Tuesday, August 31, 2010

വേര്‍പാടുകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്

ഈ യാത്രയില്‍ വഴിമാ‍റിപ്പോയ ഏതു യാത്രികരാണ്
സ്വപ്നങ്ങളില്‍ കൂട്ടാവുന്നത്
ആരാണ്  ഈ വഴികളില്‍ യഥാര്‍ത്ഥത്തില്‍ അകലങ്ങള്‍ തീര്‍ക്കുന്നത്

മുള്‍വഴികളില്‍ കൂടെ നില്‍ക്കുന്നവര്‍
പ്രണയം തന്ന് ഒടുങ്ങുന്നവള്‍
വഴി തുറന്ന അഛന്‍
കാത്തിരുന്ന അമ്മ... പിന്നെ
ചിറകുവിടര്‍ത്തി നില്‍ക്കുന്ന ജ്ഞാനവൃക്ഷങ്ങള്‍
ഇവരല്ലാതെ ആരാണ് നമ്മുടെ യാത്രകളെ സനാഥമാക്കുന്നത്

നെല്ലിക്കല്‍  അനുസ്മരണത്തില്‍ ഈ കവിത ചൊല്ലുന്ന ഹരി











രണ്ട്
കവിയെ യാത്രയാക്കാന്‍ വലിയ ആള്‍ക്കൂട്ടം പ്രതീക്ഷിച്ചിരുന്നു
രാഷ്ട്രീയക്കാര്‍, മാധ്യമങ്ങള്‍,  സാഹിത്യനായകന്മാര്‍...

ജീവിച്ചിരിക്കുമ്പോള്‍ ആളെക്കൂട്ടാന്‍ കഴിയാതിരുന്നതിനാലാവാം
വീട്ടുകാര്‍ ഏര്‍പ്പടുചെയ്ത സെക്യൂരിറ്റിക്കാര്‍
മരത്തണലില്‍ വിശ്രമിച്ചു.
അറിവിന്റെ ദൂരങ്ങള്‍ ഏറെ താണ്ടിയവന്റെ ധാര്‍ഷ്ട്യങ്ങള്‍ തിരിച്ചറിഞ്ഞവര്‍
അവരൊക്കെ ഉണ്ടായിരുന്നിരിക്കണം
കവി എഴുന്നേറ്റുവന്ന് കവിതയെപ്പറ്റി സാഹിത്യത്തെപ്പറ്റി
സിദ്ധാന്തങ്ങളെപ്പറ്റി
കാവ്യമ്പോല്‍ .... പറയുമെന്നുകരുതി

മൂന്ന്

ഒറ്റപ്രതിപോലും അവശേഷിക്കാത്ത 
ഒരു മഹാഗ്രന്ഥം തീപ്പെട്ടതുപോലെ
ഒരു നിലവിളിക്കും തിരിച്ചുനല്‍കാനാകാത്ത എന്തോ ഒന്ന്
വെളിച്ചം നഷ്ടപ്പെട്ട യാത്ര

ഓരോ വിയോഗവും
നമ്മെ എന്തെങ്കിലും ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കും

കെ.ജി.ഹരികൃഷ്ണന്‍

1 comment:

  1. ജീവിച്ചിരിക്കുമ്പോള്‍ ആളെക്കൂട്ടാന്‍ കഴിയാതിരുന്നതിനാലാവാം
    വീട്ടുകാര്‍ ഏര്‍പ്പടുചെയ്ത സെക്യൂരിറ്റിക്കാര്‍
    മരത്തണലില്‍ വിശ്രമിച്ചു.....
    ജീവിച്ചിരിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പാണ് ഈ വരികള്‍ ...

    എല്ലാ വരികളിലും ഒരു പ്രതിഭ നിറഞ്ഞു നില്‍ക്കുന്നു.
    നെല്ലിക്കല്‍മുരളി എന്ന കവിയും ഹരി എന്ന കവിയും

    ആശംസകള്‍

    ReplyDelete