Tuesday, August 31, 2010

അഞ്ച് കത്തുകള്‍

എന്റെ ആദ്യത്തെക്കത്ത്
അക്ഷരത്തെറ്റിന്റെ പ്രണയത്തിനായിരുന്നു
വെട്ടിയും കുത്തിയും ഞാനതു വികൃതമാക്കി

എന്റെ രണ്ടാമത്തെക്കത്ത് ഹോസ്റ്റലിലെ ഏകാന്തതയില്‍ നിന്ന്
അമ്മയുടെ എണ്ണമയം പുരണ്ട കൈകളിലേക്കുള്ളതായിരുന്നു
ഹോസ്റ്റലിലെ വാര്‍ഡനും സൌഹൃദങ്ങളും അമ്മയ്ക്കുള്ള കത്തിനെ റാഗ് ചെയ്തു.

എന്റെ മൂന്നമത്തെക്കത്ത്
മഞ്ഞുമലകളുടെ തണുപ്പില്‍ നിന്ന്
അവളുടെ ചൂടുള്ള ഓര്‍മ്മയെ തട്ടിയുണര്‍ത്തുന്നതായിരുന്നു
പക്ഷേ ശത്രുസേനയുടെ തോക്കുകള്‍  അതില്‍ നിറയെ തുളകള്‍ വീഴ്ത്തിയിരുന്നു

എന്റെ നാലാമത്തെക്കത്ത്
അടര്‍ന്നുപോയ വൃദ്ധസദനത്തിന്റെ മതിലുകള്‍ക്കപ്പുറത്തേക്ക്
നോക്കാന്‍ കൊതിക്കുന്നതായിരുന്നു
പഴകിയ വാക്കുകള്‍കൊണ്ട്  ഞാനവര്‍ക്ക് എഴുതി
പക്ഷേ വഴിയിലെവിടെവെച്ചോ ഹൃദയസ്തംഭനം വന്ന് കത്തു കുഴഞ്ഞുവീണ്
മരിച്ചെന്ന് പിറ്റേന്നാണ് ഞാന്‍ അറിഞ്ഞത് .
കത്തുകള്‍ ആരോ ചവച്ചുതുപ്പിയ കടലാ‍സുകളാണെന്ന്
അന്നാരോ പറഞ്ഞത്  ഞാന്‍ നേരത്തെ ഓര്‍ത്തിരുന്നെങ്കില്‍........


 അഞ്ചാമത്തെക്കത്ത്
ഞാന്‍ ആദ്യമേ എഴുതിയേനേ










രാഹുല്‍ ജി നായര്‍
ബി.എ മലയാളം (ഒന്നാം വര്‍ഷം)

No comments:

Post a Comment