Monday, September 9, 2013

അയ്യപ്പൻതീയാട്ട് ( കേശാദിപാദസ്തുതി )


പീലിചേർന്നു വിളങ്ങും പൊന്മുടിതൊഴുന്നേൻ
ഫലത്തിൽ മിന്നും നല്ല തിലകം കൈ തൊഴുന്നേൻ
വില്ലിനെ വെല്ലും നല്ല ചില്ലികൾ തൊഴുന്നേൻ
അല്ലിത്താരിനോടൊത്ത നയനങ്ങൾ തൊഴുന്നേൻ
എള്ളിൻപൂവിനോടൊത്ത തിരുനാസ തൊഴുന്നേൻ
അല്ലിത്താരിനോടൊത്ത നയനങ്ങൾ തൊഴുന്നേൻ
ബന്ധൂക കുസുമസമ,മധരവും തൊഴുന്നേൻ
വെണ്മുത്തിൻ തരമൊത്ത തിരുദന്തം തൊഴുന്നേൻ
വെണ്ണിലാവിനെ വെല്ലും സ്മിതവും കൈ തൊഴുന്നേൻ
കറുത്തതാടിയും മീശക്കൊടിയിണ തൊഴുന്നേൻ
കഴുത്തിൽ പൊന്മണിമാല കുഴലാരം തൊഴുന്നേൻ
വില്ലും ശരവുംചേർന്ന തിരുക്കൈകൾ തൊഴുന്നേൻ
നല്ലൊരു വിരിമാറുമുദരവും തൊഴുന്നേൻ
നീലപ്പട്ടുടയാട പൊൻ കാഞ്ചി തൊഴുന്നേൻ
ചേലെഴും പുറവടി വിരലും കൈതൊഴുന്നേൻ
താളത്തിലിണങ്ങുന്ന ചിൽമ്പൊലി തൊഴുന്നേൻ
മേളത്തിൽ വിലസുന്ന തിരുനൃത്തം തൊഴുന്നേൻ
മുടിതൊട്ടിങ്ങടിയോളം ഉടൽ കണ്ടു തൊഴുന്നേൻ
ഹരിഹരസുതനെ ഞാനടിയോളം തൊഴുന്നേൻ


ഭദ്രകാളിത്തീയാട്ട് (പാദാദികേശസ്തുതി )


ചെമ്പൊന്നിൻ പുറവടി വിരലോ കൈതൊഴുന്നേൻ
ചേവടിത്തളിരോ കാൽവിരൽചെപ്പു തൊഴുന്നേൻ
തുമ്പിക്കൈ തരമൊത്ത തിരുത്തുട തൊഴുന്നേൻ
തുകിൽ പട്ടിന്മറമെൽ പൊന്നുടഞാണും തൊഴുന്നേൻ
അരയാലിന്റിലയൊത്തോരുദരം കൈതൊഴുന്നേൻ
അലർശർവടിവോ മൽച്ചുഴിവോ കൈതൊഴുന്നേൻ

മേരുക്കുന്നിനെ വെന്ന തിരുമുല തൊഴുന്നേൻ
മേളം താലിയോ മാർവ്വിൽ മണിമാലതൊഴുന്നേൻ
തൃക്കൈകൊണ്ടിളകും നാന്ദകം വാളുതൊഴുന്നേൻ
തെളിവിൽ വട്ടകശൂലം തലയോ കൈതഴുന്നേൻ
കുരലാരങ്ങളും പാമ്പും കളികണ്ടു തൊഴുന്നേൻ

കുഴകാതിലണിഞ്ഞ കുണ്ഡലം കുംഭി തൊഴുന്നേൻ
വളഞ്ഞുള്ളോരെകിറൊ പല്ലൊടു നാവു തൊഴുന്നേൻ
വട്ടക്കണ്ണൊടുനെറ്റി കനൽക്കണ്ണു തൊഴുന്നേൺ
മുട്ടച്ചാന്തണിയുന്ന തിരുനെറ്റി തൊഴുന്നേൻ
വണ്ടിൻ ചായലോടൊത്ത കുറുനിര തൊഴുന്നേൺ

വട്ടത്തിൽ വിളങ്ങുന്ന തിരുമുഖം തൊഴുന്നേൻ
മഴക്കാറൊടിരുളൊത്ത തിരുമുടി തൊഴുന്നേൻ
അടിയിന്നു മുടിയോളമുടൽകണ്ടു തൊഴുന്നേൻ
അഴലേരും ഭഗവതിയെ ദിവസം കൈ തൊഴുന്നേൻ