Tuesday, September 14, 2010

മുത്തശ്ശി

കര്‍മ്മഭാണ്ഡമെല്ലാ‍മൊഴിച്ചോര്‍മ്മതന്‍
ഭണ്ഡാരമെണ്ണിയെണ്ണി
ദിനരാത്രങ്ങളുടെ പോക്കുവരവുകളില്‍
കാലപ്പുഴയൊഴുകിപ്പതയ്ക്കുമേകാന്തത നുണഞ്ഞും
ഉമ്മറക്കോലായില്‍
സന്ധ്യചായുമ്പോള്‍ അന്തിത്തിരി തെറുത്തും
ഓട്ടുവിളക്കിന്നഗ്നിപ്രഭകളില്‍ നാമജപങ്ങള്‍ കൊരുത്തും
ഇരുളിന്റെ താളത്തില്‍ ആറുകാണ്ഡങ്ങള്‍ പാടിക്കേട്ടും
ഏകയായിന്നും മുത്തശ്ശി

മഹേഷ്. ജി

Wednesday, September 1, 2010

കണ്ണുനീരിന്റെ വിങ്ങല്‍

ഞാന്‍ ആ ഹൃദയത്തിന്റെ ഭാഗം ആയിരുന്നപ്പോള്‍ പാവം അതിനെ മനസ്സിലാക്കിയില്ല.
സ്നേഹിക്കലുകളും, സ്നേഹം നഷ്ടപ്പെടലുകളും, കണക്കു കൂട്ടലുകളും,സംഘര്‍ഷങ്ങളും,വീര്‍പ്പുമുട്ടലുകളും, വിങ്ങലുകളും കണ്ടു കണ്ടു സഹികെട്ടു.
ഹൃദയത്തിലിട്ടെന്നെ നീറ്റിക്കുറുക്കാതെ അറിയാതൊഴുകുന്ന ആ പ്രവാഹത്തില്‍ ഒരു തുള്ളിയായ് രക്ഷപെടാന്‍ അനുവദിച്ചിരുന്നങ്കില്‍.

ഒരു
നാള്‍ ആ പാവം ഹൃദയം എന്റെ ദു:ഖം മനസ്സിലാക്കി എന്നെയും പോകാനനുവദിച്ചു.

കണ്‍പോളകളില്‍ വന്നെത്തി നോക്കിയ ഞാന്‍ ഞെട്ടിപ്പോയി.

“ഇതാണോ ഞാന്‍ സമാധാനം കിട്ടും എന്നു സ്വപ്നം കണ്ട ലോകം?”
എന്റെ ആ ഹൃദയത്തിനുള്ളില്‍ ഞാന്‍ അനുഭവിച്ചിരുന്ന ആ സുഖം ,സമാധാനം എന്തായിരുന്നു എന്നു ഞാന്‍ അറിഞ്ഞു.

“നിറഞ്ഞുതുളുമ്പാന്‍ കഴിയില്ലാല്ലോ എനിക്ക്? തുളുമ്പിയാല്‍ ഞാന്‍ ഒരു തുള്ളിയായ് ഭൂമിയില്‍ വീണു ഉടഞ്ഞു പോകില്ലെ? തിരികെ ആ ഹൃദയത്തിലേക്കു വീണ്ടും ഒരു ദു:ഖമായ് പോകാനും വയ്യല്ലോ ?
ആ മിഴിത്തുമ്പില്‍ നിന്നും എനിക്കു മോചനം വേണ്ട,ആ പാവം ഹൃദയത്തിനു കാവലായ് ആ മിഴിയിണകള്‍ക്കുള്ളില്‍ കണ്ണുനീര്‍ കവചം ആയി നിന്നോളാം ഞാന്‍, നീയറിയാതെ,നിറയാതെ...തുളുമ്പാതെ...
                                                                ഉഷശ്രീ