Sunday, August 29, 2010

കവിത വില്‍ക്കാന്‍ വന്നപെണ്‍കുട്ടി

നിനച്ചിരിക്കാതെയാണ് അവള്‍ ഞങ്ങളുടെ ഇടയിലേക്കു കയറിവന്നത്. അലസമായി ചുരിദാര്‍ അണിഞ്ഞ് തോളില്‍ തൂക്കിയ സഞ്ചിയില്‍ നിറയെ കവിതകളുമായി.. നിസ്സഹായതകള്‍ക്കിടയിലും അവളുടെ കണ്ണുകളില്‍ പ്രതിഭയുടെ ആഴക്കടല്‍ ഇരമ്പുന്നത് കണ്ടിട്ടാവണം ഞാന്‍ അമ്പതുരൂപ കൊടുത്ത് അവളുടെ ആദ്യത്തെ കവിതകള്‍ വാങ്ങി. ഒരെണ്ണം രമടീച്ചറും വാങ്ങി....ആരോടും പരിഭവമില്ലാതെ അവള്‍ മുറിയിറങ്ങിപ്പോയി.
..................................................................................................................................
ഇപ്പോള്‍ രാത്രി ഏറെ വൈകിയിരിക്കുന്നു
ആ കവിതയിലെ ഓരോ വരികളും ഈ ഉത്രാടരാത്രിയില്‍ നിദ്രവിട്ടെന്നോടൊപ്പം  ഉണര്‍ന്നിരിക്കുകയാണ്..
*************
മറ്റൊരാള്‍ കേള്‍ക്കാനല്ലാതര്‍ത്ഥമാരായാതൊറ്റ
പ്പക്ഷിനിന്‍ നിഴല്‍ക്കൊമ്പില്‍ പാടുമ്പോള്‍ ജനല്‍വിരി
അല്പമൊന്നുയര്‍ത്തി ഞാന്‍ - സ്വന്തമെന്നോര്‍ത്തിട്ടാവാം
അസ്ഫുടശബ്ദത്തിലാ ഗാനമൊന്നാവര്‍ത്തിച്ചു
***********************************
ചുംബനംചോദിച്ചു വങ്ങുന്ന പൂവുകള്‍
സന്ധ്യയെപ്പൊലെ ചുവന്നതാണെങ്കിലും
പച്ചിലച്ചാര്‍ത്താല്‍ പരാഗരേണുക്കളെ
കെട്ടിപ്പിടിച്ചണച്ചീടുന്നുവെങ്കിലും
എന്നും നിലാവതിന്‍ കൊമ്പത്തു പട്ടിളം
കുഞ്ഞുതൂവാല വിരിച്ചിടുന്നെങ്കിലും
എത്രയേകാന്തമാണെന്‍ വിഷാദമാം
പക്ഷികള്‍ വന്നു ചേക്കേറുമിപ്പൂമരം
**********************************

ക്ലൈമാക്സ്
യാത്ര പറഞ്ഞിറങ്ങും മുമ്പ് അവള്‍ ചോദിച്ചു..എനിക്ക്  എം ഏ  മലയാളത്തിന് അഡ് മിഷന്‍ തരുമോ..?
താന്‍ എന്തു വരെ പഠിച്ചിട്ടുണ്ട്..?..ഞങ്ങള്‍ ഗൌരവത്തില്‍ ചോദിച്ചു.
എം ബി ബി എസ് ഫൈനല്‍ പരീക്ഷ  എഴുതിയിട്ടു നില്‍ക്കുവാ...അഡ് മിഷന്‍ തരുമോ..?

അവള്‍ ഡോക്ടറായിരുന്നതു കൊണ്ടാവണം ഞങ്ങള്‍ക്കു പെട്ടെന്നുതന്നെ ബോധം വീണ്ടുകിട്ടി.

ബി.രവികുമാര്‍

2 comments:

  1. ശാന്തി ജയകുമാര്‍ എന്ന പ്രതിഭാശാലിയായ ഈ കൊച്ചുപെണ്‍കുട്ടി
    ആലപ്പുഴ റ്റി.ഡി.മെഡിക്കല്‍ കോളജില്‍ എം ബി ബി എസ് ഫൈനല്‍ പരീക്ഷ എഴുതി റിസല്‍ട്ടിനായിക്കാത്തിരിക്കുന്നു.

    ReplyDelete
  2. സത്യത്തില്‍ ഈ പോസ്റ്റ് വായിച്ചപ്പോള്‍ കണ്ണുനിറഞ്ഞു.മലയാളസാഹിത്യത്തിനു ഈ കവയത്രിയേ നഷ്ടമാകുമോ എന്നോര്‍ത്ത്.
    അവിശ്വസനീയം എന്നു തോന്നിയില്ല ആ കുട്ടീടെ ആഗ്രഹം ,
    അവിശ്വസനീയമായി തോന്നി ആ കുട്ടീടെ വിദ്യാഭാസയോഗ്യത, കവിത....
    നല്ല പോസ്റ്റ് രവീ.....
    പ്രജ്ഞാപഥത്തിന് എല്ലാ ആശംസകളും

    ReplyDelete