുക്കിയെടുത്തിട്ടുള്ളത്. എങ്കിലും, ആ പരിമിതിയ്ക്കുള്ളിലും എവിടെയും സാഹിത്യവും ചരിത്രവും രണ്ടായി പിളർന്ന് അതിനു നടുവിൽ എഴുത്തുകാരൻ മുഴച്ചു നില്ക്കുന്നില്ല. ആഖ്യാനം ആരംഭിക്കുന്നിടത്ത് കഥാകാരൻ ഇല്ലാതാകുന്നത് എങ്ങനെയാണെന്ന് വ്യക്തമായി അനുഭവിപ്പിക്കുന്ന രചനാപാടവം. മലയാളിയ്ക്ക് തീർത്തും അപരിചിതമായ ഒരു പ്രദേശത്ത് പ്രാചീനമായ ഒരു ഭാഷയുമായി വായനക്കാരൻ എവിടേയും തടഞ്ഞു നില്ക്കുന്നതേയില്ല. അതീവസൂക്ഷ്മതയോടെ കൃത്യമായ പുറംവരയിട്ട കഥാപാത്രങ്ങളും, പ്രദേശങ്ങളും ഹൃദ്യമായ ഭാഷയുടെ തെളിമയോടെ ഒരിടത്തുപോലും വായനയുടെ ഒഴുക്കുനിലച്ചു പോകാതെ വായനക്കാരിൽ വന്നുനിറയുന്നു.
ഫോൿലോറുകളുടെയും ഫെയറിടെയിലുകളുടെയും ഓർമ്മയുണർത്തുന്ന മനോഹരവും അതിസാധാരണവുമായൊരു യാത്രാനുഭവമായാണു ഈ നോവൽ എനിക്കനുഭവപ്പെട്ടത്. ആകുളിപ്പറകളുടേയും യാഴുകളുടെയും ഇമ്പമാർന്ന മുഴക്കങ്ങളിൽ ഒരു കൊടുംമഴയിൽ ആരംഭിച്ച് കിളികളാർക്കുന്ന കാടുകളിലൂടെ ഒരു സൂപ്പർത്രില്ലറായി മുന്നേറി കടലിലവസാനിക്കുന്ന തികച്ചും അവിസ്മരണീയമായൊരു യാത്ര. ആഖ്യാനത്തിൽ ഫെയറിടെയിലുകളുടെ രീതി മുമ്പ് കണ്ടിട്ടുള്ളത് ഏയ്ഞ്ചലാ കാർട്ടറിലും മരീനാ വോർണറിലുമാണ്. എന്നാൽ അതിസമ്പന്നമായ ഭാവനാപശ്ചാത്തലം ഉണ്ടെന്നത് ഒഴിച്ചാൽ മനോജ് കുറൂർ അവരിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായാണ് ഈ സങ്കേതം കൈകാര്യം ചെയ്തിട്ടുള്ളത്. എന്നാൽ ഇവയ്ക്കെല്ലാം പൊതുവായി ഒന്നുണ്ട്. രാജകുമാരിയുടെ തലയിണയിൽ ഉറങ്ങുവാനാഗ്രഹിക്കുന്ന തവളക്കുട്ടനേയും സുന്ദരമായൊരു കല്പനയായി ബോദ്ധ്യപ്പെടുത്തുന്നതും, ഒറ്റവായനയിൽ വിശാലമായൊരു ലോകം മുഴുവൻ മനസ്സിൽ പതിയുന്നതുമായ ആ മാജിക്. അതുകൊണ്ടാണല്ലോ അവയെല്ലാം നമുക്ക് മാന്ത്രികക്കഥകളായതും.
ഈ നോവലിനെക്കുറിച്ച് സംസാരിക്കുമ്പോൾ ആദ്യം എടുത്തു പറയേണ്ടത് ഇതിലെ ഭാഷയെക്കുറിച്ച്തന്നെയാണ്. രണ്ടായിരം വർഷം പഴക്കമുള്ള, സംസ്കൃതാക്ഷരങ്ങൾ പൂർണ്ണമായും ഒഴിവാക്കി ദ്രാവിഡാക്ഷരങ്ങൾ മാത്രം ഉള്ള ഭാഷയാണ് നോവലിലുടനീളം. എങ്കിലും വായനയുടെ ഒഴുക്കിന് അല്പം‌പോലും തടസ്സം വരാതെയും കൃത്രിമത്വം അനുഭവപ്പെടാതെയും അന്നത്തെ ജീവിതശൈലി, ഭൂപ്രകൃതിയിലെ വൈവിദ്ധ്യങ്ങൾ, ഭക്ഷണരീതികൾ, സംഗീതം, ആചാരങ്ങൾ, വീട്ടുപകരണങ്ങൾ, ആഭരണങ്ങൾ എന്നു വേണ്ട സകലതിനെപ്പറ്റിയും ഉള്ള സൂക്ഷ്മവിവരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മാത്രമല്ല, സംഗീതത്തിന്റെ വിവിധഭാവങ്ങളും വൈകാരികമുഹൂർത്തങ്ങളും ഉദ്വേഗവും ഭീതിയും ഒറ്റാടലും എല്ലാം എല്ലാം അതാതിന്റേതായ തീവ്രതയിൽ അനുഭവിച്ചറിയാൻ കഴിയുന്നുമുണ്ട്. അതീവപ്രാധാന്യമുള്ള ചരിത്രനീക്കങ്ങൾ ആ‍ഴത്തിൽ മനസ്സിൽ പതിയുന്നുണ്ട്.
നീണ്ടൊരു യാത്രയാണ് “നിലം പൂത്തു മലർന്ന നാൾ” എന്ന് പറഞ്ഞുവല്ലോ. ഒരു നാടോടിക്കഥയിലേക്ക് കടന്നുവരുന്ന കൊച്ചുകുട്ടിയുടെ അത്ര അനായാസതയോടെയും കൌതുകത്തൊടെയും നിങ്ങൾക്കീ യാത്രയിലേയ്ക്ക് ഇറങ്ങാനാകും. പാണരുടേയും, കൂത്തരുടേയും വറുതിയാർന്ന കാ‍ട്ടരികിൽ നിന്ന് ആകുളിപ്പറകളുടേയും, മല്ലികയെന്ന, പണിതീരാത്ത പെണ്ണുടലിനെ ഓർമ്മിപ്പിക്കുന്ന മെയ്യഴകുള്ള, ഇരുപത്തിയൊന്ന് ഞരമ്പുകളുള്ള പേരറിയാഴിന്റേയും താളത്തിൽ ഒരു മഴക്കാലത്ത് വഴുക്കുന്ന മലമ്പാതയിലൂടെ ആരംഭിക്കുന്ന യാത്രാവിവരണം തുടങ്ങി വയ്ക്കുന്നത് കൊലുമ്പനാണ്. വരാൻ പോകുന്ന പൂക്കാലത്തിന്റെ ഓർമ്മകളൊളിപ്പിച്ച കാന്തളിനും കുറിഞ്ഞികൾക്കും ഇടയിലൂടെ എയിനരുടെ അൻപിന്റേയും ഊൻ‌ചോറിന്റേം, മുളയരിപ്പാലിന്റേയും നിറവറിഞ്ഞ്, കിളികളാർക്കുന്ന മുളങ്കൂട്ടത്തിനു നടുവിലൂടെ പുളഞ്ഞുയരുന്ന സർപ്പങ്ങളും ആനകളെ വരെ വിഴുങ്ങാൻ കെല്പുള്ള മുതലകളും പെരുമ്പാമ്പുകളും ഉണർത്തുന്ന ഭീതിയിൽ പതുങ്ങി വേട്ടയാടുന്ന കുറവരെ പിന്നിട്ട് ജീവൻ കയ്യിലെടുത്തുള്ള യാത്ര. കാടിന്റെ നിറവും തെളിവും അമ്പരപ്പും നീർച്ചോലകളുടെ കുളിർമ്മയും വിവിധയിനം പൂക്കളുടെയും മാമ്പഴത്തിന്റേയും തേൻവരിക്കയുടെയും ചൂരുകളും പാട്ടിന്റെയും കൂത്തിന്റെയും വിവിധതാളവും താളപ്പെരുക്കവും ആട്ടത്തിൽ നിന്ന് തുള്ളലിലേയ്ക്കുള്ള മുറുക്കവും എല്ലാമെല്ലാം അക്ഷരാർത്ഥത്തിൽ ദേഹത്തുവന്നു തൊടുന്നുണ്ട്. ഏഴിമല ലക്ഷ്യമാക്കിയുള്ള ഈ യാത്ര പിന്നീട് പറമ്പുമലയിലേക്ക് ഗതിമാറുന്നു. ഉഴവരേയും അവരുടെ പാ‍ടങ്ങളും കടന്ന്, തൊണ്ണൂറ്റൊമ്പതോളം പൂക്കളുടെ ഇളവേനൽക്കാലമുള്ള പാട്ടിന്റെ നിറവിൽനിന്നും അത്യന്തം ഉദ്വേഗജനകമായൊരു ഒഴുക്കിലേക്ക് കഥാഗതി മാറുന്നതും ഇവിടെ വച്ചാണു. വറുതി മാറ്റാനും, നാടുവിട്ടുപോയുള്ള മകനെ തിരഞ്ഞുമായുള്ള വളരെ സാധാരണമായ ഒരു യാത്ര പിന്നീട് ഒരു ചരിത്രം മുന്നിൽ തുറന്നുതരുന്നു.
ഇവിടെ വച്ച് വിവരണം കൊലുമ്പന്റെ മകൾ ചിത്തിര ഏറ്റെടുക്കുന്നു. യുദ്ധവും മരണവുമെല്ലാം അവസാനം ഏറ്റവുമധികം ബാധിക്കുന്നത് സ്ത്രീയെയാണല്ലൊ എന്ന ആത്മഗദത്തോടെയാണു ചിത്തിര ഇതേറ്റെടുക്കുന്നത്. കണവൻ മരിച്ചവൾ ഒന്നുകിൽ തീയിൽ ചാടി മരിയ്ക്കണം അല്ലെങ്കിൽ ഉയിരോടെ ഇരുന്ന് നീറിനീറി മരിയ്ക്കണം എന്നർത്ഥം വരുന്ന പാട്ടോടെ ഉറ്റവർക്കൊപ്പം തുടങ്ങുന്ന യാത്ര ഒടുവിൽ നിരവധി യുദ്ധക്കാഴ്ചകളോടെ ചേരനാട്ടിൽ അവസാനിക്കുന്നു. കഥയിലുടനീളം ചങ്കുറപ്പുള്ള പെൺകരുത്തിന്റെ പ്രതീകമായാണു ചിത്തിര നിലകൊള്ളുന്നത്.
യാത്ര തുടരുന്നത് മയിലനാണ്. കടുത്ത വേനലിൽ, എരിയുന്ന കാട്ടുതീയിൽ അടിവേരുപോലും വെന്തു നിൽക്കുന്ന മരങ്ങൾക്കും പാതിവെന്ത മൃഗശരീരങ്ങൾക്കും നടുവിലൂടെ ആരംഭിക്കുന്ന ആ യാത്ര അവസാനിക്കുന്നത് കടലിലാണ്. കൊള്ളക്കാരുടേയും, പടയാളികളുടെയും അരചരുടേയും പോരാട്ടങ്ങളുടേയും, ഒറ്റാടലുകളുടേയും, അരചിയലിന്റേയും പുതിയ കാഴ്ചകൾ തുറന്നുതരുന്നുണ്ട് മയിലന്റെ യാത്ര. മൂന്നുകൊല്ലം മുൻപ് ഈ നോവലുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു പുസ്തകത്തിന്റെ ആമുഖത്തിൽ “ചരിത്രമെന്നും വീരയോദ്ധാക്കളുടെ വൻ‌നേട്ടങ്ങളെക്കുറിച്ചു മാത്രമേ പറഞ്ഞു വയ്ക്കുന്നുള്ളു. സുരക്ഷിതനീക്കങ്ങൾക്കു സുഗമമായ മുന്നേറ്റങ്ങളൊരുക്കിയ രഹസ്യവഴികളെക്കുറിച്ച്, കുതിച്ചു വരുന്ന കുതിരക്കുളമ്പടിയിൽ നികന്നുപോയ വയലുകളേയും ഉൾഗ്രാമങ്ങളേയും കുറിച്ച്, ചത്തൊടുങ്ങിയ കാലാളുകളേയും അവരുടെ ഉറ്റവരേയും കുറിച്ച് ഒരു കാലഘട്ടത്തിലെ ചരിത്രവും ഒരിക്കലും എവിടെയും ഒന്നും അടയാളപ്പെടുത്തി വയ്ക്കുന്നില്ല.” എന്ന് എഴുതിയിരുന്നു ഞാൻ. എന്നാൽ “നിലം പൂത്ത് മറന്ന നാളിൽ സംസാരിക്കുന്നത് ഇവരൊക്കെയാണ്. അരചരും ഔവ്വയാറും കപിലരും എല്ലാം നിസ്സാരരായ ചെറിയ മനുഷ്യരുടെ വാക്കുകളിലൂടെ ആണ് നമുക്കു മുന്നിലെത്തുന്നത്.
കാടും വയലും കടലുമടങ്ങിയ ഭൂഘടനയും പാണരും കൂത്തരും ഉഴവരും എയ്നരും മറവരും ആയരും ചാലിയരും അന്തണരും പരത്തകളും ഒക്കെ ആയി നിരവധി ആളുകളും മാത്രമല്ല, ചേരനാട്ടിലെ യവനപ്പടയാളികളുടെ അമ്പലവും സാന്നിദ്ധ്യവും ആയി നിരവധി ചരിത്രരേഖകളും ഉണ്ട് ഈ നോവലിൽ. മുചിറിയിൽ നിന്നും ചരക്കുകളുമായി കടൽ കടന്നുപോകുന്ന മരക്കലങ്ങളുടെ സൂചന ആണു ഇതിലേറ്റവും പ്രധാനമായി തോന്നിയത്. കുരുമുളകും, സുഗന്ധദ്രവ്യങ്ങളും മുത്തും പവിഴവും ആനക്കൊമ്പും നിറച്ച മരക്കപ്പലിൽ കയറി കടൽ കടന്നുപോകുന്ന മയിലൻ എന്ന മലയാളിയുടെ മറുനാടൻ യാത്ര വാസ്കോഡ ഗാമ യുടെ വരവിന്റെ ചരിത്രപ്രാധാന്യത്തെ ചോദ്യം ചെയ്തു വയ്ക്കുന്നു. യുദ്ധവിജയത്തിനുശേഷം പശുവിനെ കൊന്ന് ദേവിയ്ക്കു മുന്നിൽ ബലിയർപ്പിച്ച് പങ്കിട്ട് ഭക്ഷിക്കുന്നതിന്റെ വിവരണം വരുന്ന ഭാഗം ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തിൽ എങ്ങനെ വിലയിരുത്തപ്പെടും എന്നതിനെക്കുറിച്ചും കൌതുകം തോന്നുന്നു.
ഭാഷകൊണ്ട് ഭാവവും ഗന്ധവും താളവും ഊഷ്മാവും എല്ലാം ഇത്രകണ്ട് അനുഭവിപ്പിക്കുന്നകൃതികൾ മലയാളത്തിൽ അധികമുണ്ടായിട്ടില്ല. ചീരയാണ് ഇതിലെ എടുത്തുപറയേണ്ട മറ്റൊരു കഥാപാത്രം. ഏഴിമലയിലേയ്ക്കുള്ള യാത്രയിൽ കോവിലിൽ കാണുന്ന പെൺ‌പാവയിലേക്കും, ചിലമ്പെടുത്ത് തുള്ളി തലപിളർക്കുന്ന കോമരമായും ഒക്കെ രൂപപ്പകർച്ച നടത്തുന്ന ചീരയുടെ ക്യാരക്ടർ ഫോർമേഷനും ഈ ലോകത്തിനും മറുലോകത്തിനും ഇടയ്ക്ക് പെട്ടുപോകുന്ന വിഭ്രമനിമിഷങ്ങളിലെ സർ‌റിയൽ ആയ സ്വപ്നക്കാഴ്ചകളും നോവലിന്റെ ഭാവനാതലത്തെ തീർത്തും സമ്പന്നമാക്കുന്നതാണ്. തുടക്കം മുതൽ കരുത്താർന്ന ചോദ്യങ്ങളും നിരീക്ഷണപാടവവുമായി കൊലുമ്പനെ അമ്പരപ്പിക്കുന്നുണ്ട് ചീര. കോവിലിലെ പെൺപാവയുടെ പാത്രനിർമ്മിതിയാണ് വിസ്മയിപ്പിക്കുന്ന മറ്റൊരനുഭവം.

ജയമോഹനും സി.ആർ. പരമേശ്വരനും അയ്മനം ജോണും പി.രാമനും ഒക്കെ പഠനങ്ങൾ എഴുത്തിച്ചേർത്തിട്ടുള്ള ഈ പുസ്തകത്തിനെപ്പറ്റി അതിൽക്കൂടുതലൊന്നും എനിക്കും എഴുതാനില്ല. എന്നാൽ എന്റെയുള്ളിലെ കഥകളൊരുപാട് ഇഷ്ടപ്പെടുന്നൊരുഒരു കുട്ടി വായനയ്ക്കുശേഷവും ഈ മന്ത്രക്കഥയിലെ കാടുകളിലെവിടെയോ ഇറങ്ങിപ്പോരാനാകാതെ കിടപ്പുണ്ട്. വറുതിയും നോവും പകയും യുദ്ധവും കെടുതിയുമെല്ലാം ഒരുപാട് കണ്ടുകഴിഞ്ഞും അതിലൊന്നും കണ്ണുതങ്ങാതെയും മനം മടുക്കാതെയും കാട്ടിലും വയലിലും എല്ലാം എന്തൊക്കെയോ കൌതുകത്തോടെ തിരഞ്ഞുകൊണ്ട്, തിരികെ വീട്ടിലേയ്ക്കുള്ള വഴി മറന്നുപോയതിന്റെ ഉല്ലാസത്തിൽ, ഞണ്ടുകൾ ആമ്പലിലകളിൽ വരച്ച ഉരുവങ്ങളെ കണ്ണിമയ്ക്കാതെ നോക്കി ഇലപ്പടർപ്പുകളിൽ എവിടെയോ കുരുങ്ങിക്കിടപ്പാണവൾ. സന്തോഷമുണ്ട്. കാലപ്രവാഹത്തിലോ, മൊഴിമാറ്റത്തിലോ ഒട്ടും തനിമ നഷ്ടപ്പെടാൻ സാദ്ധ്യതയില്ലാത്ത അതീവസമ്പന്നമായ ഒരു കൃതി വളരെക്കാലം കൂടി മലയാളത്തിൽ വായിച്ചതിൽ.


Tracing the voice of a land 

Meena T Pillai

(The Hindu, 2015 July 23)

A tale of one land as it tumbles down from Vengadamala (Thirupathi Hills) to Kumarimunanbu (Cape Comorin). A tale wherein seventeen centuries slip by to unfold an age when history was young, passions were raw and languages were nascent. Manoj Kuroor’s Nilam Poothu Malarnna Naal is a Dravidian saga that narrates the story of a land and its people before they were divided into states and languages.
This is the story of ancient Thamizhagam, a land bound by the sea on the east and west, and replete with meadows, hills, arid plains, riverine valleys, seashores and verdant farmlands.
It is a unique work in Malayalam in its attempt to narrate a past that has as yet remained uncharted in the literary imaginations of the novelistic genre.
In a rare instance of artistic ingenuity, the story of a land’s literary traditions is made to blend beautifully with the origins of its language. Thus it is as much a history of Malayalam language and its oft forgotten Dravidian roots as it is a chronicle of a bygone era of Sangam literature.
In a soft lilting language evocative of Sangam poetry, Kuroor takes you on a spell binding tour across centuries where space and time become molten and fluid. By making the panars or wandering bards the main characters in his story the novelist offers a broadening of the thinai concept, a literary device of Sangam poetry where a mood is evoked through associations with a landscape.
The novel’s little heroes and heroines thus traverse different Sangam topographies like the mullai (pastoral), or palai (arid lands), or kurunji (hills). However, in straddling these different thinais the novelist illustrates the need to liberate characters and settings from being mere literary devices to becoming living, aching men and women who carry the angst of their times in their veins.
Romancing with the Thamizh roots of Malayalam language and literature, the novel gently reminds one of the need to go beyond Sanskritising trends across ages that sought to sever the Dravidian roots of the language. As the organic connections between land, language and lives unfold, the narrative begins to pulsate with an energy that is both mythical and metaphysical.
What is interesting is how women connect and hold the saga together. Their words, their songs and their dances give an intensity and cohesion to the legendary landscapes, stringing lives and tales, and weaving magic.
The novel offers interesting vignettes of masculinity and femininity in that age, rules of honour, codes of conduct, rituals and practices. Thus the tale offers a near realistic geographical concreteness, populated by a number of real historical characters like the Sangam poets Paranar and Kapilar among others.
The novel is at its evocative best in recreating the archaic, exotic music of the Sangam age. The narrative is divided amongst three tellers of tales who are the father, daughter and son. What they share is not only a biological strand but a common oral tradition of shared storytelling. In recounting their own memories and the shared histories of the people around them, they step beyond the limits of a family saga to become oral chroniclers of an age of dynastic conflicts.
An era where the Cheras, Chozhas and Pandyas ruled and ordinary people struggled with their daily lives. The novel begins with a journey for subsistence across lands and ends in a voyage into the endless ocean, thus in a sense symbolically charting the numerous journeys that would characterise the Malayali in the ages to come.
This is not a novel for people who are on the lookout for an easy read. A complex work, it requires a certain historical, literary and linguistic sensibility to understand its finely nuanced storytelling techniques.
It offers a fresh beginning for the Malayalam novel, nudging it closer to the soil, its ancient lore, its music and mythology.
In a soft lilting language evocative of Sangam poetry, Kuroor takes you on a spell binding tour across centuries where space and time become molten and fluid.
(A column on some of the best reads in Malayalam. The author is director, School of English and Foreign Languages, University of Kerala)
Nilam Poothu Malarnna Naal
Manoj Kuroor
DC Books
Rs. 175

ചരിത്രം രേഖപ്പെടുത്താതെവിട്ടവരുടെ ,ഉള്ള്..ഉയിര്...
ആര്യരാജ്

മുന്നുര
വടക്കു വെന്കടമല. തെക്കു കുമരിമുനന്പ്. കിഴക്കും പടിഞ്ഞാറും പെരുംകടല്‍. ഇവയ്ക്കിടയില്‍ മലകളും താഴ്വാരങ്ങളും കാടുകളും കുന്നുകളും വിളനിലങ്ങളുംപാടങ്ങളും മരുക്കാടുകളും പുഴയോരങ്ങളും കടല്‍ത്തീരങ്ങളുമായി പലപല ഉയിരിടങ്ങള്‍....
കഥയാരംഭിക്കുകയാണ്..... 
ബസ്സ് പുറപ്പെടാനിനിയും അരമണിക്കൂറെന്കിലും വേണമെന്നതുകൊണ്ടാണു വായിച്ചു തുടങ്ങിയത്... പുറപ്പെടുമ്പോഴേക്കും  കഥ കപ്പലു നീങ്ങിത്തുടങ്ങിയിരുന്നു... പുറത്തുചാടാനായില്ല... കണ്ണുകഴച്ച് ചുവന്നു നീറിയിട്ടും, നിറഞ്ഞൊഴുകി കാഴ്ച മറയും വരേയും വായനതുടര്‍ന്നു. വീട്ടിലെത്തി ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്തെഴുന്നേല്‍ക്കുംവരെയും കപ്പലിന് അസാധ്യമായ വേഗവും താളവുമായിരുന്നു....
ആദ്യ വായനയില്‍ മറ്റൊന്നുമോര്‍ക്കാതെ കഥയില്‍ മുഴുകി കഥയ്ക്കൊപ്പം ഒഴുകിപ്പോയതിനൊപ്പം കഥാകൃത്തിനേയും.. കഥാസന്ദര്‍ഭങ്ങളില്‍ വിദഗ്ദമായ് കൊരുത്തിട്ട ചരിത്രത്തെയും.. അതുമായുള്ള പരിചയവും ഞാന്‍ മറന്നു..
രണ്ടാം വട്ടം കാതില്‍മുഴങ്ങിയതത്രയും രണ്ടാംവര്‍ഷബിരുദക്ലാസുകളിലെ കേരളചരിത്രം പീരിയഡുകളായിരുന്നു.
ഏഴിമല നന്നല്‍ കൊലചെയ്ത പെണ്‍കൊടി... അവളുടെ ക്ഷേത്രം.. പകയുടെയെരുവുള്ള കല്ലുരുവം.. നീതിക്കല്ല്... മുളകരച്ച് തേയ്ക്കുന്ന വഴിപാട്....
പരണര്‍ ...
കപിലര്‍...
നന്നന്‍മാര്‍... കാലം സംസ്കാരം...
കഥാകൃത്തിന്‍റെ ശബ്ദത്തില്‍ കാതില്‍ മുഴങ്ങുന്നുണ്ടായിരുന്നു....
കൊലുന്പനിലൂടെ... ചിത്തിരയിലൂടെ.. മൈലനിലൂടെ വിടരുന്ന അടരുകളിലാകെ ചരിത്രം രേഖപ്പെടുത്താതെവിട്ടവരുടെ ,ഉള്ള്..ഉയിര്...
കഥയില്‍ നിന്നു പിരിച്ചെടുക്കാനാവാതെ,കഥാവലയത്തിലേയ്ക്ക് വലിച്ചടുപ്പിക്കുന്ന ചുഴി പോലെ
നിലകൊള്ളുന്ന ഭാഷയ്ക്ക് ദ്രാവിഡ തനിമയുടെ ചൂരും ചൂടും....
എങ്ങനെ പറഞ്ഞവസാനിപ്പിക്കണമെന്നറിയാത്ത വ്രത്യസ്തമായൊരു വായനാനുഭവം സമ്മാനിക്കുകയായിരുന്നു.
''നിലം പൂത്തു മലര്‍ന്ന നാള്‍'' (മനോജ് കുറൂര്‍)
നന്ദി സര്‍‍

Saturday, February 28, 2015

രംഗകലയും സാഹിത്യവും ദേശീയ സെമിനാര്‍


രംഗകലയും സാഹിത്യവും ദേശീയ സെമിനാര്‍ 


അങ്ങനെ കോളേജ് കലാലയമായി

കലാശാല, കലാലയം എന്നൊക്കെയാണ് കോളേജിനെ മലയാളത്തില്‍ പറയാറുള്ളത്. ഈ വിളിപ്പേരിനു കാരണമറിയില്ല. സാധാരണ പറയുന്ന അര്‍ത്ഥത്തിലുള്ള കലയും ഇന്നത്തെ കലാലയവുമായി കടലും കടലാടിയും തമ്മിലുള്ള ബന്ധമാണ് തോന്നാറുള്ളത്. സാഹിത്യവും കലയും പാഠ്യപദ്ധതിയുടെ ഭാഗമായി കൈകാര്യം ചെയ്യാറുണ്ടെന്നതു ശരിതന്നെ. എങ്കിലും അതിനു പരിമിതികളേറെയുണ്ട്. സോദാഹരണപ്രഭാഷണവും കലാവതരണവും കലാപ്രവര്‍ത്തകരുടെ പങ്കാളിത്തവുമൊക്കെയുണ്ടാവുമ്പോഴാണ് കലയ്ക്കു ജീവനുണ്ടാവുക. തൊഴിലിന്റെ ഭാഗമായി കലയെക്കുറിച്ചു സംസാരിക്കുന്ന പതിവുപരിപാടിക്കപ്പുറം കലയുടെ ജീവന്‍ തിരിച്ചുകിട്ടുന്നത് നിറഞ്ഞ സന്തോഷത്തോടെ അനുഭവിക്കുകയായിരുന്നു ഇന്നലെയും ഇന്നും.

ഇന്നലെയും ഇന്നും നാളെയുമായി ചങ്ങനാശ്ശേരി എന്‍ എസ് എസ് ഹിന്ദു കോളേജില്‍ മലയാളവിഭാഗത്തിന്റെ സാഹിത്യസാംസ്കാരികവേദിയായ പ്രജ്ഞാപഥത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സെമിനാറിനെക്കുറിച്ചാണു പറഞ്ഞുവന്നത്. 'രംഗകലയും സാഹിത്യവു'മാണ് വിഷയം. ഇന്നലെ രാവിലെകോളേജ് ഓഡിറ്റോറിയത്തിലെത്തുമ്പോള്‍ നിലത്തു കളമെഴുത്തും പാട്ടിനുള്ള വലിയൊരു കളം. കോളേജിലെ ജീവനക്കാരന്‍കൂടിയായ വാഴപ്പള്ളി പി കെ ശ്രീകുമാറാണ് മനോഹരമായ കളമെഴുതിയത് എന്നറിഞ്ഞപ്പോള്‍ അദ്ഭുതവും സന്തോഷവും ഇരട്ടിച്ചു. അപ്പോഴേക്കും സോപാനസംഗീതകലാകാരനായ കാവാലം വിനോദ് കുമാര്‍ എത്തി. ചലച്ചിത്രഗാനരചയിതാവും സുഹൃത്തുമായ ബി ആര്‍ പ്രസാദ് ഒരിക്കല്‍ വീട്ടില്‍ വന്നപ്പോള്‍ വിനോദ് കുമാറിനെക്കുറിച്ച് ആവേശത്തോടെ സംസാരിക്കുകയും ഞാന്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് അര മണിക്കൂറോളം സംസാരിക്കുകയും ചെയ്തിരുന്നു. സോപാനസംഗീതത്തിനുപയോഗിക്കുന്ന രാഗങ്ങളെക്കുറിച്ച് അവയുടെ സ്വരഘടനയുള്‍പ്പെടെ അദ്ദേഹം അന്നു പറഞ്ഞുതന്നപ്പോള്‍ മുതല്‍ നേരിട്ടു പരിചയപ്പെടാന്‍ കാത്തിരിക്കുകയായിരുന്നു. സോപാനസംഗീതം എന്നു പറയാറുണ്ടെങ്കിലും അതിന്റെ സാങ്കേതികവശങ്ങളെക്കുറിച്ചു ധാരണയുള്ളവര്‍തന്നെ കുറവാണ്. രാഗലക്ഷണവും രാഗവ്യത്യാസവുമൊക്കെ ഇന്ന് ഇതുപോലെ മറ്റാര്‍ക്കെങ്കിലും അറിയുമോ എന്നുതന്നെ സംശയമാണ് എന്നുകൂടി ഓര്‍മ്മിച്ചാലേ ഈ ചെറുപ്പക്കാരന്റെ പ്രസക്തി മനസ്സിലാവുകയുള്ളു. കളമെഴുതുന്നതില്‍ ശ്രീകുമാറിനുള്ള വൈദഗ്ദ്ധ്യത്തെക്കുറിച്ച് വിനോദ് കുമാര്‍ വാചാലനാവുകയും ചെയ്തു. അങ്ങനെ അദ്ദേഹവുമായി സംസാരിച്ചു നില്ക്കുമ്പോഴേക്കും ഉദ്ഘാടനസമ്മേളനം തുടങ്ങിയിരുന്നു.

മലയാളവിഭാഗം അധ്യക്ഷ ഡോ. രാജലക്ഷ്മി, കോളേജ് പ്രിന്‍സിപ്പല്‍ രാമചന്ദ്രന്‍ പിള്ള, സിന്‍ഡിക്കേറ്റ് അംഗം കെ വി നാരായണക്കുറുപ്പ്, സെമിനാര്‍ കോ-ഓര്‍ഡിനേറ്റര്‍ ജയകൃഷ്ണന്‍ വായ്പൂര് എന്നിവര്‍ സംബന്ധിച്ച യോഗത്തില്‍ എം. ജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യനാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. കളത്തിന്റെ പശ്ചാത്തലത്തില്‍ ഇടയ്ക്കാനാദത്തിന്റെ അകമ്പടിയോടെ നിലവിളക്കു തെളിഞ്ഞു. വിനോദ്കുമാര്‍ കളമെഴുത്തിന്റെ പാട്ട് അവതരിപ്പിച്ചു. തുടര്‍ന്ന്, അനുഷ്ഠാനകലയുടെ മാന്ത്രികമായ അന്തരീക്ഷത്തില്‍ ഉദ്ഘാടനപ്രസംഗം.

അപ്പോഴേക്കും മുഖ്യപ്രഭാഷകനായ കടമ്മനിട്ട വാസുദേവന്‍ പിള്ള വന്നുചേര്‍ന്നു.  സാറിനെ കാണുമ്പൊഴേ ഘനഗംഭീരശബ്ദത്തിലുള്ള പടയണിപ്പാട്ടിന്റെ വരികളും അവയുടെ ഈണവുംകൊണ്ടു മനസ്സു നിറയും. 'കാളുംതീയെരിന്ത കണ്ണില്‍' എന്നോ 'അര്‍ണോജമൂലപ്പൊരുളായ പന്ത'മെന്നോ ഒക്കെ നമ്മളും മൂളിപ്പോകും. വര്‍ഷങ്ങളായി പരിചയമുണ്ട്. പന്തളം കോളേജില്‍ സഹപ്രവര്‍ത്തകനായിരുന്നപ്പോള്‍ പലയിടങ്ങളില്‍ ഒരുമിച്ചു സംസാരിക്കാന്‍ പോയിട്ടുണ്ട്. കലാസംബന്ധിയായ കാര്യങ്ങളില്‍ തര്‍ക്കങ്ങള്‍ വരെയുണ്ടായിട്ടുണ്ട്. അങ്ങോട്ടുള്ള സ്നേഹബഹുമാനങ്ങളും ഇങ്ങോട്ടുള്ള വാത്സല്യവും ഒട്ടും കുറവില്ലെന്നു മാത്രം. ചൂട്ടുപടേണി എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവും ഗോത്രകലാപീഠമെന്ന പടയണിക്കളരിയുടെ ഭാരവാഹിയുമൊക്കെയായ ഞങ്ങളുടെ സഹപ്രവര്‍ത്തകന്‍ ഡോ. ബി. രവികുമാറിനുമുണ്ട് അദ്ദേഹവുമായി അടുത്ത ബന്ധം. വാസുദേവന്‍ പിള്ള സാര്‍ പതിവുപോലെ സംസാരിച്ചുതുടങ്ങി.

'ഫണിഗണമണിയുന്നോരീശ്വരന്റുണ്ണിയാകും...' കാലന്‍കോലത്തിന്റെ അവതരണത്തിനുള്ള ശ്ലോകമാണ്. മാര്‍ക്കണ്ഡേയചരിതം കഥയും കാലന്‍കോലത്തിന്റെ അവതരണപരമായ പ്രത്യേകതകളും താളത്തിന്റെ കണക്കുകളും നെഞ്ചത്തു പന്തം കുത്തിയ കടമ്മനിട്ടക്കവിതയും ദ്രാവിഡത്തനിമയുടെ അന്വേഷണവുമൊക്കെയായി അദ്ദേഹം  ഒരു പടയണിക്കളത്തിന്റെയോ കളരിയുടെയോ സാംസ്കാരികാന്തരീക്ഷംതന്നെ സൃഷ്ടിച്ചു.

അപ്പോഴേയ്ക്കും അടുത്ത അവതരണത്തിനായി കുറ്റൂര്‍ ഭൈരവി പടയണിസംഘം തയ്യാറായിക്കഴിഞ്ഞിരുന്നു. വാസുദേവന്‍ പിള്ള സാര്‍ കാലന്‍കോലത്തെക്കുറിച്ചാണു സംസാരിച്ചതെങ്കില്‍ പടയണിയെന്ന കലയെ ആകെ പരിഗണിച്ചുകൊണ്ടാണ് പ്രസന്നകുമാര്‍ തത്വമസിയും സംഘവും സോദാഹരണപ്രഭാഷണം അവതരിപ്പിച്ചത്. ഓരോ പാട്ടിന്റെയും ഈണത്തിലും താളത്തിലുമുള്ള പ്രത്യേകതകള്‍ പാട്ടുകള്‍ പാടിത്തന്നെ ലളിതമായി അവതരിപ്പിച്ച ഈ സെഷന്‍ പടയണിയുടെ അന്തരീക്ഷം നിലനിര്‍ത്തി. തപ്പുകൊട്ടിയ ശ്രേയസ്സ് ഈ കോളേജിലെ രണ്ടാം വര്‍ഷവിദ്യാര്‍ത്ഥിയായതുകൊണ്ട് ആ പരിഗണനയോടെയാണ് തപ്പുകൊട്ടു കേട്ടുതുടങ്ങിയത്. നാദത്തിനു തെളിച്ചവും കൊട്ടിന് ഉറപ്പുമുള്ള ഒന്നാംതരം വായന. ശ്രേയസ്സ് കോലം തുള്ളാനും മിടുക്കനാണ്. പിന്നീടു പുറത്തുവെച്ചു കണ്ടപ്പോള്‍ ചെണ്ടയും പഠിച്ചിട്ടുണ്ടെന്നറിഞ്ഞു.

ഉച്ച കഴിഞ്ഞ് സെമിനാറിന്റെ അടുത്ത ഭാഗം. തുള്ളല്‍ക്കലയിലെ ഇതിഹാസമായിരുന്ന മലബാര്‍ രാമന്‍ നായരുടെ സഹോദരപുത്രനും കേരളകലാമണ്ഡലം അധ്യാപകനും പ്രശസ്തതുള്ളല്‍ കലാകാരനുമായ കലാമണ്ഡലം പ്രഭാകരന്റെ സോദാഹരണപ്രഭാഷണം. ഓട്ടന്‍-ശീതങ്കന്‍-പറയന്‍ തുള്ളലുകളുടെ സവിശേഷതകള്‍ അദ്ദേഹം വിശദീകരിച്ചു. വേഷം, താളം, ചുവടുകള്‍ എന്നിവയില്‍ ഓരോ തുള്ളലിനുമുള്ള വ്യത്യാസങ്ങള്‍ വ്യക്തമാക്കാന്‍ അദ്ദേഹത്തിന്റെ മകളും എക്കണോമിക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ ഞങ്ങളുടെ സഹപ്രവര്‍ത്തകയുമായ പ്രവീണയും കൂടെക്കൂടി. പ്രവീണ മികച്ച തുള്ളല്‍ കലാകാരി കൂടിയാണ്. അച്ഛന്‍ പറയുന്നത് അഭിനയിച്ചു കാണിക്കുമ്പോഴും ഇടയ്ക്ക് അച്ഛന് അങ്ങോട്ടു നിര്‍ദ്ദേശങ്ങള്‍ കൊടുക്കുമ്പോഴുമൊക്കെ പ്രവീണ ഒരു ഓമനപ്പുത്രിയാകുന്നത് കൌതുകമുള്ള കാഴ്ചയായിരുന്നു. മൃദംഗം വായിച്ചത് പ്രവീണയുടെ സഹോദരന്‍ പ്രവീണ്‍ പ്രഭാകരനായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഒരു കലാകുടുംബസംഗമം!

തുടര്‍ന്ന് അരുണ്‍ ആര്‍ കുമാര്‍ കല്യാണസൌഗന്ധികം കഥ ശീതങ്കന്‍ തുള്ളലായിത്തന്നെ അവതരിപ്പിച്ചു. കലാമണ്ഡലം പ്രഭാകരന്‍ പിന്നണിയില്‍ പാടി. പാട്ടും അഭിനയവും താളപ്പിടിപ്പും സാരസ്യവുംകൊണ്ട് മികച്ച അവതരണമായിരുന്നു അരുണിന്റേത്.

അങ്ങനെ സെമിനാറിന്റെ ഒന്നാം ദിനം കഴിഞ്ഞു. സന്ധ്യയായി. പ്രഭാതമായി. ഇനി രണ്ടാം ദിവസം.

രാവിലെ കോളേജിലെത്തുമ്പോള്‍ കാവാലം നാരായണപ്പണിക്കര്‍ സാര്‍ നേരത്തെതന്നെ എത്തിയിട്ടുണ്ട്. അടുത്തുചെന്നു പരിചയം പുതുക്കി. പത്തു മണി മുതല്‍ തന്റെ സോപാനത്തിലെ കലാകാരന്മാരുടെ സഹകരണത്തോടെ നാടകത്തിന്റെ പാഠവും രംഗപാഠവും എന്ന വിഷയത്തില്‍ അദ്ദേഹത്തിന്റെ പ്രഭാഷണം. നാട്യശാസ്ത്രം മുതല്‍ ജാപ്പനീസ് തീയേറ്റര്‍ വരെ നീളുന്ന വായനയുടെയും രംഗവൃത്തിയുടെയും അനുഭവങ്ങള്‍. രസസിദ്ധാന്തവും സാധാരണീകരണവും ഇതര പൌരസ്ത്യരംഗവേദികളിലെ സങ്കേതങ്ങളുമൊക്കെ വിശദീകരിച്ച് പ്രൌഢമായ അവതരണം. പാശ്ചാത്യനാടകസങ്കല്പങ്ങളാണ് ഇവിടുത്തെ നാടകത്തിന്റെ വേരറുത്തുകളഞ്ഞത് എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ഭാസന്റെ മധ്യമവ്യായോഗത്തിലെ ചില ഭാഗങ്ങള്‍ സോപാനം കലാകാരന്മാര്‍ അവതരിപ്പിച്ചു കാണിച്ചു. അവര്‍ കാവാലത്തിന്റെ രചനകള്‍ ആലപിക്കുകയും ചെയ്തു.

തുടര്‍ന്ന് കാവാലം നാടകങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദര്‍ശനമായിരുന്നു. അതിന്റെ സംവിധായകനായ ശിവമോഹന്‍ തമ്പി ആമുഖമായി സംസാരിച്ചു. കാവാലം നാടകങ്ങളിലുപയോഗിക്കുന്ന സങ്കേതങ്ങളുടെയും അവതരണക്രമത്തിന്റെയും സവിശേഷതകള്‍ ദൃശ്യങ്ങളിലൂടെയും കാവാലത്തിന്റെതന്നെ വിശദീകരണത്തിലൂടെയും വ്യക്തമാക്കുന്ന തരത്തിലുള്ള മികച്ച കലാസൃഷ്ടിയാണ് Spacial Rhythm എന്നു പേരുള്ള ആ ഡോക്യുമെന്ററി. ചടുലമായ ദൃശ്യവിന്യാസവും കാവാലം നാടകങ്ങളിലൂടെ അഭിനയരംഗത്തുവന്ന നെടുമുടി വേണു ഉള്‍പ്പെടെയുള്ളവരുടെ നാടകാവതരണവുമൊക്കെയായി അര്‍പ്പണബോധത്തോടെ ചെയ്ത ഡോക്യുമെന്ററി കണ്ടു സമയം നീങ്ങിയതുതന്നെ അറിഞ്ഞില്ല.

ഉച്ച കഴിഞ്ഞ് സെമിനാര്‍ കഥകളിപ്പദങ്ങള്‍ക്കു വഴിമാറി. കഥകളിസംഗീതത്തിലെ ഭാവാവിഷ്കരണത്തെക്കുറിച്ചു സംസാരിച്ചത് ഈ കോളേജില്‍ ദീര്‍ഷകാലം മലയാളം അധ്യാപകനായി പ്രവര്‍ത്തിച്ച്, ഇപ്പോള്‍ പന്തളം കോളേജിന്റെ പ്രിന്‍സിപ്പല്‍ ആയ ഡോ. കെ എന്‍ വിശ്വനാഥന്‍ നായരാണ്. ഒരേ രാഗം പല പദങ്ങളില്‍ വിവിധഭാവങ്ങള്‍ ആവിഷ്കരിക്കാന്‍ ഉപയോഗിക്കുന്നതെങ്ങനെയെന്നും അതില്‍ താളങ്ങളുടെയും കാലപ്രമാണത്തിന്റെയും പങ്കെന്ത് എന്നും അദ്ദേഹം പാടിത്തന്നെ വ്യക്തമാക്കുന്നതു കണ്ടപ്പോള്‍ അദ്ഭുതം തോന്നി.

തുടര്‍ന്ന് കഥകളിപ്പദമാലിക. കലാനിലയം രാജീവന്‍, ശ്രീരാഗ് വര്‍മ്മ എന്നിവരാണു പാടിയത്. ഇരുത്തംവന്ന പാട്ടാണ് രാജീവന്റേതെന്ന് കഥകളിയാസ്വാദകര്‍ക്കറിയാം. ശ്രീരാഗ് നല്ല പിന്തുണ നല്കി. കലാമണ്ഡലം അച്യുതവാര്യരായിരുന്നു മദ്ദളത്തിന്. ചെണ്ടയുമായി കൂടെക്കൂടാന്‍ എനിക്കും അവസരം കിട്ടി. ചരിത്രവിഭാഗം അധ്യാപകനും നല്ലൊരു ആസ്വാദകനുമായ ഡോ. ഇ ബി സുരേഷ് കുമാര്‍ ഓരോ പദത്തിനും മുമ്പ് കഥാസന്ദര്‍ഭം, സാങ്കേതികമായ പ്രത്യേകതകള്‍ തുടങ്ങിയവയെക്കുറിച്ച് ആമുഖം നല്കിയത് കുട്ടികള്‍ക്ക് ആസ്വാദനം സുഗമമാക്കി.

അങ്ങനെ രണ്ടാം ദിനവും കഴിഞ്ഞു. ഡോ. ഇന്ദുലേഖയാണ് ഓരോ സെഷന്റെയും അനൌണ്‍സ്മെന്റിന്റെ ചുമതല ഏറ്റെടുത്തത്. മലയാളവിഭാഗം അധ്യക്ഷ ഡോ. രാജലക്ഷ്മി എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൂടെനിന്നു. മലയാളവിഭാഗത്തിലെ മറ്റദ്ധ്യാപകരും സംസ്കൃതവിഭാഗത്തിലെ കെ. ആര്‍ നാരായണനും ഓരോ സെഷന്‍ വീതം മോഡറേറ്റ് ചെയ്തു. കുട്ടികള്‍ ഓരോ സെഷനും വിലയിരുത്തി നന്ദി പറഞ്ഞു. നാളെ വിവിധകോളേജുകളിലെ അധ്യാപകരുടെയും ഗവേഷകരുടെയും പ്രബന്ധാവതരണങ്ങളാണ്.

അങ്ങനെയാണ് കലകളിലൂടെത്തന്നെ ഈ കോളേജ് കലാലയമായത്. ഏതോ പൂരപ്പറമ്പിലാണു ഞാനെന്നാണ് ഈ രണ്ടു ദിവസവും കരുതിയത്. കുട്ടികളെല്ലാവരും വലിയ ഉത്സാഹത്തോടെ പങ്കെടുത്തുകൊണ്ടിരിക്കുന്നു. രണ്ടു ദിവസം കഴിയുമ്പോള്‍ ഇതിത്രയ്ക്കു ഭംഗിയാകുവാന്‍ എല്ലാവരുടെയും സഹകരണംതന്നെയാണ് പ്രധാനകാരണം എന്നു തിരിച്ചറിയുന്നു. എങ്കിലും രണ്ടുപേരെ എടുത്തു പറയാതെ വയ്യ. ഒന്ന് തീര്‍ച്ചയായും സെമിനാര്‍ കോ- ഓര്‍ഡിനേറ്ററായ ജയകൃഷ്ണന്റെ തുടര്‍ച്ചയായ അധ്വാനമാണ്. ഓരോ കാര്യവും ജയകൃഷ്ണന്‍ നയചാതുരിയോടെ ശ്രദ്ധിച്ചു നടപ്പാക്കുന്നു. മറ്റൊന്ന് നോട്ടീസ് അടിക്കുന്നതിനുമുതല്‍ അതിഥികളെ സ്വീകരിക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും വരെ എന്തിനും ഏതിനും കുട്ടികളെക്കാള്‍ ഉത്സാഹത്തോടെ സെമിനാര്‍ നടത്തിപ്പിനായി ഓടിനടക്കുന്ന രവി സാറിന്റെ സഹായവും. മലയാളവിഭാഗത്തിലെയും മറ്റു ഡിപ്പാര്‍ട്ട്മെന്റുകളിലെയും മറ്റു കോളേജുകളിലെയും അധ്യാപകര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍...... എല്ലാവരുടെയും സഹകരണം കാണുമ്പോള്‍ സന്തോഷം തോന്നുന്നു.  ഈ രണ്ടു ദിവസം കലാലയത്തില്‍ സംഭവിച്ചതിന് ഔദ്യോഗിക ചുമതലയൊന്നുമില്ലെങ്കിലും എനിക്കു നന്ദി പറയാതെവയ്യ! കാരണമുണ്ട്. സ്വാഭാവികമായും മേല്പറഞ്ഞ വിശിഷ്ടാതിഥികളുടെ സാന്നിധ്യമാണ് ഒന്ന്. അവരുടെ മൂല്യത്തെപ്പറ്റി കലാരംഗം ശ്രദ്ധിക്കുന്നവരെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതില്ലല്ലൊ. മറ്റൊന്ന് ഈ കോളേജില്‍നിന്നുതന്നെയുള്ള കലാപ്രവര്‍ത്തകരുടെ പങ്കാളിത്തമാണ്. അവരവരുടെ മേഖലയില്‍ ശ്രദ്ധേയരാണെങ്കിലും അവരില്‍ പലരുടെയും കലാപ്രകടനം ഞാന്‍ നേരില്‍ കാണുന്നത് ആദ്യമായാണ്. അതിനാണ്  ഒട്ടും മാറ്റു കുറയാത്ത ഒരു സ്പെഷ്യല്‍ നന്ദി!

മനോജ് കുറൂര്‍